പനജി: 'ഗോവ ഫസ്റ്റ് എന്നത് കേവലം ഒരു രാഷ്ട്രീയ സഖ്യമല്ല. ഇത് വിജയിക്കും. ഞങ്ങളുടെ സ്വന്തം ശക്തിയിൽ ഒരു സർക്കാർ രൂപവത്കരിക്കും. ഗോവയിലെ ജനങ്ങളോട് നീതിപുലർത്തുന്ന വിശ്വസനീയവും സത്യസന്ധവുമായ ഒരു സഖ്യമാണിത്' ഗോവയിൽ പുതിയ സഖ്യത്തിന് തുടക്കമിട്ട് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വിജയ് സർദേശായിയുടെ നേതൃത്വത്തിലുള്ള ഗോവ ഫോർവേഡ് പാർട്ടിയുമായിട്ടാണ് (ജി.എഫ്.പി) എഎപി ഞായറാഴ്ച സഖ്യം പ്രഖ്യാപിച്ചത്.

To advertise here,

2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് 'ഗോവ ഫസ്റ്റ്' എന്ന പേരിൽ എഎപി-ജിഎഫ്പി സഖ്യം പിറന്നിരിക്കുന്നത്. കൂറുമാറ്റത്തിന് പേരുകേട്ട സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കില്ലെന്ന പ്രചാരണായുധമേന്തിയാണ് കെജ്രിവാളിന്റെ പുറപ്പാട്.

തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ ബിജെപി മറ്റു പാർട്ടികളിൽനിന്ന് എംഎൽഎമാരെ കൂട്ടത്തോടെ അടർത്തിയെടുക്കുന്നത് ചൂണ്ടിക്കാട്ടിയ കെജ്രിവാളും വിജയ് സർദേശായിയും കൂറുമാറ്റക്കാരുടെ സർക്കാരാണ് കഴിഞ്ഞ കുറച്ചുകാലമായി അധികാരത്തിലെന്നും ആരോപിച്ചു.

'ഇന്ന്, ആദ്യമായി 'ഗോവ ഫസ്റ്റ്' എന്ന രൂപത്തിൽ ഒരു ബദൽ ഉയർന്നുവന്നിരിക്കുന്നു. ബി.ജെ.പിയോ കോൺഗ്രസോ അല്ലാത്ത ഒരു സഖ്യം, ബി.ജെ.പിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും കോൺഗ്രസിന്റെ വഞ്ചനകളിൽ മടുത്തവർക്കും ഇതിനെ പിന്തുണയ്ക്കാം', കെജ്രിവാൾ പറഞ്ഞു.

ഗോവയിലെ കഴിഞ്ഞകാല തിരഞ്ഞെടുപ്പ് ഫലങ്ങളും ശേഷമുണ്ടായ നാടകീയതകളും മുൻനിർത്തിയാണ് കൂറുമാറ്റം കെജ്‌രിവാൾ പ്രധാന പ്രചാരണ ആയുധമാക്കിയിരിക്കുന്നത്.

2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി മാറിയപ്പോൾ ബിജെപിക്ക് 13 സീറ്റുകളാണ് ലഭിച്ചത്. എന്നിട്ടും കോൺഗ്രസിന് സർക്കാർ രൂപവത്കരിക്കാൻ സാധിച്ചിരുന്നില്ല. ജിഎഫ്പി മേധാവി വിജയ് സർദേശായിയെ ഉപമുഖ്യമന്ത്രിയാക്കിക്കൊണ്ട്, ബിജെപി പ്രാദേശിക പാർട്ടികളുമായും സ്വതന്ത്രരുമായും ചേർന്ന് സർക്കാർ രൂപവത്കരിച്ചു. 2019 ജൂലായിയിൽ 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. അതോടെ ബിജെപിയുടെ അംഗസംഖ്യ 27 ആയി ഉയരുകയും അവർക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. 17 എംഎൽഎമാരുമായി നിയമസഭയിലെത്തിയ കോൺഗ്രസ് ഒടുവിൽ അഞ്ച് പേർ മാത്രമായി ചുരുങ്ങി. തുടർന്ന് 2022-ലെ തിരഞ്ഞെടുപ്പ് വന്നു. ഇത്തവണ തൂക്കുസഭയിൽ 20 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കോൺഗ്രസ് 11 സീറ്റും ആം ആദ്മി പാർട്ടി രണ്ടുസീറ്റും ജിഎഫ്പി ഒരുസീറ്റും നേടി. രണ്ട് സ്വതന്ത്രരുടെയും എംജിപിയുടെയും പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിച്ചു. എന്നാൽ, ആറു മാസത്തിനുശേഷം, കോൺഗ്രസിന്റെ 11 എംഎൽഎമാരിൽ എട്ടുപേരും ബിജെപിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും അന്ന് പ്രതിപക്ഷ നേതാവായിരുന്ന മൈക്കിൾ ലോബോയും അവരിൽ ഉൾപ്പെടുന്നു. കോൺഗ്രസിന്റെ അംഗബലം വെറും മൂന്ന് എംഎൽഎമാരായി കുറഞ്ഞപ്പോൾ, ബിജെപിയുടെ അംഗസംഖ്യ 28 ആയി ഉയർന്നു.

2019-ലെ കൂറുമാറ്റത്തിന് പിന്നാലെ സ്ഥാനാർഥികളെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിച്ചായിരുന്നു കോൺഗ്രസ് 2022-ലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ഇതെല്ലാം കാറ്റിൽപ്പറത്തിയായിരുന്നു തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന രണ്ടാമത്തെ കൂറുമാറ്റം. ഇത്തരമൊരു സാഹചര്യത്തിലാണ് ബിജെപി ഇതര വോട്ടുകൾ ലക്ഷ്യമിട്ടുകൊണ്ടുള്ള കെജ്രിവാളിന്റെ പുതിയ സഖ്യം. ഗോവ ഫസ്റ്റ് എന്നത് ഒരു അടഞ്ഞ ക്ലബ്ബല്ലെന്നും തുറന്നിട്ടിരിക്കുകയാണെന്നും വിജയ് ദേശായ് പറഞ്ഞു.