ന്യൂഡൽഹി: തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്ന സംഭവത്തിൽ വിശദീകരണവുമായി ഡിജിസിഎ. വിമാനത്തിന്റെ കാലാവസ്ഥാ റഡാറിൽ പ്രവർത്തനത്തകരാർ കണ്ടതിനാലാണ് വിമാനം ചെന്നൈയിലേക്കു തിരിച്ചുവിട്ടതെന്ന് ഡിജിസിഎ അറിയിച്ചു. ചെന്നൈയിൽ വിമാനം ആദ്യം ലാൻഡ് ചെയ്യാതിരുന്നത് എടിസിയുടെ നിർദേശമനുസരിച്ചാണെന്നും റൺവേയുടെ ഇടതുവശത്ത് ചില പാഴ്‌വസ്തുക്കൾ ഉണ്ടെന്ന വിവരത്തെത്തുടർന്നാണ് ലാൻഡിങ്ങിന് അനുമതി നിഷേധിച്ചതെന്നും വ്യക്തമാക്കി.

To advertise here,

വെതർ റഡാർ ശരിയായ രീതിയിൽ പ്രവർത്തുക്കുന്നില്ലെന്ന സംശയം വൈമാനികർക്കുണ്ടായി. തുടർന്ന്‌ വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. റൺവേയിൽ പാഴ്‌വസ്തുക്കൾ ഉണ്ടായിരുന്നതിനാലാണ് ചെന്നൈയിലെ ആദ്യ ലാൻഡിങ് ശ്രമം ഉപേക്ഷിച്ചതെന്ന് എയർ ഇന്ത്യയും വക്തമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ സുരക്ഷിതാരായി ഡൽഹിയിൽ എത്തിച്ചതായും എയർ ഇന്ത്യ പറയുന്നു.

ചെന്നൈ വിമാനത്താവളത്തിലെ അടിയന്തരലാൻഡിങ്ങിനിടെ വലിയ ദുരന്തത്തിൽനിന്ന് വിമാനം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും സുരക്ഷാ വീഴ്ചയുണ്ടായില്ലെന്ന എയർ ഇന്ത്യയുടെ വാദം കള്ളമാണെന്നും കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.

ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അതിന്റെ ഭവിഷ്യത്തുകൾ കെ.സി. വേണുഗോപാൽ നേരിടണമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. യാത്രാനിരോധനം പോലുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും അമിത് മാളവ്യ പറഞ്ഞു.

എന്നാൽ, താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അതിന് മറ്റൊരു നിറം നൽകാനാണ് ബിജെപി ശ്രമിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു. ഇത് ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സംഭവത്തിൽ വിശദാന്വേഷണം വേണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.