ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല. കന്നിയങ്കത്തിൽ ടിവികെ അധികാരത്തിലെത്തുകയും വിജയ് മുഖ്യമന്ത്രിയാവുകയും ചെയ്തതിനു പിന്നാലെ പ്രതിപക്ഷ പാർട്ടികൾക്കുള്ളിൽ വിള്ളൽ വീഴുന്നതായി റിപ്പോർട്ട്. ആദ്യം ഇന്ത്യാസഖ്യത്തിൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ എഐഎഡിഎംകെയ്ക്കുള്ളിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമി ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ച സമയത്ത് വിമത നേതാക്കൾ എംഎൽഎമാരുടെ യോഗം വിളിച്ചതായാണ് റിപ്പോർട്ട്. എടപ്പാടി പളനി സ്വാമി രാജിവെക്കണമെന്ന് ഒരു കൂട്ടം എംഎൽഎമാരും ആവശ്യപ്പെട്ടതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയിൽനിന്ന് കടുത്ത സമ്മർദ്ദം ഉയർന്നിട്ടും ഇപിഎസ് രാജിവെക്കാൻ തയ്യാറല്ലെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്.
47 എംഎൽഎമാരാണ് എഐഎഡിഎംകെയ്ക്കുള്ളത്. സത്യപ്രതിജ്ഞയ്ക്കായി ഇവർ നിയമസഭയിൽ എത്തിയത് രണ്ട് സംഘങ്ങളായിട്ടാണ്. 11 പേരടങ്ങുന്ന ഒരു സംഘം എടപ്പാടി പളനിസ്വാമിക്കൊപ്പവും 36 പേരടങ്ങുന്ന മറ്റൊരു സംഘം മുതിർന്ന നേതാവ് സി.വി. ഷൺമുഖനും എസ്.പി. വേലുമണിക്കുമൊപ്പമാണ് എത്തിയതെന്ന് ന്യൂസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
എടപ്പാടി പളനി സ്വാമിക്കു കീഴിൽ നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള നാല് തിരഞ്ഞെടുപ്പുകളിൽ പാർട്ടി തുടർച്ചയായി കനത്ത തോൽവി ഏറ്റുവാങ്ങിയതിൽ നേതാക്കൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. ഇതേച്ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കങ്ങളും ഉടലെടുത്തതായാണ് വിവരം. പാർട്ടി നേതൃപദവിയിൽനിന്ന് ഒഴിയാൻ എടപ്പാടി പളനി സ്വാമിയോട് ഷൺമുഖം ആവശ്യപ്പെട്ടുവെന്നും എന്നാൽ അദ്ദേഹം ഇതംഗീകരിച്ചില്ലെന്നും പാർട്ടിവൃത്തങ്ങൾ പറയുന്നു. വിശ്വാസ വോട്ടെടുപ്പിൽ ഷൺമുഖവും എസ്.പി. വേലുമണിയും അടങ്ങുന്ന എംഎൽഎമാരുടെ വിമത സഖ്യം ടിവികെയെ പിന്തുണക്കാൻ തീരുമാനിച്ചിരുന്നുവെന്നുള്ള അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു.
തമിഴ്നാട്ടിൽ അപ്രതീക്ഷിത രാഷ്ട്രിയ സംഭവ വികാസങ്ങൾക്കായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാക്ഷ്യം വഹിച്ചിരുന്നത്. നടൻ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ 108 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഭരണത്തിലെത്താൻ പ്രതിസന്ധി നേരിട്ടു. തുടർന്ന് ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണി വിട്ട് കോൺഗ്രസ് ടിവികെയുമായി കൈകോർത്ത് പിന്തുണ നൽകി. ഇതേച്ചൊല്ലി ഡിഎംകെയ്ക്കുള്ളിലും ഇന്ത്യാസഖ്യത്തിലും അസ്വാരസങ്ങളുടലെടുത്തിരുന്നു. ഡിഎംകെ സഖ്യകക്ഷികളായ സിപിഎം, സിപിഐ, മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികൾ പിന്നീട് ടിവികെയ്ക്ക് പിന്തുണയുമായെത്തിയതോടെയാണ് വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ എഐഡിഎംകെയിലും ഭിന്നത രൂക്ഷമായിരിക്കുന്നത്.
Content Highlights: 36 AIADMK MLAs have formed a dissident faction against Edappadi Palaniswami., The revolt follows consecutive election losses under EPS leadership., Key leaders C.V. Shanmugam and S.P. Velumani are leading the dissident group., Tamil Nadu political landscape shift following Vijay's TVK party formation of government., Speculation regarding potential support for the TVK government by the dissident faction.
Published: 11 May 2026, 03:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented