ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ടുകള്‍ കണ്ടെത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ എഐ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനൊരുങ്ങുന്നു. പ്രത്യേക തീവ്രപരിശോധന നടക്കുന്ന 12 സംസ്ഥാനങ്ങളിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുക. സോഫ്റ്റ്‌വെയറിന് മുഖം തിരിച്ചറിയാനാവുമെന്നതിനാല്‍, ഇരട്ട വോട്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു.

To advertise here,

വോട്ടര്‍ ഡേറ്റാബേസിലെ ഫോട്ടോകളിലുള്ള മുഖസാമ്യം വിശകലനം ചെയ്യുന്നതുവഴി, ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാജവോട്ടര്‍മാരെ കണ്ടെത്താന്‍ സഹായിക്കും. ഫേഷ്യല്‍ മാച്ചിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക. എങ്കിലും പരിശോധനാ പ്രക്രിയയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) തന്നെയായിരിക്കും പ്രധാന പങ്ക് വഹിക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഫോമുകള്‍ തങ്ങളുടെ സാന്നിധ്യത്തിലാണ് പരിശോധിച്ചതെന്ന് സ്ഥിരീകരിക്കുന്ന കൈയെഴുത്തിലുള്ള പ്രസ്താവനകള്‍ ബിഎല്‍ഒമാര്‍ വോട്ടര്‍മാരില്‍നിന്ന് വാങ്ങുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ബംഗാളില്‍ എന്യൂമറേഷന്‍ ഫോം വിതരണം, ശേഖരണം, ഡിജിറ്റൈസേഷന്‍ എന്നിവ നവംബറോടെ പൂര്‍ത്തിയാകുമെന്ന് അഗര്‍വാള്‍ പറഞ്ഞു.

എസ്‌ഐആര്‍ ജോലിയുടെ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ തിങ്കളാഴ്ച പശ്ചിമബംഗാളിലേതുള്‍പ്പെടെ 12 സിഇഒമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.