
ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്ക കേസില്‍ അന്തിമ വിധി പ്രഖ്യാപനത്തിന് ശേഷം സുപ്രീംകോടതി ബെഞ്ചിലെ അംഗങ്ങള്‍ ആഡംബര ഹോട്ടലില്‍ ഒത്തുകൂടിയതായി വെളിപ്പെടുത്തല്‍. ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയി, വിധിപറഞ്ഞ ബെഞ്ചിലെ തന്റെ സഹപ്രവര്‍ത്തകർക്ക് ഹോട്ടല്‍ താജ് മാന്‍സിങ്ങില്‍ വിരുന്ന് നല്‍കിയതായാണ് വെളിപ്പെടുത്തല്‍. നിലവിലെ രാജ്യസഭാംഗം കൂടിയായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി 'ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ്' എന്ന തന്റെ ആത്മകഥയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആത്മകഥയില്‍ അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാനവും വിവാദപരവുമായ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. 2018-ല്‍ സുപ്രീംകോടതിയിലെ നാല് സുപ്രധാന ജഡ്ജിമാര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനം, തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം, കൊളീജിയത്തിന്റെ ഭാഗമായിരുന്ന ഘട്ടത്തിലെടുത്ത തീരുമാനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആത്മകഥയില്‍ വിശദമാക്കുന്നുണ്ട് ഗൊഗോയ്.
അയോധ്യാ വിധി പ്രസ്താവിച്ച അന്നത്തെ സായാഹ്നം സംബന്ധിച്ച് ഗൊഗോയ് ഇങ്ങനെ എഴുതി: 'വിധി പ്രസ്താവത്തിന് ശേഷം ഒന്നാം നമ്പര്‍ കോടതിക്ക് പുറത്തുള്ള ജഡ്ജിമാരുടെ ഗാലറിയില്‍ അശോകചക്രത്തിന് താഴെയായി സെക്രട്ടറി ജനറല്‍ ഒരു ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചു. അന്ന് വൈകുന്നേരം, ജഡ്ജിമാരെ അത്താഴത്തിന് താജ് മാന്‍സിങ് ഹോട്ടലിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണം കഴിച്ചു. ഒപ്പം അവിടെയുള്ളതില്‍ ഏറ്റവും മികച്ച ഒരു ബോട്ടില്‍ വൈനും പങ്കിട്ടു. കൂട്ടത്തില്‍ മുതിര്‍ന്നവന്‍ ഞാനായതിനാല്‍ ബില്ല് ഞാന്‍ നല്‍കി'.
ഗൊഗോയിയുടെ നേതൃത്വത്തിലുള്ള, അയോധ്യാ വിധിപ്രസ്താവം നടത്തിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ബോബ്‌ഡെ പിന്നീട് ചീഫ് ജസ്റ്റിസായാണ് വിരമിച്ചത്.
ജസ്റ്റിസ് അഖില്‍ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനു പകരം ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനുള്ള ശുപാര്‍ശ പിന്‍വലിക്കാനുള്ള കൊളീജിയത്തിന്റെ തീരുമാനത്തെ കുറിച്ചും ഗൊഗോയ് പറയുന്നുണ്ട്. 'ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാ'ണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
'2019 മെയ് 10-ന് ജസ്റ്റിസ് ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. കൂടിയാലോചനാ പ്രക്രിയയില്‍, 2019 ഓഗസ്റ്റ് 23-ന് നിയമമന്ത്രാലയം കൊളീജയം ശുപാര്‍ശയോട് കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് അറിയിച്ചു. ജസ്റ്റിസ് ഖുറേഷി പുറപ്പെടുവിച്ച ചില ജുഡീഷ്യല്‍ ഉത്തരവുകള്‍ സംബന്ധിച്ച നിഷേധാത്മക ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു എതിര്‍പ്പ്. സര്‍ക്കാരിന്റെ എതിര്‍പ്പ് പൊതുമണ്ഡലത്തില്‍ വന്നിരുന്നെങ്കില്‍ അത് ആര്‍ക്കും ഒരു ഗുണവും ചെയ്യുമായിരുന്നില്ല', ഗൊഗോയി എഴുതി.
'പരമോന്നത ആരോപണങ്ങളും സത്യത്തിനായുള്ള എന്റെ അന്വേഷണവും' എന്ന തലക്കെട്ടിലാണ് ഗൊഗോയി തനിക്കെതിരെ സുപ്രീംകോടതി ജീവനക്കാരി ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങളേക്കുറിച്ച് വിശദമാക്കുന്നത്.
തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം കേട്ട ബെഞ്ചിന്റെ ഭാഗമായതില്‍ ഖേദമുണ്ടെന്ന് ബുധനാഴ്ച പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ ഗൊഗോയ് പറഞ്ഞിരുന്നു. 'പിന്നിലേക്ക് നോക്കുമ്പോള്‍, ഞാന്‍ ആ ബെഞ്ചിലെ ജഡ്ജിയാകാന്‍ പാടില്ലായിരുന്നു. ഞാന്‍ ബെഞ്ചിന്റെ ഭാഗമല്ലായിരുന്നെങ്കില്‍ നന്നായേനെ. നമ്മള്‍ എല്ലാവരും തെറ്റുകള്‍ വരുത്തുന്നു. അത് അംഗീകരിക്കുന്നതില്‍ തെറ്റില്ല', അദ്ദേഹം പറഞ്ഞു.
Published: 09 Dec 2021, 05:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented