മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരില്‍ അടിക്കുമായിരുന്നുവെന്നു പറഞ്ഞതിന് അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം. അറസ്റ്റിലായി എട്ട് മണിക്കൂറുകള്‍ക്ക് ശേഷം മഹാഡ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 'സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതെന്നറിയാത്ത മുഖ്യമന്ത്രി താക്കറെയെ താന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ അടിക്കുമായിരുന്നു' എന്നായിരുന്നു റാണെയുടെ പരാമര്‍ശം. നാരായണ്‍ റാണെയെ നാസിക് പോലീസാണ് അറസ്റ്റുചെയ്തത്. 

To advertise here,

പരാമര്‍ശത്തിന്റെ പേരില്‍ ശിവസേനാ പ്രവര്‍ത്തകര്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. റാണെയുടെ ജന്‍ആശീര്‍വാദ് യാത്ര ചിപ്ലുണിലെത്തിയപ്പോള്‍, ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രത്നഗിരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ചില്ല.

ജന്‍ആശീര്‍വാദ് യാത്ര തിങ്കളാഴ്ച റായ്ഗഢിലെത്തിയപ്പോഴായിരുന്നു റാണെയുടെ പരാമര്‍ശം. ഇതിനുപിന്നാലെ ശിവസേന-ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംസ്ഥാനത്ത് വ്യാപക സംഘര്‍ഷമുണ്ടായി. കേന്ദ്രമന്ത്രിയുടെ ജുഹുവിലെ വസതിക്കുമുമ്പില്‍ പ്രതിഷേധിച്ച ശിവസേനാ പ്രവര്‍ത്തകരും അദ്ദേഹത്തിന് പിന്തുണയുമായെത്തിയ ബി.ജെ.പി. പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പോലീസ് ലാത്തിവീശി.

Content Highlights: After 8 Hours in Custody, Narayan Rane Gets Bail