ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകം തടയാനുള്ള നിയമ നിർമാണത്തിന് മുൻകൈ എടുക്കണമെന്ന് ഝാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത് സോറനോട് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ഉറുദു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുസ്‌ലിം ലീഗ് പ്രതിനിധി സംഘം ഹേമന്ത് സോറനോട് ആവശ്യപ്പെട്ടു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് സംഘമാണ് മുഖ്യമന്ത്രി ഹേമന്ത് സോറനെ സന്ദർശിച്ചത്. 

To advertise here,

ഇ.ടി. മുഹമ്മദ് ബഷീറിന് പുറമെ രാജ്യസഭാ അംഗം ഹാരിസ് ബീരാൻ, പി കെ ബഷീർ എം.എൽ.എ., ഝാർഖണ്ഡിലെ മുസ്‌ലിം ലീഗ് നേതാക്കൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ആൾക്കൂട്ട കൊലപാതകം തടയാൻ സംസ്ഥാന സർക്കാരുകൾ നിയമ നിർമാണം കൊണ്ടുവരണമെന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഒരു സംസ്ഥാനവും നിയമ നിർമാണ നടപടികളിലേക്ക് കടന്നില്ല. 

ഉറുദു വിദ്യാഭ്യാസത്തെ തകർക്കാൻ ബോധപൂർവമായ നടപടികൾ ബി.ജെ.പി. സർക്കാർ ചെയ്യുകയാണെന്ന് മുസ്‌ലിം ലീഗ് പ്രതിനിധി സംഘം ഹേമന്ത് സോറനോട് പറഞ്ഞു. ഇതിനായി ഉറുദു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം ഉള്‍പ്പെടെ പിൻവലിക്കുകയാണ്. ഈ നടപടികൾ ചെറുക്കാൻ ഝാർഖണ്ഡ് സർക്കാർ നടപടി സ്വീകരിക്കണമെന്നും ലീഗ് സംഘം ആവശ്യപ്പെട്ടു. 

റാഞ്ചിയിൽ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം ഹേമന്ത് സോറനുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഹേമന്ത് സോറനുമായി ഫോണിൽ സംസാരിച്ചു. ഝാർഖണ്ഡിൽ ഉടൻ തന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഎംഎം സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർഥിക്കാൻ തങ്ങളെത്തുമെന്നും അദ്ദേഹം അറിയിച്ചു.

മുസ്‌ലിം ലീഗ് നേതാക്കളും ഹേമന്ത് സോറനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കൽപ്പന സോറനും പങ്കെടുത്തു. ഝാർഖണ്ഡിലെ പല മണ്ഡലങ്ങളിലും
മുസ്‌ലിം, ഗോത്ര വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമാണുള്ളത്.