
കൊല്ലം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കൊല്ലത്ത് പിടിയിലായി. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയി, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സ്ഥിരമായി മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കൊല്ലത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണ്. ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസിന്റെ പട്രോളിങ് സംഘത്തെ കണ്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അക്രമികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം.
കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചവറയില്‍ ബസ് തടഞ്ഞ് നിര്‍ത്തിയാണ് നിഷാന്തിനെ അറസ്റ്റ് ചെയ്തത്. നിശാന്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റോക്കിയെ കടയ്ക്കാവൂരിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ രണ്ട് പേരും ചവറ പോലീസ് സ്‌റ്റേഷനിലാണ് ഉള്ളത്. ഇവരെ ആലപ്പുഴ പോലീസിന് കൈമാറും.

കോവിഡ് വാര്‍ഡിലെ നഴ്‌സിങ് അസിസ്റ്റന്റ് തൃക്കുന്നപ്പുഴ പാനൂര്‍ ഫാത്തിമാ മന്‍സില്‍ നവാസിന്റെ ഭാര്യ സുബിന (33)യ്ക്കു നേരെയായിരുന്നു ആക്രമണം. രാത്രി 11.45-ന് തീരദേശറോഡില്‍ പല്ലന ഹൈസ്‌കൂളിനു വടക്കു ഭാഗത്തായിരുന്നു സംഭവം. ബൈക്കില്‍വന്ന രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഒരാള്‍ ഹെല്‍മെറ്റും രണ്ടാമന്‍ മുഖംമറയ്ക്കുന്നവിധത്തിലുള്ള തൊപ്പിയും (മങ്കി ക്യാപ്) ധരിച്ചിരുന്നു.
രാത്രി ജോലികഴിഞ്ഞിറങ്ങിയ സുബിന തോട്ടപ്പള്ളി കഴിഞ്ഞ് പല്ലന കുമാരകോടി ജങ്ഷനിലെത്തിയപ്പോള്‍ രണ്ടുപേര്‍ ബൈക്കില്‍ പിന്തുടരുന്നതു ശ്രദ്ധിച്ചിരുന്നു. യാത്രയ്ക്കിടെ ഭര്‍ത്താവ് നവാസിനെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്നു വേഗത്തില്‍ വണ്ടിയോടിച്ചുപോകാന്‍ ശ്രമിക്കുമ്പോഴായിരുന്നു അക്രമികള്‍ തലയ്ക്കടിച്ചുവീഴ്ത്തുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ നവാസ് ഭാര്യയെ അന്വേഷിച്ചെത്തിയപ്പോഴേക്കും ആക്രമണം കഴിഞ്ഞിരുന്നു.
ആക്രമണത്തിന്റെ ഞെട്ടലില്‍ സംസാരിക്കാന്‍പോലുംകഴിയാത്ത സ്ഥിതിയിലായിരുന്നു സുബിന. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. തലയ്ക്കും കഴുത്തിലും മുറിവുണ്ടായിരുന്നു. ആറുവര്‍ഷമായി സുബിന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താത്കാലിക ജോലിചെയ്യുകയാണ്. രണ്ടുവര്‍ഷമായി എന്‍.എച്ച്.എം. വഴി കോവിഡ് വാര്‍ഡിലാണു ജോലി.
സ്‌കൂട്ടറിനെ പിന്തുടര്‍ന്നു തൊട്ടടുത്തെത്തിയ അക്രമികളില്‍ പിന്നിലിരുന്നയാള്‍ കൈകൊണ്ടു സുബിനയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട് സ്‌കൂട്ടര്‍ വൈദ്യുതി തൂണിലിടിച്ചു. റോഡില്‍വീണ തന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു മാലയും കമ്മലുമാണ് ആദ്യമാവശ്യപ്പെട്ടതെന്നു സുബിന പറയുന്നു. മാല ധരിച്ചിരുന്നില്ല. കാതിലുണ്ടായിരുന്നതു മുക്കുപണ്ടമായിരുന്നു. ഇക്കാര്യം പറഞ്ഞതോടെ അക്രമികളില്‍ ഒരാള്‍ ബൈക്കില്‍ തിരികെക്കയറി. സുബിനയെ ഇടയ്ക്കിരുത്തി ബൈക്ക് ഓടിച്ചുപോകാനായി പിന്നീടുള്ള ശ്രമം. സര്‍വശക്തിയുമെടുത്ത് അക്രമികളെ തള്ളിവീഴ്ത്തിയ സുബിന സമീപത്തെ വീടിന്റെ ഗേറ്റിലടിച്ചു ബഹളംകൂട്ടി. വീട്ടുകാര്‍ പുറത്തിറങ്ങിയതിനൊപ്പം ഒരു പോലീസ് ജീപ്പ് വരുന്നതുകൂടി കണ്ടതോടെ അക്രമികള്‍ സ്ഥലംവിടുകയായിരുന്നു.
Content Highlights: accused arrested on alappuzha health worker attack case
Published: 29 Sept 2021, 09:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented