മുംബൈ: 'വന്ദേമാതരം' ആലപിക്കില്ലെന്ന നിലപാടിൽ ഉറച്ച് സമാജ്‌വാദി പാർട്ടി എംഎൽഎ അബു അസിം അസ്മി. വന്ദേമാതരത്തിന് മതപരമായ അർത്ഥങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ ഗാനം ആലപിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. ഒക്ടോബർ 31 മുതൽ നവംബർ ഏഴ് വരെ എല്ലാ സ്കൂളുകളിലും വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കാൻ മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകിയിരുന്നു. വന്ദേമാതരം ദേശീയഗാനമാക്കണമെന്ന് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അബു അസിം അസ്മിയുടെ പ്രതികരണം.
വന്ദേമാതരം ആലപിക്കാൻ ആർക്കും തന്നെ നിർബന്ധിക്കാനാവില്ലെന്നും താത്പര്യമില്ലെങ്കിൽ വ്യത്യസ്ത മതവിശ്വാസികളായ ആളുകളെ അതിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്നും എംഎൽഎയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ജനങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്നതിന് കാരണം ബിജെപിയാണെന്നും അദ്ദേഹം വിമർശിച്ചു. "ബിജെപി ഇന്ത്യയെ നശിപ്പിക്കുന്ന പാർട്ടിയാണ്. അവർ മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയും ചെയ്യുന്നു. അധികാരത്തിൽ തുടരാൻ വേണ്ടി മുസ്ലീങ്ങളെ എങ്ങനെ അടിച്ചമർത്താമെന്നാണ് അവർ എപ്പോഴും ചിന്തിക്കുന്നത്." അസ്മി പറഞ്ഞു.
ഒരു ദേശീയ ഗീതത്തെ രാഷ്ട്രീയവൽക്കരിക്കുകയാണോ എന്ന ചോദ്യത്തിന് തങ്ങൾ ഒന്നിനെയും എതിർത്തിട്ടില്ലെന്നും എന്നാൽ യഥാർത്ഥ മുസ്ലിങ്ങൾ അല്ലാഹുവിന് തുല്യമായി മറ്റൊന്നിനെയും കാണില്ലെന്നും എംഎൽഎ പറഞ്ഞു. ഒരു മുസ്ലിം അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കൂ. എന്നാൽ മുക്താർ അബ്ബാസ് നഖ്‌വിയെപ്പോലെ പല മുസ്ലിങ്ങളും ഭൂമിയെ ആരാധിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഭൂമിയോട് പ്രാർത്ഥിക്കുന്നു. ചില മുസ്ലിങ്ങൾ മദ്യപിക്കുന്നു. ചിലർ നമസ്കരിക്കുന്നില്ല. അതുകൊണ്ട് താൻ അവരെ മർദിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 31 മുതൽ നവംബർ ഏഴ് വരെ എല്ലാ സ്കൂളുകളിലും വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കാൻ മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകിയിരുന്നു. മുംബൈയിലെ മാൻഖുർദ്-ശിവാജിനഗർ അസംബ്ലി മണ്ഡലത്തിലെ എംഎൽഎയായ അസ്മി, സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുന്നതിനെ എതിർത്തിരുന്നു.
നിലവിൽ മഹാരാഷ്ട്രയിലെ സ്കൂളുകളിൽ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ഖണ്ഡികകൾ മാത്രമാണ് ആലപിക്കുന്നത്. ഒക്ടോബർ 27-ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ, ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഗീതത്തിൻ്റെ പൂർണ്ണരൂപം ആലപിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഈ നിർദേശത്തോട് പ്രതികരിച്ച അസ്മി, വ്യക്തികളുടെ മതവിശ്വാസങ്ങൾ വ്യത്യസ്തമായതിനാൽ ഇത് നിർബന്ധമാക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞിരുന്നു.
Content Highlights: Samajwadi Party MLA Abu Asim Azmi reiterates his stance against singing `Vande Mataram` due to religious objections. He criticizes BJP`s divisive politics.
Published: 07 Nov 2025, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented