
ന്യൂഡൽഹി: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേരിടുന്ന കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ കോൺഗ്രസുമായി സഹകരിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ഇന്ത്യാ സഖ്യത്തിന്റെ ഭാവി പരിപാടികളും ഇരുപാർട്ടികളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. അഭിഷേകും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നതിലും അധികം സമയം നീണ്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 45 മിനിറ്റ് തീരുമാനിച്ച കൂടിക്കാഴ്ച 88 മിനിറ്റോളമാണ് നീണ്ടത്.
കഴിഞ്ഞ ദിവസം മമത ബാനർജി സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അഭിഷേകും രാഹുലും തമ്മിൽ കണ്ടത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമതയും സോണിയയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. പാർട്ടിക്കുള്ളിലുണ്ടായ വലിയ പിളർപ്പും തിരിച്ചടികളുമാണ് കോൺഗ്രസുമായി അടുക്കാൻ മമത ബാനർജിയെ പ്രേരിപ്പിക്കുന്നത്. പശ്ചിമ ബംഗാളിലെ തിരിച്ചടികൾക്ക് പുറമെ, ടിഎംസിയുടെ 78 എംഎൽഎമാരിൽ 59 പേരും പാർട്ടി വിട്ടു. ലോക്‌സഭയിലും സമാനമായ രീതിയിൽ പാർട്ടി പിളരാൻ സാധ്യതയുള്ള സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ രണ്ട് രാജ്യസഭാ എംപിമാർ ഇതിനോടകം രാജിവെച്ചതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ ദുർഘട സാഹചര്യത്തിൽ കോൺഗ്രസുമായുള്ള സഖ്യം മമതയ്ക്ക് രാഷ്ട്രീയമായി ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടിഎംസിയും കോൺഗ്രസും ലയിക്കുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ടിഎംസി നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും സഖ്യസാധ്യതകൾ തള്ളിക്കളയുന്നില്ല. എന്നാൽ പാർട്ടിക്കുള്ളിലെ കടുത്ത പ്രതിസന്ധികളെ തുടർന്നാണ് ടിഎംസി ഇപ്പോൾ കോൺഗ്രസിനെ തേടി വരുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പരിഹസിച്ചു. ഇത്രയും കാലം കോൺഗ്രസ് നേതാക്കളെ കാണാൻ താല്പര്യം കാണിക്കാതിരുന്ന ടിഎംസി നേതാക്കൾ ഇപ്പോൾ അതിനായി ഓടിനടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2011-ൽ കോൺഗ്രസ് സഖ്യത്തിലാണ് മമത അധികാരത്തിൽ വന്നതെങ്കിലും 2012-ൽ ടിഎംസി യുപിഎ വിട്ടതോടെ ആ ബന്ധം അവസാനിച്ചിരുന്നു.
മമത ബാനർജി ഉടൻ തന്നെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ട്. എന്നാൽ മമതയുമായുള്ള സഖ്യം കോൺഗ്രസിന് ഗുണകരമാകില്ലെന്നും കോൺഗ്രസ് ബംഗാളിൽ ഇടത് പാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണ് ഉചിതമെന്നും വിമർശനവും ശക്തമാണ്.
Content Highlights: TMC's Abhishek Banerjee meets Rahul Gandhi to discuss the INDIA alliance's future.
Published: 11 Jun 2026, 11:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented