ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിക്കും ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാളിനുമെതിരേ ഉയര്‍ന്നത്. എ.എ.പി സഹ സ്ഥാപകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും കെജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കെജ്‌രിവാളിന് മാത്രമാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ എക്സില്‍ കുറിച്ചു. 

To advertise here,

നിലവിലെ രാഷ്ട്രിയ സാഹചര്യങ്ങള്‍ക്ക് ബദലായ ജനാധിപത്യപരവും സുതാര്യവുമായ ആശയവുമായി രൂപീകൃതമായ പാര്‍ട്ടിയായിരുന്നു ആം ആദ്മി. എന്നാല്‍, പാര്‍ട്ടിയുടെ സ്വഭാവവും ലക്ഷ്യങ്ങളും കെജ്‌രിവാള്‍ അട്ടിമറിച്ചുവെന്നാണ് പ്രശാന്ത് ഭൂഷണ്‍ ആരോപിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയെ കെജ്‌രിവാള്‍ സുരതാര്യമല്ലാത്തതും അഴിമതി പൂര്‍ണമായതും ഏകാധിപത്യ സ്വഭാവമുള്ളതുമാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 

കെജ്‌രിവാള്‍ അദ്ദേഹത്തിനായി 45 കോടി മുടക്കി വസതിയൊരുക്കുകയും യാത്രകള്‍ ആഡംബര കാറുകളിലേക്ക് മാറ്റുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനരേഖയായി തയാറാക്കിയ നയറിപ്പോര്‍ട്ട് അദ്ദേഹം ചവറ്റുകൊട്ടയില്‍ എറിയുകയും, സാഹചര്യത്തിന് അനുസരിച്ചുള്ള നയങ്ങള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെന്നാണ് പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിക്കുന്നത്. 

മുഖ്യമന്ത്രിയുടെ വസതി നവീകരിച്ചതില്‍ അഴിമതിയുണ്ടെന്നും ഇതിനായി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ആരോപിച്ച് അദ്ദേഹത്തിന്റെ വസതിക്ക് ബി.ജെ.പി. നല്‍കിയ വിശേഷണമായിരുന്നു ശീഷ് മഹല്‍. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ബി.ജെ.പിയുടെ മുഖ്യ ആയുധങ്ങളില്‍ ഒന്നും ശീഷ് മഹല്‍ പ്രയോഗമായിരുന്നു. ഇത് പ്രതിരോധിക്കുകയെന്നത് എ.എ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാവുകയും ചെയ്തിരുന്നു. 

കുപ്രചരണങ്ങളിലൂടെ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാമെന്നാണ് കെജ്‌രിവാള്‍ ധരിച്ചത്. ഇത് എ.എ.പിയുടെ അവസാനത്തിന്റെ ആരംഭമായിരുന്നുവെന്നാണ് പ്രശാന്ത് ഭൂഷണ്‍ പറയുന്നത്. അണ്ണാ ഹസാരെ രൂപംനല്‍കിയ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു പ്രശാന്ത് ഭൂഷണും. 2012 മുതല്‍ ഭൂഷണും കെജ്‌രിവാളിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ എ.എ.പിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.