ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ ദുരന്തം സംഭവിച്ചത്. ആ ദുരന്തഭൂമിയില്‍, തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിപ്പോയ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് ഒരു നായ. ബ്ലാക്കി എന്നാണ് ഈ നായയുടെ പേര്.
തപോവന്‍ ഹൈഡല്‍ പദ്ധതി മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ബ്ലാക്കിയുമുണ്ട് അവിടെ, തനിക്ക് പ്രിയപ്പെട്ടവര്‍ മടങ്ങിയെത്തുന്നതും കാത്ത്. തപോവന്‍ തുരങ്കത്തില്‍ മണ്ണും കല്ലും ചെളിയും നിറഞ്ഞതാണ് അതിനുള്ളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കുന്നതിന് രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്.
തപോവന്‍ പദ്ധതി പ്രദേശത്താണ് ബ്ലാക്കി ജനിച്ചതും വളര്‍ന്നതും. അവിടെ ജോലി ചെയ്തിരുന്നവരുമായി പിന്നീട് ബ്ലാക്കി ചങ്ങാത്തത്തില്‍ ആവുകയുമായിരുന്നു. ഞങ്ങള്‍ അവന് ഭക്ഷണം നല്‍കാറുണ്ടായിരുന്നു. ഉറങ്ങാന്‍ ഒരു ചാക്കും നല്‍കി. പകല്‍ സമയത്തൊക്കെ ബ്ലാക്കി അവിടെ പരിസരത്തൊക്കെ കാണും. ഞങ്ങള്‍ ജോലി അവസാനിപ്പിച്ച് മടങ്ങുന്നതോടെ ബ്ലാക്കിയും മടങ്ങും- മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട രജീന്ദര്‍ കുമാര്‍ പറഞ്ഞു. തപോവന്‍ പദ്ധതി ജോലിക്കാരനായിരുന്നു രജീന്ദര്‍.
കഴിഞ്ഞ ഞായറാഴ്ച പ്രളയമുണ്ടായ സമയത്ത് ബ്ലാക്കി ഇവിടെ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബ്ലാക്കി മടങ്ങിയെത്തിയത്. എന്നാല്‍ അപ്പോള്‍ അവിടെ അവന്റെ പ്രിയപ്പെട്ടവരെ ആരെയും കാണാന്‍ കഴിഞ്ഞില്ല. എന്തോ സംഭവിച്ചെന്ന് അവന് മനസ്സിലായി. പ്രദേശം മുഴുവന്‍ അപരിചിതരെ കൊണ്ട് നിറഞ്ഞിരുന്നു. ആരും അവനെ ശ്രദ്ധിച്ചതുമില്ല. രക്ഷാപ്രവര്‍ത്തകര്‍ അവനെ ഓടിച്ചു വിടാന്‍ ശ്രമിച്ചു. എന്നാല്‍ അവന്‍ വീണ്ടും മടങ്ങിയെത്തി. അവന്‍ അവിടം വിട്ടുപോയതേ ഇല്ല-രജീന്ദര്‍ കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോടു പ്രതികരിച്ചു.
ആ നായ തുരങ്കത്തിനു സമീപം നടക്കുന്നത് കാണാം. അകത്തു കുടുങ്ങിയ ആരുടെയോ വളര്‍ത്തുനായ ആണെന്നാണ് കരുതുന്നത്- പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികരില്‍ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടു പറഞ്ഞു. രണ്ടുവട്ടം ബ്ലാക്കി തുരങ്കത്തിനുള്ളില്‍ കയറിയതായും അസ്വസ്ഥതയോടെ നില്‍ക്കുന്നതായി കണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്കിക്ക് തങ്ങള്‍ ഭക്ഷണം കൊടുക്കുന്നുണ്ടെന്നും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തനം നടക്കുന്നിടത്തുനിന്നുള്ള ബ്ലാക്കിയുടെ വീഡിയോ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ പര്‍വീന്‍ കസ്വാന്‍ പങ്കുവെച്ചിട്ടുമുണ്ട്.
content highlights: a dog waits for his caretakers outside tapovan tunnel in uttarakhand
Published: 16 Feb 2021, 02:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented