ന്യൂഡൽഹി: കോവിഡ് ബാധയില്‍ ഇന്ത്യയുടെ ഹോട്ട്‌സ്‌പോട്ടായി മാറിയ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തത് 7600 ഇന്ത്യക്കാരും 1300 വിദേശികളും. സമ്മേളനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഏതാണ്ട് 9000 ത്തോളം പേര്‍ കോവിഡ് ബാധയുടെ ഹൈ റിസ്‌ക് പട്ടികയിലാണുള്ളത്. പങ്കെടുത്ത കൂടുതല്‍ പേരുടെ വിവരങ്ങള്‍ ലഭിക്കുന്നതോടെ ഈ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.

To advertise here,

23 സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചാണ് പങ്കെടുത്ത വിദേശികളുടെ കണക്കെടുപ്പ് നടത്തിയത്. ഏപ്രില്‍ ഒന്നിനിറങ്ങിയ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഇതില്‍ 1051 പേരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുമുണ്ടായി.

ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പങ്കെടുത്ത 7688 പ്രാദേശിക പ്രവര്‍ത്തരുടെ കണക്കെടുപ്പ് നടത്തുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും ക്വാറന്റൈന്‍ ചെയ്യാനുള്ള ശ്രമത്തിലാണ്.

തബ്ലീഗുമായി പല രീതിയില്‍ സമ്പര്‍ക്കം പുലര്‍ത്തിയ 400ഓളം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ളവരാണ്. 

തമിഴ്‌നാട്ടിലാണ് തബ്ലീഗുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശ്(71) ഡല്‍ഹി(53), തെലങ്കാന(23), അസം(13), മഹാരാഷ്ട്ര(12) ആന്ധമാന്‍(10), ജമ്മുകശ്മീര്‍(6) പോണ്ടിച്ചേരി(2), ഗുജറാത്ത്(2) എന്നിങ്ങനെ പോകുന്നു തബ്ലീഗുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങളിലെ കേസുകള്‍.

ക്ലാസ്സുകളും പ്രാര്‍ഥനാ ചടങ്ങുകളുമായി ദിവസങ്ങള്‍ നീണ്ടു നിന്ന സമ്മേളനത്തില്‍ മലേഷ്യ ഇന്തോനേഷ്യയടക്കം ഒട്ടനേകം വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്  നിരവധി പേര്‍ മര്‍ക്കസിനുള്ളില്‍ കുടങ്ങിയിരുന്നു. 36 മണിക്കൂര്‍ നീണ്ടു നിന്ന പ്രയ്തനത്തിനൊടുവിലാണ് 2335ഓളം ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ച് ക്വാറന്റൈനിലാക്കിയത്.

CONTENT HIGHLIGHTS: 9000 people linked with Tablighi Jamaat congregation in Covid high risk list