ന്യൂഡല്‍ഹി: ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന നാരായണ മൂര്‍ത്തിയുടെ വിവാദമായ നിര്‍ദേശത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. മൂര്‍ത്തിയുടെ നിര്‍ദേശത്തില്‍ തെറ്റായൊന്നും താന്‍ കാണുന്നില്ലെന്നും തന്നെപ്പോലെയുള്ള പല പൊതുപ്രവര്‍ത്തകരും ദിവസേന 12-15 മണിക്കൂര്‍ വരെ ജോലി ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

'70 മണിക്കൂര്‍ ജോലി എന്ന നിര്‍ദേശത്തെ തുടര്‍ന്നുള്ള കോലാഹലങ്ങള്‍ എനിക്കു മനസിലാകുന്നില്ല. എന്താണ് ഇതില്‍ കുഴപ്പം? ഇന്ത്യ വലിയ ശക്തിയായി മാറണമെങ്കില്‍ ഒന്നോ രണ്ടോ തലമുറ നിര്‍ബന്ധമായും ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണം', അദ്ദേഹം പറഞ്ഞു. 

'ഒരു ഓഫ് അടക്കം ആഴ്ചയില്‍ 70 മണിക്കൂര്‍ പ്രവൃത്തിസമയവും ഒരു വര്‍ഷത്തില്‍ 15 അവധിയും എന്നത് നിയമമാക്കണം. ഞാൻ അവസാനമായി എന്നാണ് ഒരു ഓഫ് എടുത്തതെന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല', തീവാരി പറഞ്ഞു. 

രാജ്യത്തിനുവേണ്ടി ഇന്ത്യയിലെ യുവജനങ്ങള്‍ നിര്‍ബന്ധമായും ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിചെയ്യണമെന്നായിരുന്നു നാരായണ മൂര്‍ത്തി നിര്‍ദേശിച്ചത്. 'ഇന്ത്യയുടെ തൊഴില്‍ ഉത്പാദനക്ഷമത ലോകത്തുതന്നെ ഏറ്റവും കുറവാണ്. ഇത് വര്‍ധിപ്പിച്ചില്ലെങ്കില്‍ വലിയ പുരോഗതിയുള്ള മറ്റു രാജ്യങ്ങളുമായി നമ്മുക്ക് മത്സരിക്കാനാവില്ല', അദ്ദേഹം ചൂണ്ടിക്കാട്ടി. പല കമ്പനികളുടെ സി.ഇ.ഒ.മാരും മൂര്‍ത്തിയുടെ നിര്‍ദേശത്തെ പിന്തുണച്ചിരുന്നു. 

എന്നാല്‍, ജോലിസമയം കൂട്ടുന്നതിനനുസരിച്ച് വേതനവും വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി ജെ.എസ്.ഡബ്ലു ചെയര്‍മാന്‍ സാജ്ജന്‍ ജിന്‍ഡല്‍ അടക്കമുള്ളവര്‍ നിര്‍ദേശത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു.