മുംബൈ: സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത മുപ്പത്താറ് അനുയായികളുടെ സ്വര്‍ണമാല മോഷണം പോയി. മിറ ഗ്രൗണ്ടിലെ സലാസര്‍ സെന്റര്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ ശനിയാഴ്ച തുടങ്ങിയ രണ്ടു ദിവസ പരിപാടിയില്‍ പങ്കെടുത്തവരുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മാല ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി നിരവധിയാളുകള്‍ പോലീസില്‍ പരാതിപ്പെട്ടു. 

To advertise here,

വലിയ വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്ന് പരാതിക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പറഞ്ഞു. രണ്ടു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. ജനബാഹുല്യം കണക്കിലെടുത്ത് ഞായറാഴ്ച പോലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു.

സംഭവത്തിനു പിന്നാലെ ശാസ്ത്രിയുടെ പരിപാടിക്കെതിരേ ചില അന്ധവിശ്വാസ വിരുദ്ധ സംഘടനകള്‍ രംഗത്തെത്തി. ശാസ്ത്രിയുടെ പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പോലീസിന് മെമ്മൊറാണ്ടം നല്‍കി. അതേസമയം മോഷണ പരാതിയില്‍ സംഘാടകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി. ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു. 

പരിപാടിയില്‍ പങ്കെടുത്ത സുനിത ഗൗളി എന്നു പേരുള്ള യുവതിയുടെ അനുഭവം ഇങ്ങനെ: സുനിതയുടെ രണ്ടു വയസ്സുള്ള മകള്‍ കഴിഞ്ഞ കുറെ ദിവസമായി രോഗാവസ്ഥയിലാണ്. രോഗം സുഖപ്പെടുത്തുന്നതടക്കമുള്ള ശാസ്ത്രിയുടെ അദ്ഭുത സിദ്ധികള്‍ സുനിത മൊബൈലില്‍ കണ്ടിരുന്നു. ഇതില്‍ ആകൃഷ്ടയായി ശാസ്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ശാസ്ത്രി മകളെ പരിഗണിക്കുമെന്നും രോഗം സുഖപ്പെടുത്തുമെന്നുമാണ് സുനിത വിചാരിച്ചിരുന്നത്. പക്ഷേ, പരിപാടിക്കിടെ അവളുടെ വിവാഹവുമായി ബന്ധപ്പെട്ട് പവിത്രമായി കണക്കാക്കപ്പെടുന്ന സ്വര്‍ണമാല കവര്‍ച്ച ചെയ്യപ്പെടുകയാണുണ്ടായത്. മാല കവര്‍ച്ച ചെയ്യപ്പെട്ടതായും ഇരിക്കാന്‍ പോലും സ്ഥലമില്ലാത്ത വിധം തിരക്കായിരുന്നു പരിപാടിക്ക് അനുഭവപ്പെട്ടതെന്നും മറ്റൊരു യുവതിയും പരാതിപ്പെട്ടു. ഇത്തരത്തില്‍ നിരവധി യുവതികളാണ് പരിപാടിക്കെതിരെയും മോഷണം സംബന്ധിച്ചും പരാതി നല്‍കിയത്.