ലഖ്‌നൗ: 2024 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്പി) യുടെ പദ്ധതികളും നിലപാടുകളും ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ലഖ്‌നൗവില്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടി അധ്യക്ഷ മായാവതി തന്റെ പിന്‍ഗാമിയായി അനന്തരവന്‍ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ചത്. 2016 ല്‍ ബിഎസ്പിയില്‍ അംഗമായിച്ചേര്‍ന്ന ആനന്ദ് 2019 ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രമുഖ പ്രചാരകനായിരുന്നു. പാര്‍ട്ടിയിലെ ആനന്ദിന്റെ സാന്നിധ്യവും 2022ല്‍ രാജസ്ഥാനിലെ അജ്മീറില്‍ ആനന്ദ് നടത്തിയ പദയാത്രയും പാര്‍ട്ടിയ്ക്ക് കൂടുതല്‍ കരുത്തേകിയതായാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ത്തന്നെ ആനന്ദിന്റെ നേതൃത്വത്തെ സംബന്ധിച്ച് എതിരഭിപ്രായവുമായി പാര്‍ട്ടിയില്‍നിന്ന് ആരും രംഗത്തെത്തിയിട്ടില്ല 

To advertise here,

എന്നാല്‍, മായാവതി മുമ്പൊരിക്കല്‍ നടത്തിയ ഒരു പ്രസ്താവന വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. തന്റെ ആത്മകഥയായ 'മേരെ സംഘര്‍ഷ്മയ് ജീവന്‍ കാ സഫര്‍നാമ'യിലാണ് മായാവതി ഇത്തരമൊരു ആഗ്രഹം പങ്കുവെച്ചിരിക്കുന്നത്.  "എന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കുമ്പോള്‍ ഒരിക്കലും അതെന്റെ കൂടപ്പിറപ്പുകളോ ബന്ധുക്കളോ ആയിരിക്കില്ല. ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട, ഞാനുള്‍പ്പെടുന്ന പട്ടികവര്‍ഗത്തില്‍ നിന്നായിരിക്കും എന്റെ പിന്‍ഗാമി. എന്നേക്കാള്‍ 30-35 വയസ് ഇളയ വ്യക്തിയായിരിക്കും, ദീര്‍ഘകാലം പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കാന്‍ ആ വ്യക്തിയ്ക്ക് സാധിക്കും", 2008 ജനുവരി 15 ന് പ്രകാശിതമായ പുസ്തകത്തില്‍ മായാവതി കുറിച്ചിരിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. 

ആകാശ് ആനന്ദിന് 28 വയസാണ് പ്രായം. മായാവതിയേക്കാള്‍ 39 വയസിളപ്പം. പക്ഷെ മായാവതിയുടെ സഹോദരപുത്രനാണ് കക്ഷി. നാല് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദം അലങ്കരിച്ച മായാവതി സ്വപ്രയത്‌നത്താലാണ് അധ്യാപികയായും പിന്നീട് ഉന്നതനേതാവായും മാറിയത്. 1984 ല്‍ കന്‍ഷി റാം ബിഎസ്പി സ്ഥാപിച്ചപ്പോള്‍ മുതല്‍ മായാവതി അതിന്റെ പ്രവര്‍ത്തകയായി മാറി. എന്നാല്‍ ആകാശ് ആനന്ദിന്റെ പശ്ചാത്തലം അതല്ല. ലണ്ടനില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദം നേടിയ വ്യക്തിയാണ് അദ്ദേഹം.