പ്രയാഗ്‌രാജ്: മഹാകുംഭമേള നടന്ന പ്രയാഗ്‌രാജിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 15 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 15,000 ശുചീകരണ തൊഴിലാളികളും 2,000 ഗംഗ സേവ് ദൂതുകളും (ഗംഗ, യമുന നദികളെ ശുചീകരിക്കുന്ന വളണ്ടിയര്‍മാര്‍) ശുചീകരണത്തില്‍ പങ്കാളികളാകും. 

To advertise here,

മഹാകുംഭമേളയുടെ ഭാഗമായുണ്ടായ മാലിന്യങ്ങള്‍ പ്രയാഗ്‌രാജ് ജില്ലയിലെ നൈനിയിലുള്ള ബസ്വാര്‍ പ്ലാന്റിലായിരിക്കും സംസ്‌കരിക്കുക. താത്കാലികമായി സ്ഥാപിച്ച പൈപ്പുകളും തെരുവുവെളിച്ചത്തിനുള്ള സംവിധാനങ്ങളും ടെന്റുകളും പവലിയനുകളും ഇതിനോടകം നീക്കംചെയ്തു. താത്കാലികമായി സ്ഥാപിച്ച ശൗചാലയങ്ങള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നീക്കംചെയ്യും. 

മഹാശിവരാത്രി ദിവസമായിരുന്ന കഴിഞ്ഞ ബുധനാഴ്ചയാണ് മഹാകുംഭമേളയ്ക്ക് സമാപനമായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഇത്തവണ പുണ്യസ്‌നാനത്തില്‍ പങ്കെടുക്കാനായി 60 കോടിയോളം ആളുകളാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെത്തിയത്. നിരവധി പ്രമുഖരും പുണ്യസ്‌നാനത്തിനായി മഹാകുംഭമേളയിലെത്തിച്ചേര്‍ന്നിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരും പുണ്യസ്‌നാനത്തില്‍ പങ്കാളികളായി.