പട്‌ന: കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ ഭാര്യയേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവ്‌ ലാലു പ്രസാദ് യാദവിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. ലാലു പ്രസാദ് സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ച ബി.ജെ.പി, അദ്ദേഹം സ്ഥിരം കുറ്റവാളിയാണെന്നും പറഞ്ഞു. 

To advertise here,

തന്റെ ഭാര്യ റാബ്രി ദേവിക്കു പകരം റായിയുടെ ഭാര്യയെ മുഖ്യമന്ത്രിയായി നിയമിക്കണോ എന്നായിരുന്നു പട്‌നയില്‍ വെച്ച് ലാലു പ്രസാദ് ചോദിച്ചത്. കാലിത്തീറ്റ അഴിമതി കേസില്‍ ലാലു അറസ്റ്റിലായാല്‍ അദ്ദേഹത്തിന്റെ ഭാര്യയെ മുഖ്യമന്ത്രിയാക്കുന്നതിനു പകരം യാദവ് വിഭാഗത്തില്‍ നിന്നുതന്നെ മികച്ച നേതാക്കളെ ലാലു കണ്ടെത്തണമായിരുന്നെന്ന നിത്യാനന്ദ് റായിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

യാദവിന്റെ പരാമര്‍ശം അലോസരപ്പെടുത്തുന്നതാണെന്നും അദ്ദേഹം സ്ത്രീകളുടെ അപമാനിക്കുകയാണെന്നും ബിജെപി ദേശീയ വക്താവ് ഗുരു പ്രകാശ് പറഞ്ഞു. 'നേരത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് ലാലുവാണ്. പട്‌നയിലെ ഇസ്കോൺ ക്ഷേത്രത്തില്‍ സംസാരിക്കുമ്പോൾ സ്ത്രീകളെ എങ്ങനെയാണ് അദ്ദേഹം അപമാനിച്ചതെന്ന് നമ്മള്‍ കണ്ടു', ഗുരു പ്രകാശ് പറഞ്ഞു. 

അതേസമയം, സംഭവത്തില്‍ ജെ.ഡി.യു നേരിട്ട് പ്രതികരിച്ചില്ല. 'സംഭവത്തിന്റെ പശ്ചാത്തലം ഞങ്ങള്‍ക്കറിയില്ല. പക്ഷേ, വാക്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന കാര്യം വ്യക്തമാണ്', ജെ.ഡി.യു പ്രതിനിധി സുനില്‍ സിങ് പറഞ്ഞു. ജെ.ഡി.യു പ്രതിനിധി ഇജാസ് അഹ്‌മദ് സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. 

അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു പരാമര്‍ശമെന്ന് പട്‌ന ഹൈക്കോര്‍ട്ട് അഡ്വക്കറ്റ് ഷംന സിന്‍ഹ പറഞ്ഞു. കേന്ദ്ര മന്ത്രിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും രാഷ്ട്രീയ അനുകൂലികളെയും അപമാനിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരാമര്‍ശം ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.