തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയില്‍ കവാടത്തില്‍ സൂപ്രണ്ട് സോഫിയാബീവിയെയും കാത്തുള്ള നില്‍പ്പിനിടയിലാണ് തൊട്ടടുത്തുള്ള സ്ത്രീ പരിചയം കൂടാന്‍ വന്നത്. 'അകത്താരാണ് ഉള്ളത്' എന്ന ചോദ്യത്തോടെ അവര്‍ അല്പം നീങ്ങിയിരുന്നുകൊണ്ട് ഇരുന്നോളാന്‍ ആംഗ്യം കാണിച്ചു. അകത്തേക്കു കടക്കാന്‍ ഇനിയും കുറേ നൂലാമാലകളുള്ളതിനാല്‍ ആ ക്ഷണം സ്വീകരിച്ചു. സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിയ്ക്കുപുറത്തെ നീളവും വീതിയും കുറഞ്ഞ ഒരു ചെറിയ തിണ്ണയാണ് അത്. അകത്തിരിക്കുന്നവരെ കാണാന്‍ വരുന്നവര്‍ കാലങ്ങളായി കാത്തിരുന്ന് സിമന്റ് തിണ്ണ നന്നായി മിനുസപ്പെട്ടിട്ടുണ്ട്. അകത്തിരിക്കുന്നതാരാണ് എന്ന ചോദ്യം വീണ്ടും ഒരുമ്പെട്ടിറങ്ങിയപ്പോള്‍ സഹോദരിയാണ് എന്നു പറഞ്ഞു. സഹോദരിയാണെന്നു കേട്ടതും അത്യുത്സാഹത്തോടെ അടുത്ത ചോദ്യം വന്നു, കഞ്ചാവാണോ? മറുപടിയ്ക്കും ശങ്ക കൊടുത്തില്ല. 302 ആണ്. അട്ടക്കുളങ്ങരയ്ക്കുമുമ്പേ വിയ്യൂര്‍ വനിതാജയില്‍ സന്ദര്‍ശിച്ചപ്പോള്‍ കിട്ടിയതാണ് ഇന്ത്യന്‍ പീനല്‍ കോഡ് പറയാനുള്ള ഊര്‍ജം. വിയ്യൂര്‍ വനിതാജയിലിലെ സൂപ്രണ്ട് ശകുന്തളയുമായി സംസാരിക്കുമ്പോള്‍ കൂടുതലും പറഞ്ഞത് IPC 302  അഥവാ കൊലപാതകക്കുറ്റവും ജീവപര്യന്തവും ആയിരുന്നു.

അകത്താരാണ് ഉള്ളതെന്ന് ഇങ്ങോട്ട് ചോദിച്ച സ്ഥിതിയ്ക്ക് അങ്ങോട്ടും ആവാമല്ലോ. അവരുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകള്‍ ആറുമാസമായി അട്ടക്കുളങ്ങര തടവില്‍ കഴിയുന്നു. ഇരുപത്തിമൂന്ന് വയസ്സുകാരിയായ യുവതി വിവാഹിതയും ഒന്നരവയസ്സുള്ള കുഞ്ഞിന്റെ അമ്മയുമാണ്. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്നു. കായംകുളം സ്വദേശിനിയായ ഇവര്‍ തന്റെ വീടിനടുത്തുള്ള ടൗണിലെ ഒരു മൊബൈല്‍ കടയില്‍  സെയില്‍സ് ഗേളായി ജോലിചെയതുവരികയാണ്. കടയില്‍ സ്ഥിരമായി വന്നിരുന്ന യുവാവ് സൂക്ഷിക്കാന്‍ ഒരു പൊതി ഏല്‍പ്പിച്ചു. പൊതി സൂക്ഷിക്കല്‍ പിന്നെ സ്ഥിരമായി. ഒരു ദിവസം പോലീസ് കട റെയ്ഡുചെയ്തു രണ്ടര കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് സൂക്ഷിച്ചതിന് ആറുമാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. പൊതി സൂക്ഷിക്കാന്‍ കൊടുത്ത യുവാവ് താനങ്ങനെ ചെയ്തിട്ടില്ല എന്നു പറഞ്ഞ് നിയമക്കുരുക്കുകളില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. ആ പെണ്‍കുട്ടിയുടെ ശിക്ഷാകാലാവധി തീരുകയാണ്. അവള്‍ ജീവിച്ചുകൊണ്ടിരുന്ന നാട്ടിലേക്ക് തല്‍ക്കാലം പോകാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ അമ്മാവന്റെ ഭാര്യ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ വന്നതാണ്. അവരുടെ ഭയം മറ്റൊന്നായിരുന്നു. പുറത്തിറങ്ങുമ്പോള്‍ അവള്‍ ആദ്യം ചോദിക്കുക കുഞ്ഞിനെയാണ്. പക്ഷേ തടവിലായപ്പോള്‍ കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊണ്ടുപോയി. അവര്‍ തിരികെ നല്‍കാന്‍ തയ്യാറല്ല. ഇതുവരെ അവളോട് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. തല്‍ക്കാലം നാട്ടില്‍ നിന്നും മാറിനില്‍ക്കുന്നു എന്നുമാത്രമേ അവളോട് പറയുന്നുള്ളൂ.

കേരളത്തിലെ മൂന്നു വനിതാ ജയിലുകളിലൂടെയും നടത്തിയ അന്വേഷണയാത്രയില്‍ കണ്ടതുമുഴുവന്‍ സിനിമാക്കഥകളെ വെല്ലുന്ന ജീവിതങ്ങളെയായിരുന്നു.

ജോലിയിടത്തില്‍ നിന്നും വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടെ വാളയാര്‍ ചെക്പോസ്റ്റിലിറങ്ങി റോഡരികിലെ കുറ്റിക്കാട്ടില്‍ പ്രസവിച്ചശേഷം അവിടെത്തന്നെ കുഴിച്ചുമൂടി തിരികെ ബസ്സില്‍ കയറിയിരുന്ന ശീതള്‍ യാത്ര തുടരും മുമ്പേ തന്നെ പോലീസ് പിടിയിലായി. മൂന്നാമതും ജനിക്കുന്ന കുഞ്ഞ് പെണ്ണായാല്‍ തന്നെയും നിലവിലുള്ള രണ്ട് പെണ്‍മക്കളെയും ഉപേക്ഷിക്കുമെന്ന് ഭര്‍ത്താവിന്റെ നിരന്തരഭീഷണിയെ ഭയന്നാണ് ശീതള്‍ കുഞ്ഞിനെ കുഴിച്ചുമൂടിയത്. വിയ്യൂര്‍ വനിതാ ജയിലില്‍ ജീവപര്യന്തമനുഭവിക്കുന്ന മുപ്പത്തിരണ്ടുകാരിയായ ശീതള്‍ ശിക്ഷയുടെ നാലുവര്‍ഷം പിന്നിട്ടിരിക്കുന്നു. ജയിലില്‍ നിന്നും ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം മുറതെറ്റാതെ വീട്ടിലേക്കയച്ചുകൊടുത്താണ് മക്കളുടെ പട്ടിണിയകറ്റുന്നതും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതും. ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം പുതിയ ജീവിതമാരംഭിച്ച വിശേഷങ്ങളറിയുമ്പോള്‍ തലയാട്ടുകമാത്രം ചെയ്യുന്ന ശീതള്‍ മഴക്കാലമാകുന്നതോടെ ജയിലില്‍ ജോലികുറയുമോ, വീട്ടിലേക്കയക്കാന്‍ പണം തികയാതെ വരുമോ തുടങ്ങിയ ആധിയിലാണ്. ജയിലില്‍ പലഹാരങ്ങളുണ്ടാക്കാനും പോള്‍ട്രിഫാം സംരക്ഷിക്കാനും മാസ്‌ക് നിര്‍മിക്കാനും ഉത്സാഹത്തോടെ അവള്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. പത്താംക്ലാസ് പൂര്‍ത്തിയാക്കാത്ത ശീതളിന് ആഗ്രഹമായി അവശേഷിക്കുന്നത് തന്റെ രണ്ടുപെണ്‍മക്കളെയും നന്നായി പഠിപ്പിക്കണം എന്നതുമാത്രമാണ്. ജയിലില്‍ ജോലിചെയ്താല്‍ ഒരു ദിവസം കിട്ടുന്ന വരുമാനം 170 രൂപ വീട്ടിലെ ആവശ്യങ്ങള്‍ക്കു തികയുന്നില്ല എന്ന് വിഷമത്തോടെ സൂപ്രണ്ടിനെ അറിയിച്ചപ്പോള്‍ അവര്‍ കുറച്ച് മാക്സിത്തുണികള്‍ വാങ്ങിക്കൊടുത്തു ശീതളിന്. നന്നായി തയ്യലറിയാവുന്ന തടവുകാരെ കൂടി ഉള്‍പ്പെടുത്തി ജയിലില്‍ മാക്സി യൂണിറ്റ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ശീതള്‍.

നിയമത്തിനു മുന്നില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്നിരിക്കേ നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ക്കും ഈ തുല്യത ബാധകമാണ്. എന്നിരിക്കിലും ഒരു പുരുഷന്‍ ജയിലിലാകുമ്പോള്‍ കുടുംബത്തിനുണ്ടാകുന്ന പ്രതിസന്ധിയേക്കാള്‍ പതിന്മടങ്ങ് ആഘാതമാണ് ഒരു സ്ത്രീ തടവിലാകുമ്പോള്‍ സംഭവിക്കുന്നത്, പ്രത്യേകിച്ചും കുടുംബപദവിയില്‍ അമ്മ എന്ന പങ്കുകൂടി പറ്റുന്നവരാണെങ്കില്‍. കൊലപാതകം, മോഷണം, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, അബ്കാരി ആക്ട്, കുഴല്‍പ്പണം, കള്ളക്കടത്ത്, നാര്‍ക്കോട്ടിക്സ് കേസുകള്‍, ആള്‍മാറാട്ടം തുടങ്ങി കേരളത്തിലെ വനിതാജയിലുകളില്‍ ശിക്ഷാത്തടവുകാരായും വിചാരണത്തടവുകാരായും കഴിയുന്ന അമ്മമാര്‍ ഉള്‍പ്പെട്ടിരിക്കുന്ന കേസുകളൊന്നും തന്നെ ചെറുതല്ല. മുന്‍കാലങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ വനിതാജയിലുകളിലെ ജനസംഖ്യയില്‍ വലിയ തോതിലുള്ള വ്യത്യാസമില്ലെങ്കിലും കുറ്റകൃത്യങ്ങളുടെ ഗൗരവസ്വഭാവം പരിഗണിക്കുമ്പോള്‍ ജീവപര്യന്തമോ ഏഴുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്നതോ ആയ കേസുകളാണ് എണ്‍പത് ശതമാനം പേരും നേരിടുന്നത്.

സാമ്പത്തിക തിരമിറികള്‍ ചോദ്യം ചെയ്ത ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തമനുഭവിക്കുന്ന രാധികയ്ക്ക് ഇരുപത്തിയെട്ട് വയസ്സാണ്. ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്യുന്നു. അമ്മ ജയിലിലാണെന്ന സത്യം അഞ്ചുവയസ്സുകാരിയായ ഏകമകള്‍ ഇതുവരെ അറിഞ്ഞിട്ടില്ല. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന മകള്‍ വെക്കേഷന് വരുമ്പോള്‍ രാധിക പരോളില്‍ പോകുകയാണ് പതിവ്. കോവിഡ്കാലത്ത് സ്‌കൂളടച്ചപ്പോഴാണ് 'ഒളിച്ചുകളി'യുടെ ഗൗരവം രാധിക ഉള്‍ക്കൊള്ളുന്നത്. കൊലപാതകം, മോഷണം, പോക്സോ തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരില്‍ എഴുപത് ശതമാനം പേരും അമ്മമാരാണ്. വിവാഹേതര ബന്ധങ്ങള്‍ കാരണം ഭര്‍ത്താവിനെയും മക്കളെയും ബന്ധുക്കളെയും കൊലപ്പെടുത്തിയവരില്‍ ഭൂരിഭാഗവും മുപ്പത്തിയഞ്ചിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ്. ഭര്‍ത്താവിനെ സുഹൃത്തിന്റെ സഹായത്താല്‍ കൊലപ്പെടുത്തിയ കായംകുളത്തുകാരി ലളിതകുമാരി പതിനാലു വര്‍ഷമായി തടവില്‍. ജയിലിലടക്കപ്പെടുമ്പോള്‍ ഒമ്പതാംക്ലാസുകാരിയായിരുന്ന മകള്‍ ഇന്ന് കുടുംബിനിയായി. അമ്പത്തിരണ്ട് വയസ്സുണ്ട് ലളിതയ്ക്കിപ്പോള്‍. തടവുകാരില്‍ അറുപത് ശതമാനം പേര്‍ പത്താംക്ലാസോ അതിനുതാഴെയോ വിദ്യാഭ്യാസമുള്ളവരാണ്. ഇരുപത്തിയഞ്ച് ശതമാനം പേര്‍ പ്രീഡിഗ്രിയോ പ്ലസ്ടുവോ കഴിഞ്ഞവരും പതിനഞ്ച് ശതമാനം പേര്‍ ഉന്നതവിദ്യാഭ്യാസമോ, ടെക്നിക്കല്‍ വിദ്യാഭ്യാസമോ നേടിയവരുമാണ്.

 ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ഒമ്പതുവയസ്സുള്ള മകള്‍ക്ക് ഭക്ഷണത്തില്‍ വിഷം നല്‍കി മുപ്പതുകാരിയായ നഴ്‌സ് ലീനയും കഴിച്ചെങ്കിലും മകള്‍ മരിച്ചു. മകള്‍ക്ക് വിഷം നല്‍കി കൊന്നുവെന്ന കേസില്‍ ജീവപര്യന്തം തടവിലുമായി. ലീനയ്ക്ക് വിവാഹസമ്മാനമായി നല്‍കിയ ആഭരണങ്ങളും കുടുംബസ്വത്തുമെല്ലാം വിറ്റുനശിപ്പിച്ച ഭര്‍ത്താവ് ലഹരിവസ്തുക്കള്‍ക്കും അടിമയാണെന്ന കാര്യം വളരെ വൈകിയാണ് അവര്‍ അറിഞ്ഞത്. ലീനയുടെ കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്താന്‍ അയാള്‍ സമ്മതിച്ചിരുന്നില്ല. മുന്നോട്ടുള്ള ജീവിതം തടസ്സമായപ്പോഴാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. മകള്‍ മരണപ്പെട്ടപ്പോള്‍ പശ്ചാത്താപത്തിന്റെ പേരില്‍ ലീനയെ ജയിലില്‍ വന്നുകാണാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും അവര്‍ കാണാന്‍ സമ്മതം കൊടുത്തില്ല. ഒന്നുമറിയാത്ത മകളെ താന്‍ കൊന്നുവെന്ന ഏറ്റുപറച്ചിലാണ് ലീനക്കെപ്പോഴും. ലീനയുടെ കേസിന്റെ നിജസ്ഥിതി പരിഗണിച്ചുകൊണ്ട് ജയില്‍ റിവ്യുകമ്മറ്റി പരോള്‍ പരിഗണനയില്‍ വെച്ചപ്പോള്‍ മകളില്ലാത്ത കുടുംബത്തിലേക്ക് തിരികെയില്ലെന്ന തീരുമാനത്തിലാണ് ലീന. മക്കളുടെ കൈപിടിച്ചുചാടിയ കിണറുകളും കുളങ്ങളും പുഴകളും കുടിച്ചുപാതിയായ വിഷംകലര്‍ന്ന ജ്യൂസുകളും, തലവെച്ച റെയില്‍പാളങ്ങളും കേരളത്തിലെ അമ്മമാര്‍ക്ക് പുതുമയുളളതല്ല.

അതൃപ്തി നിറഞ്ഞ ദാമ്പത്യത്തിന്റെ, ആശയറ്റ ജീവിതത്തിന്റെ ഒടുക്കമെന്നവണ്ണം ജീവിതമവസാനിപ്പിക്കാന്‍ ലീനമാര്‍ തീരുമാനിക്കുമ്പോള്‍ മക്കളെയും ഒപ്പംകൂട്ടാന്‍ മാനസികമായി തയ്യാറാവുന്നത് തനിക്കുശേഷം മക്കള്‍ നേരിടുന്ന അരക്ഷിതാവസ്ഥയെ ഓര്‍ത്താണ്. വിശ്വസിച്ചേല്‍പ്പിക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവാണ്. അത്തരം ആത്മഹത്യാശ്രമങ്ങളില്‍ പലപ്പോഴും കുഞ്ഞുങ്ങള്‍ മരിക്കുകയും അമ്മമാര്‍ കൊലപാതകികളാവുകയും ചെയ്യുന്നു. IPC 302 മാത്രമേ കോടതിയ്ക്കുമുമ്പിലുള്ളൂ, ജീവപര്യന്തത്തില്‍ കുറഞ്ഞ ശിക്ഷയുമില്ല.

നാല്‍പത് ദിവസം പ്രായമായ തന്റെ പെണ്‍കുഞ്ഞിനെ കുളിപ്പിച്ചുകൊണ്ടിരിക്കെ കഴുത്തുഞെരിച്ച് കൊന്ന കേസില്‍ ജീവപര്യന്തം തടവിലാണ് നാല്‍പതുകാരിയായ റെയ്നമോള്‍. മൂന്നു വര്‍ഷമായി വിയ്യൂര്‍ വനിതാ ജയിലില്‍ എത്തിയിട്ട്. കുഞ്ഞിന്റെ കഴുത്തിലെന്തോ പാട് കണ്ട് തുടച്ചപ്പോള്‍  മരിച്ചുപോയി എന്നാണ് റെയ്നമോളുടെ വിശദീകരണം. റെയ്നയുടെ മൂത്ത കുഞ്ഞിന് ഓട്ടിസമാണ്. അമ്മയും സഹോദരനും നേരത്തെ ആത്മഹത്യ ചെയ്തു. കുഞ്ഞുങ്ങളെയും കൊന്ന് ആത്മഹത്യചെയ്യുക എന്നതായിരുന്നു റെയ്നയുടെ ലക്ഷ്യം. റെയ്നയുടെ നീക്കം ഭര്‍തൃവീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ ആത്മഹത്യാശ്രമം നടന്നില്ല. നല്ല രീതിയില്‍ സംസാരിച്ചുകൊണ്ടിരിക്കേ വളരെ പെട്ടെന്നു തന്നെ മൂഡ് മാറുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന റെയ്ന ഇപ്പോള്‍ മാനസികാരോഗ്യത്തിന് മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുകയാണ്. മഹാമാരിക്കാലത്ത് സുപ്രീം കോടതി അനുവദിച്ച പ്രത്യേക പരോള്‍പ്രകാരം പ്രായപൂര്‍ത്തിയാവാത്ത അമ്മമാര്‍ക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം നാല്‍പതുദിവസം കഴിയാനുള്ള അവസരമുണ്ട്. ഓട്ടിസം ബാധിച്ച കുഞ്ഞിനെ പരിഗണിച്ചുകൊണ്ട് ജയില്‍ റിവ്യൂകമ്മറ്റി റെയ്നമോളുടെ പരോള്‍ പരിഗണിച്ചെങ്കിലും വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഓട്ടിസമുള്ള പത്തുവയസ്സുകാരനായ മകനെയുംകൊന്ന് റെയ്ന ആത്മഹത്യ ചെയ്യാനുള്ള സാധ്യതയെ ഭര്‍ത്താവും വീട്ടുകാരും ഭയക്കുന്നു. ജയിലില്‍ ആണ് തന്റെ ഭാര്യ സുരക്ഷിത എന്ന നിലപാടാണ് ഭര്‍ത്താവിനുള്ളത്. കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്ന റെയ്്നയെ ഈ വിവരം അറിയിച്ചിട്ടില്ല. പെട്ടെന്ന് തന്നെ മകന്റെയടുക്കലെത്താം എന്ന പ്രതീക്ഷയിലും സന്തോഷത്തിലുമാണ് റെയ്ന.

അറുപത്തിമൂന്നുകാരിയായ മണിയമ്മ അയല്‍ക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഒത്താശചെയ്തുകൊടുത്ത കേസില്‍ പോക്സോ ആക്ട് പ്രകാരം തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലില്‍ ഏഴുവര്‍ഷം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. അന്‍പതുവയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് പരോള്‍ അനുവദിക്കാനുള്ള സാഹചര്യം കോവിഡ് കാലം പരിഗണിച്ചുകൊണ്ട് നിലവിലുണ്ടെങ്കിലും തനിക്ക് പരോള്‍ വേണ്ട എന്നെഴുതിക്കൊടുത്തു മണിയമ്മ. കോട്ടയംകാരിയായ മണിയമ്മയെ ജയിലില്‍ വന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ആരുമില്ല. മാത്രമല്ല പോയാല്‍ തന്നെ പരോള്‍ കഴിഞ്ഞാല്‍ തിരികെ വരണം. അതിനുള്ള ശാരീരികാവസ്ഥ ഇപ്പോളില്ല. ജയിലില്‍ നിന്നും എന്നെന്നേക്കുമായി വിട്ടാല്‍ എവിടെയെങ്കിലും പോയി ജീവിച്ചോളാം, അതിനുള്ള സഹായം ചെയ്തുതരുമോ എന്നാണ് മണിയമ്മ ജയില്‍ ഉദ്യോഗസ്ഥരോട് ചോദിക്കുന്നത്.

വിവാഹേതരബന്ധം അതിരുകടന്നപ്പോള്‍ വിലങ്ങുതടിയായ ആറും ഒമ്പതും വയസ്സുള്ള മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയാണ് മലപ്പുറംകാരിയായ ജമീല പരിഹാരം കണ്ടത്. ഗള്‍ഫിലായിരുന്ന ഭര്‍ത്താവിന്റെ അഭാവത്തില്‍ ജമീലയുടെ വിശ്വസ്ഥതപിടിച്ചുപറ്റിയ 'അവിഹിത'നാണ് ഒന്നിച്ചുജീവിക്കാനുള്ള മാര്‍ഗതടസ്സം ഇല്ലാതാക്കാന്‍ മുപ്പത്തിയെട്ടുകാരിയായ ജമീലയെ പ്രോത്സാഹിപ്പിച്ചത്. ജമീല ജീവപര്യന്തം വിധിക്കപ്പെട്ട് അകത്തായപ്പോള്‍ ഭര്‍ത്താവും സ്വന്തം കുടുംബവും ജമീലയെ തള്ളിപ്പറഞ്ഞു. അവിഹിതന്‍ പഴുതുകളില്‍ രക്ഷതേടുകയും ചെയ്തു. തനിക്കോര്‍മയുള്ള ബന്ധുക്കളുടെ നമ്പറുകളിലൊക്കെ ബന്ധപ്പെടാന്‍ ജമീല ശ്രമിച്ചങ്കിലും നിരാശയായിരുന്നു ഫലം. ഏകാന്തതയില്‍ സഹതടവുകാരുടെ കുത്തുവാക്കുകളിലും ജമീല പയ്യെപ്പയ്യെ മാനസികാസ്വസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങി. കണ്ണൂര്‍ ജയിലില്‍ സൈക്യാട്രിക് ട്രീറ്റ്മെന്റിലാണ് ജമീലയിപ്പോള്‍.

ഭൂമിശാസ്ത്രാടിസ്ഥാനത്തില്‍ കേരളത്തെ മൂന്നായി വിഭജിച്ച് തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം (അട്ടക്കുളങ്ങര), മധ്യത്തില്‍ തൃശൂര്‍ (വിയ്യൂര്‍) വടക്കന്‍ കേരളത്തില്‍ കണ്ണൂര്‍ (പൊടിക്കുണ്ട്) എന്നിവിടങ്ങളിലായി മൂന്ന് വനിതാജയിലുകള്‍ ആണ് ഉള്ളത്‌. ഇതുകൂടാതെ കോഴിക്കോട്, വയനാട്, പാലക്കാട്, മഞ്ചേരി സെപ്ഷ്യല്‍ സബ്ജയില്‍, കാക്കനാട്, മാവേലിക്കര, കൊട്ടാരക്കര, കോട്ടയം, പത്തനംതിട്ട തുടങ്ങിയവിടങ്ങളിലെ സബ്ജയിലുകളിലെ വിമന്‍വിങ്ങുകളില്‍ റിമാന്റ് പ്രതികളായ വനിതകളെ പാര്‍പ്പിച്ചുവരുന്നുണ്ട്.

ആറ് വിദേശതടവുകാരും പതിനാല് ഇന്ത്യന്‍ തടവുകാരുമടക്കം ഇരുപത് വനിതകളാണ് തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷാതടവുകാരും വിചാരണത്തടവുകാരുമായിട്ടുള്ളത്. സുപ്രീംകോടതിയുടെ മഹാമാരിക്കാല പ്രത്യേക പരോള്‍ അനുമതി പ്രകാരം പരോളില്‍ പോയിരിക്കുന്ന അഞ്ച് ജീവപര്യന്തം തടവുകാരും ഒരു മയക്കുമരുന്നുകേസ് പ്രതിയും ഉള്‍പ്പെടാതെയാണ് ഈ കണക്ക്. ഇരുപത്തിയഞ്ച് പേര്‍ക്ക് വീതം താമസിക്കാന്‍ കഴിയുന്ന മൂന്ന് സെല്ലുകളിലായി 35-40 എന്ന നിരക്കില്‍ അന്തേവാസികളെ പാര്‍പ്പിച്ചുവരുന്ന വനിതാ ജയിലാണ് വിയ്യൂര്‍. മഹാമാരിക്കാലത്തെ ഇളവുകള്‍ ബാധകമല്ലാത്ത, അത്യന്തം ശ്രദ്ധചെലുത്തേണ്ട ശിക്ഷാതടവുകാരില്‍ രണ്ടുപേരൊഴികെയുള്ളവര്‍ മാനസികമായി അസ്വസ്ഥതനുഭവിക്കുന്നതാണ് എന്നതും ശ്രദ്ധേയമാണ്. ശിക്ഷാതടവുകാരില്‍ മൂന്നുപേരൊഴികെ ബാക്കിയുള്ളവരെല്ലാം വിവാഹിതരും കുട്ടികളുള്ളവരുമാണ്. ജയിലിലെ ആവശ്യത്തിനുള്ള പച്ചക്കറികൃഷിക്കുപുറമേ ബേക്കറി നിര്‍മാണയൂണിറ്റും പോള്‍ട്രിഫാമുമാണ് ഇവിടുത്തെ പ്രധാന വരുമാന സ്രോതസ്. ഇരുപത്തിഅയ്യായിരം രൂപയുടെ മാസവരുമാനമാണ് ജയിലില്‍നിന്നും ലഭിക്കുന്നത്. അന്തേവാസികളായ സ്ത്രീകളില്‍ മികച്ച തയ്യല്‍ക്കാരും ഉള്ളതിനാല്‍ ഫാഷന്‍ഡിസൈനിങ് യൂണിറ്റുകള്‍ കൂടി തുടങ്ങാനുള്ള ഒരുക്കത്തിലാണ് വിയ്യൂര്‍ വനിതാ ജയില്‍.

ഇരുപത്തിയേഴ് റിമാന്റ് പ്രതികളും ഒമ്പത് ശിക്ഷാതടവുകാരും പതിനാല് ഓപണ്‍ജയില്‍ അന്തേവാസികളും എട്ട് പരോളുകാരുമായി കേരളത്തിലെ ആദ്യത്തെ വനിതാജയിലായ തിരുവനന്തപുരം വനിതാതടവുകാരുടെ എണ്ണത്തില്‍ ഒന്നാമതാണ്. പ്രമാദമായ സ്വര്‍ണക്കടത്ത് കേസും എന്‍ഫോഴ്‌സ്‌മെന്റ് കേസുകളും അജ്ഞാതകാമുകനുവേണ്ടി നവജാതശിശുവിനെ വധിച്ച കേസുമുള്‍പ്പെടെയുള്ളവയില്‍ വിചാരണ നേരിടുന്നവരെ പാര്‍പ്പിച്ചിരിക്കുന്നത് ഇവിടെയാണ്. അറുപത്തിമൂന്നുവയസ്സുകാരിയായ ശിക്ഷാതടവുകാരിയുള്‍പ്പെടെ മുപ്പത്തിയാറ് പേരാണ് വിവിധകേസുകളിലായി ഒരേക്കര്‍ ഒമ്പതുസെന്റ് ഭൂമിയില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ നിലവിലുള്ളത്. നൂറ്റി ഏഴുപേരെ പാര്‍പ്പിക്കാന്‍ കപ്പാസിറ്റിയുള്ള ജയിലാണിത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ജനസംഖ്യ പരിശോധിക്കുമ്പോള്‍ 75-80 -നും ഇടക്കാണ് അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളുടെ ശരാശരി എണ്ണം. ശിക്ഷാതടവുകാരില്‍ മൂന്നുപേരൊഴികെയുള്ളവരെല്ലാം മാനസികമായി ആരോഗ്യവതികളാണ്. ബേക്കറി നിര്‍മാണയൂണിറ്റുകളും, ഫാഷന്‍ഡിസൈനിങ് യൂണിറ്റുകളും മറ്റുമായി ശരാശരി അമ്പത്തിഅയ്യായിരും രൂപയോളം മാസവരുമാനം നേടുന്ന ജയില്‍ കൂടിയാണ് ഇത്.

ഏറ്റവും ഒടുവിലായി പണികഴിപ്പിക്കപ്പെട്ടതും  ഇരുപത്തിനാലുപേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ളതുമായ ജയിലാണ് കണ്ണൂര്‍ വനിതാജയില്‍. രണ്ട് ഡോര്‍മെറ്ററികളാണ് ഇവിടെയുള്ളത്. രണ്ട് സെല്ലുകളിലായി പത്ത് ശിക്ഷാതടവുകാരും പന്ത്രണ്ട് റിമാന്റ് പ്രതികളുമാണ് നിലവില്‍ കണ്ണൂര്‍ വനിതാജയിലില്‍ ഉള്ളത്. കൊലപാതകം, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, മയക്കുമരുന്ന് ഉപയോഗം, കൈവശം വെക്കല്‍, വില്‍പന, മോഷണം തുടങ്ങി എല്ലാവിധ കേസുകളും ഇവിടെയുമുണ്ട്. ശിക്ഷാ തടവുകാരില്‍ രണ്ടുപേര്‍ മാനസികാസ്വാസ്ഥ്യമുള്ളവരാണ്. മൂന്ന് ഏക്കര്‍ മുപ്പത് സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജയിലില്‍ പതിനേഴോളം പശുക്കളുള്ള ഡെയറിഫാമും പച്ചക്കറിത്തോട്ടവും ഉണ്ട്. പാല്‍, പച്ചക്കറി,മാസ്‌ക് നിര്‍മാണം തുടങ്ങിയ ഇനങ്ങളിലായി ശരാശരി നാല്‍പതിനായിരം രൂപയുടെ മാസവരുമാനമുള്ള ജയിലാണ് കണ്ണൂര്‍ വനിതാ ജയില്‍.

പതിനെട്ടിനും അറുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള കുറ്റവാളികളും വിചാരണത്തടവുകാരും അന്യരാജ്യക്കാരും അന്യസംസ്ഥാനക്കാരും, അമ്മയും കുഞ്ഞും, അമ്മൂമ്മയും അമ്മയും കുഞ്ഞും സഹോദരങ്ങളും അയല്‍ക്കാരും കഴിയുന്നുണ്ട് കേരളത്തിലെ വനിതാജയിലുകളില്‍. തങ്ങളെ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചവര്‍ പഴുതുകളില്‍ രക്ഷതേടിയപ്പോള്‍, കൃത്യങ്ങളില്‍ പങ്കുചേര്‍ന്ന പുരുഷന്മാര്‍ തുല്യശിക്ഷയേറ്റുവാങ്ങി തൊട്ടകലെയുള്ള സെന്‍ട്രല്‍ ജയിലുകളിലുണ്ട്. കൊന്നുകളഞ്ഞത് തങ്ങളുടെ ഉറ്റവരെയും ഉടയവരെയും തന്നെയാണെന്ന ബോധ്യമില്ലാഞ്ഞിട്ടല്ല സംഭവിച്ചുപോയതിലുള്ള പശ്ചാത്താപത്തേക്കാള്‍ തങ്ങളങ്ങനെ ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. അകപ്പെട്ടിരിക്കുന്ന അമ്മയെ സമൂഹം അറിയേണ്ടതുണ്ട്; ഇനിയൊരമ്മയും ഇതുവഴി വരാതിരിക്കാന്‍.


*ഈ ലേഖനപരമ്പരയില്‍ ഉപയോഗിച്ചരിക്കുന്ന പേരുകള്‍ യഥാര്‍ഥമല്ല.

(തുടരും)