മനാമ: ഡയാലിസിസ് സഹായങ്ങള്‍ക്കും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ കൊറോണ പ്രതിസന്ധി മൂലം പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ കോഴിക്കോട് ഇക്ര ആശുപത്രിയുമായി ചേര്‍ന്ന് കഷ്ടതയനുഭവിക്കുന്ന രോഗികള്‍ക്കായി വെന്റിലേറ്റര്‍ സഹായം ഏര്‍പ്പെടുത്തിയിരിക്കുകയാണ് തണല്‍ ബഹ്‌റൈന്‍. ആവശ്യത്തിന് വെന്റിലേറ്റര്‍ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി രോഗികളെയും ആശുപത്രികളെയും ആണ് കൊറോണ പ്രതിസന്ധി കാലത്ത് നമുക്ക് കാണേണ്ടി വന്നത്. ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും അത്യാവശ്യമായ വെന്റിലേറ്റര്‍ പരമാവധി ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ദൗത്യമാണ് പിന്നീട് തണല്‍ ഏറ്റെടുത്തത്. ഇതിനോടകം തന്നെ നിരവധി വെന്റിലേറ്ററുകള്‍ ഇക്ര ആശുപത്രിയുമായി ചേര്‍ന്ന് തരപ്പെടുത്തുവാന്‍ തണലിനു കഴിഞ്ഞിട്ടുണ്ട്. തികച്ചും സൗജന്യമായാണ് വെന്റിലേറ്റര്‍ സൗകര്യം തണല്‍ നല്‍കിവരുന്നത്.

To advertise here,

തീര്‍ത്തും ജനോപകാരപ്രദമായ ഈയൊരു ദൗത്യത്തില്‍ പങ്കാളികളായി വെന്റിലേറ്റര്‍ നല്‍കുവാന്‍ ബഹ്റൈന്‍ തണല്‍ ചാപ്റ്ററും തുടക്കം കുറിച്ചിരിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് പ്രസിഡന്റ് അബ്ദുല്‍ മജീദ് തെരുവത്ത് പറഞ്ഞു. നാളിതുവരെയും തണലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നെഞ്ചിലേറ്റിയ ബഹ്റൈന്‍ പ്രവാസി സമൂഹം ഈയൊരു ഉദ്യമത്തെയും അകമഴിഞ്ഞ് സഹായിക്കും എന്ന് തന്നെയാണ് കരുതുന്നതെന്ന് തണല്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ ജീവകാരുണ്യ പ്രവര്‍ത്തനവുമായി സഹകരിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനുമായി തണല്‍ ഭാരവാഹികളായ നജീബ് കടലായി (33762255) ജനറല്‍ സെക്രട്ടറി മുജീബ് മാഹി (33433530), ചീഫ് കോര്‍ഡിനേറ്റര്‍ റഷീദ് മാഹി (39875579), വൈസ് പ്രസിഡണ്ട് ലത്തീഫ് ആയഞ്ചേരി (39605806) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.