റിയാദ്: മദീനയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടികൂടി മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി അബ്ദുൾ ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ(10) ആണ് മരിച്ചത്. ഇതോടെ മദീനയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

To advertise here,

ശനിയാഴ്ച വൈകീട്ടാണ് മദീനയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. മഞ്ചേരി വെള്ളില സ്വദേശി അബ്ദുൾ ജലീൽ (52), ഭാര്യ തസ്നി തോടേങ്ങൽ (40), മകൻ ആദിൽ (13), ജലീലിന്റെ മാതാവ് മൈമൂനത്ത് കക്കേങ്ങൽ എന്നിവർ അപകടത്തിൽ മരിച്ചിരുന്നു. ഹാദിയ ഫാത്തിമ അടക്കം ജലീലിന്റെ മറ്റു മൂന്നുമക്കൾക്ക് അപകടത്തിൽ പരിക്കേറ്റു. എന്നാൽ, ചികിത്സയിലിരിക്കെ ബുധനാഴ്ച ഹാദിയ ഫാത്തിമ മരണത്തിന് കീഴടങ്ങി. മറ്റു മക്കളായ ആയിഷ(15) നൂറ(7) എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ജലീലിന്റെ ഏഴ് മക്കളിൽ സൗദി സന്ദർശനത്തിൽ നാലു മക്കളാണുണ്ടായത്. മറ്റുമക്കളായ അദ്നാൻ, അൽ അമീൻ, ഹന എന്നിവർ നാട്ടിലാണ്. അപകടവിവരം അറിഞ്ഞ് ഇവർ തിങ്കളാഴ്ച മദീനയിൽ എത്തിയിരുന്നു. കൂടെ അബ്ദുൾ ജലീലിന്റെ രണ്ടു സഹോദരിമാരും ഒരു സഹോദരിയുടെ ഭർത്താവും നാട്ടിൽനിന്നുമദീനയിലെത്തി. തുടർന്ന് നാലുപേരുടെയും മൃതദേഹങ്ങൾ ബുധനാഴ്ച പുലർച്ചെയോടെ മദീനയിൽ കബറടക്കി.

30 വർഷത്തോളമായി ജിദ്ദയിലായിരുന്നു അബ്ദുൾ ജലീൽ. ഭാര്യയും നാല് കുട്ടികളും സന്ദർശന വിസയിലും ഉമ്മ മൈമൂനത്ത് ഉംറ വിസയിലുമാണ് ജിദ്ദയിലെത്തിയത്. ജിദ്ദയിൽനിന്ന് മദീന സന്ദർശനത്തിനായി പോകുന്നതിനിടെയായിരുന്നു അപകടം. മറ്റൊരു ട്രെയ്‌ലർ വാഹനത്തിന്റെ നിയന്ത്രണം വിട്ട് റോഡിനു കുറുകെ വീഴുകയും മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയുമായിരുന്നു.

കഴിഞ്ഞദിവസം യുഎഇയിലെ അബുദാബി-ദുബായ് റോഡിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുകുട്ടികളടക്കം അഞ്ച് മലയാളികൾ മരിച്ചിരുന്നു. മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൾ ലത്തീഫിന്റെയും വടകര സ്വദേശിനി റുക്‌സാനയുടെയും മക്കളായ അഷാസ്(14), അമ്മാർ(12), അസാം(8), അയാഷ്(5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്‌റ(48)യുമാണ് മരിച്ചത്. ഇവരുടെ കബറടക്കം കഴിഞ്ഞദിവസം ദുബായിൽ നടന്നു.