ദുബായ്: പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ മരണാന്തര നടപടികള്‍ എളുപ്പമാക്കാന്‍ ദുബായില്‍ പുതിയ സംവിധാനം ആരംഭിച്ചു. ഇതിനായി ദുബായ് ഹെല്‍ത്ത് അതോറിറ്റി 'ജാബര്‍' എന്ന പേരിലാണ് ഏകീകൃത സംവിധാനത്തിന് തുടക്കമിട്ടത്. മരണപ്പെട്ടവരുടെ രേഖകള്‍ ശരിയാക്കാന്‍ ബന്ധുക്കള്‍ വിവിധ ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കുകയാണ് ജാബര്‍ എന്ന എകീകൃതസംവിധാനത്തിന്റെ ലക്ഷ്യം.

To advertise here,

മരിച്ചവരുടെ കുടുംബത്തിനായി പ്രത്യേകമായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സേവനത്തിന് രംഗത്തുണ്ടാകും. ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചാല്‍ പുതിയ സംവിധാനത്തില്‍ ഓട്ടോമാറ്റിക്കായി തന്നെ മരണസര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യപ്പെടും. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വകുപ്പിലേക്കും ഇതിന്റെ നോട്ടിഫിക്കേഷന്‍ പോകും. 22 സര്‍ക്കാര്‍ വകുപ്പുകളാണ് പുതിയ സംവിധാനത്തിന് കീഴില്‍ ഏകീകരിക്കുക.

മയ്യത്ത് പരിപാലനം, കബറടക്കം എന്നീ ചടങ്ങുകള്‍ക്കായി 130-ലധികം സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കും. മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ വിയോഗത്തില്‍ കുട്ടികള്‍ക്ക് കൈത്താങ്ങാകാന്‍ 230 സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ഈ സംവിധാനത്തിലുണ്ടാകും. ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കാനും ഒത്തുചേരാനും 70 സ്ഥലങ്ങളില്‍ പ്രത്യേക ടെന്റുകള്‍ സജ്ജമാക്കും. പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന നടപടികള്‍ വേഗത്തിലാക്കാനും ഈ സംവിധാനം സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.