അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ മൂന്ന് പേരിലും ഒരു ഇന്ത്യക്കാരനുണ്ട്. യു.എ.ഇ, ജോർദാൻ സ്വദേശികളാണ് പരിക്കേറ്റ മറ്റുള്ളവർ.

To advertise here,

ഇതിനിടെ, ഇറാൻ നിരുപാധികം ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഗൾഫ് രാജ്യങ്ങളും ജോർദ്ദാനും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

അബുദാബിയിലെ സ്വയ്ഹാനിലാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ മിസൈൽ ആക്രമണം. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവെച്ച് യുഎഇ തകർത്തു. അവശിഷ്ടങ്ങൾ വീണ് രണ്ടു പേർ മരിച്ചതായും മൂന്ന് പേർക്ക് പരിക്കേറ്റതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി വാഹനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണെന്ന് യുഎഇ സ്ഥിരീകരിച്ചു.

ഇതോടെ, യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതിൽ മൂന്നുപേര് സൈനികരാണ്. മിസൈൽ ആക്രമണ ശ്രമമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തരമന്ത്രാലയം രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഏകപക്ഷീമായി ഇറാൻ നടത്തുന്ന ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ഒമാൻ ഒഴികെയുള്ള അഞ്ച് ജിസിസി രാജ്യങ്ങളും ജോർദ്ദാനും ചേർന്നാണ് ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. ഇറാന്റെ സ്ലീപ്പർ സെല്ലുകൾ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും ഇത് അപലപനീയമാണെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. യുഎഇ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കും ഇറാനിൽ നിന്നും ഇന്ന് ആക്രമണ ശ്രമങ്ങളുണ്ടായി.