കൊല്ലം: 31 വര്‍ഷത്തെ പോലീസ് ജീവിതത്തില്‍നിന്ന് എസ്ഐ ഷാജഹാന്‍ ശനിയാഴ്ച വിരമിക്കും. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി വീട്ടിലേക്കല്ല അദ്ദേഹം പോകുന്നത്, തന്റെ പ്രിയപ്പെട്ട സൈക്കിളുമായി 2025 കിലോമീറ്റര്‍ ദൂരം താണ്ടിയുള്ള ലഹരി ബോധവത്കരണ യാത്രയിലേക്കാണ്. ശനിയാഴ്ച വൈകീട്ട് തുടങ്ങുന്ന യാത്ര 14 ജില്ലകളിലും പര്യടനം നടത്തി കൊല്ലത്ത് സമാപിക്കും.

To advertise here,

2019-ല്‍ കൊല്ലത്തുനിന്ന് കാസര്‍കോടുവരെയും തിരികെ തിരുവനന്തപുരം വഴി കൊല്ലംവരെയും 1,700 കിലോമീറ്റര്‍ ദൂരം 14 ജില്ലകളിലൂടെ 'ഹെല്‍മെറ്റ് ധരിക്കൂ, സീറ്റ് ബെല്‍റ്റ് ഇടൂ' എന്ന സന്ദേശവുമായി സൈക്കിളില്‍ ബോധവത്കരണയാത്ര നടത്തിയിരുന്നു. ജീവന്‍രക്ഷായാത്ര എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെയും കേരള പോലീസ് അസോസിയേഷനുകളുടെയും സഹകരണത്തോടെയായിരുന്നു അന്നത്തെ യാത്ര. 

ജോലിചെയ്തിരുന്ന പോലീസ് സ്റ്റേഷനുകളിലേക്കും തിരികെ വീട്ടിലേക്കും സൈക്കിളിലായിരുന്നു ഷാജഹാന്റെ യാത്ര. 'വിരമിച്ചശേഷം കുടുംബത്തോടൊപ്പം സ്വസ്ഥജീവിതം നയിക്കുക എന്നതിലുപരിയായി നാടിനുവേണ്ടി അതേദിവസംതന്നെ സമൂഹത്തിലേക്ക് ഇറങ്ങാനാണ് പരിപാടി'- എ. ഷാജഹാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

31-ന് ഉച്ചയ്ക്ക് 12-ന് മന്ത്രി ജെ. ചിഞ്ചുറാണി സൈക്കിള്‍യാത്ര ഫ്‌ളാഗ്ഓഫ് ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ എം. മുകേഷ്, എം. നൗഷാദ്, ജില്ലാ പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. പത്രസമ്മേളനത്തില്‍ യാത്രാ കോഡിനേറ്റര്‍ എസ്. അജിത്തും പങ്കെടുത്തു.