കുമളി (ഇടുക്കി): പ്രകൃതിയെ എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ചുവടുവെപ്പുമായി പെരിയാർ കടുവാ സങ്കേതം. തേക്കടിയെ ഓട്ടിസം ബാധിതരായ കുട്ടികൾക്ക് അനുയോജ്യമായ പ്രകൃതിപഠന കേന്ദ്രമാക്കി മാറ്റാൻ ’ഇൻക്ലൂസീവ് പെരിയാർ’ എന്ന നൂതനപദ്ധതിക്കാണ് തുടക്കമിട്ടത്. ’കെടർ’ (സെന്റർ ഫോർ ഓട്ടിസം ആൻഡ് അതർ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എജുക്കേഷൻ) ഓട്ടിസം സെന്ററുമായി ചേർന്നാണ് വനംവകുപ്പ് പദ്ധതി ഒരുക്കുന്നത്. കുറച്ച് ദൂരത്തിൽ ഒത്തിരികാഴ്ച ഒത്തിരി അറിവ് എന്ന തരത്തിലാണ് കുട്ടികൾക്ക് പ്രകൃതിനടത്തം ഒരുക്കുന്നത്. കൂടാതെ ബോട്ടിങ്, പക്ഷിനിരീക്ഷണം ഉൾപ്പടെയുള്ളവയും ഉണ്ട്.

To advertise here,

ആശയവിനിമയശേഷിയിലും മറ്റും വ്യത്യസ്തത പുലർത്തുന്നവരാണിവരെന്ന് ഉൾക്കൊണ്ട്, സംരംഭത്തിന്റെ ഭാഗമാകുന്ന ജീവനക്കാർക്കായി സമഗ്രമാർഗരേഖ തയ്യാറാക്കിവരുന്നു.

ഓട്ടിസം ഒരു രോഗമല്ലെന്നും, മറിച്ച് ലോകത്തെ മറ്റൊരു രീതിയിൽ അനുഭവിക്കുന്ന അവസ്ഥയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഗൈഡുകളെയും ഈ മാർഗരേഖ ബോധ്യപ്പെടുത്തുന്നു. പുറമെ കാണുമ്പോൾ മറ്റ് കുട്ടികളെപ്പോലെ തന്നെയാണെങ്കിലും, ആശയവിനിമയം, സാമൂഹിക ഇടപെടലുകൾ, ശബ്ദങ്ങളോടും കാഴ്ചകളോടുമുള്ള പ്രതികരണം എന്നിവയിൽ ഇവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഈ മാർഗരേഖയിലുണ്ട്. കുട്ടികളുമായി ഇടപഴകേണ്ടിവരുന്ന വനംവകുപ്പ് ജീവനക്കാർ, ഗൈഡുകൾ തുടങ്ങിയവർക്കായി പ്രത്യേകപരിശീലനവും ബോധവത്‌കരണവും നടത്തി.

പദ്ധതി പ്രായോഗികതലത്തിൽ എത്തിക്കാൻ കഴിഞ്ഞദിവസം ’കെടർ’ വിദ്യാർഥികൾക്കായി തേക്കടിയിൽ സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പിൽ ഒമ്പതുകുട്ടികൾ പങ്കെടുത്തു. പ്രകൃതിയിലേക്കുള്ള ചുവടുവെപ്പിനെ കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് കണ്ടത്. പങ്കെടുത്ത കുട്ടികളുടെ പ്രതികരണം എടുക്കാനും വനംവകുപ്പ് ശ്രമിക്കും. കുട്ടികൾ എഴുതിയോ, വരച്ചോ തരുന്ന പ്രതികരണങ്ങൾ പരിഗണിച്ച് പദ്ധതി കൂടുതൽ വിപുലീകരിക്കും.

പെരിയാർ കടുവാസങ്കേതം ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദിന്റെ ആശയത്തിലാണ് പദ്ധതി രൂപംകൊണ്ടത്. പി.ടി.ആർ. ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജു, അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മി എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ, നേച്ചർ എജുക്കേഷൻ ഓഫീസർ സേതു പാർവതി എന്നിവരാണ് പരിപാടി ഏകോപിപ്പിക്കുന്നത്.