ചെന്നൈ: പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ എ. കൃതി വര്‍മയ്ക്ക് ഒരു പക്ഷേ, മറ്റാര്‍ക്കും കിട്ടിയിട്ടില്ലാത്ത സമ്മാനമാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വാഗ്ദാനം ചെയ്തത് - പുതിയ കൈകള്‍. നാലാംവയസ്സില്‍ രണ്ട് കൈയും മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റേണ്ടിവന്ന കൃതിയെ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകഴിഞ്ഞു. 

To advertise here,

കൃഷ്ണഗിരി ജില്ലയിലെ ജീനൂര്‍ ഗ്രാമത്തില്‍ നിന്നുള്ള കൃതിക്ക് പ്ലസ്ടു പരീക്ഷയില്‍ 600-ല്‍ 471 മാര്‍ക്കാണ് കിട്ടിയത്. കൈമുട്ടില്‍ പേന ഇറുക്കിപ്പിടിച്ച് പരീക്ഷ എഴുതിയ ബാലനെ പുതിയ കൈ വെച്ചുപിടിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് പത്താം ക്ലാസ് പാസായപ്പോള്‍ത്തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പ്ലസ്ടുവില്‍ നല്ല മാര്‍ക്ക് നേടിയാല്‍ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അന്ന് ഉറപ്പുനല്‍കിയതുമാണ്. വാഗ്ദാനം അദ്ദേഹം മറന്നില്ല. ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങളെല്ലാം ഉടന്‍ ചെയ്യാമെന്ന് പ്ലസ്ടു ഫലം വന്നപ്പോള്‍ അഭിനന്ദന സന്ദേശത്തില്‍ത്തന്നെ അദ്ദേഹം വ്യക്തമാക്കി. അതിനായി ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യനെ ചുമതലപ്പെടുത്തുകയും ചെയ്തു.

കൈകള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയക്കുള്ള പ്രാഥമിക തയ്യാറെടുപ്പുകള്‍ക്കായി കഴിഞ്ഞദിവസം കൃതിയെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവയവ ദാനത്തിനായി ട്രാന്‍സ്പ്ലാന്റ് അതോറിറ്റി ഓഫ് തമിഴ്നാട് (ട്രാന്‍സ്റ്റാന്‍)ല്‍ രജിസ്റ്റര്‍ ചെയ്തു. വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധനകള്‍ നടത്തി. മാനസികാരോഗ്യ വിദഗ്ധര്‍ കൗണ്‍സലിങ് നല്‍കി. ഇനി അനുയോജ്യമായ കൈകള്‍ക്കായി കാത്തിരിക്കണം.

മരണാനന്തരം അവയവദാനത്തിലൂടെ കൈകള്‍ കിട്ടിയാലേ ശസ്ത്രക്രിയ നടക്കൂ. മസ്തിഷ്‌കമരണം സംഭവിച്ച് ആറ് മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തണം. കൃതിക്ക് 17 വയസ്സായതേയുള്ളൂ. അതുകൊണ്ട് 40 വയസ്സില്‍ താഴെയുള്ളവരുടെ കൈകള്‍ ലഭിക്കണം. രക്തഗ്രൂപ്പ് ഒന്നാവുകയും വേണം. തമിഴ്നാട്ടില്‍ 2018-ന് ശേഷം എട്ടുപേര്‍ക്ക് കൈകള്‍ മാറ്റിവെച്ചിട്ടുണ്ട്. 26 പേര്‍ ഇപ്പോള്‍ കൈകള്‍ക്കായി കാത്തിരിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നെങ്കില്‍ 50 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് സ്റ്റാന്‍ലി ആശുപത്രിയില്‍ സൗജന്യമായി ചെയ്യുന്നത്.

എന്‍ജിനിയറിങ്ങിന് ചേരാനാണ് കൃതിക്ക് താത്പര്യം. അമ്മ കസ്തൂരിക്ക് തൊഴിലുറപ്പ് ജോലിയില്‍നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ചികിത്സാ സൗകര്യത്തിനായി കൃതി ചെന്നൈയില്‍ പഠിക്കുകയാണെങ്കില്‍ അതിന്റെ ചെലവ് വഹിക്കാമെന്ന് ഒരു സന്നദ്ധസംഘടന വാഗ്ദാനം ചെയ്തിട്ടുണ്ട്. കളിക്കുന്നതിനിടെ വൈദ്യുതിലൈനില്‍നിന്ന് ഷോക്കേറ്റതിനെ തുടര്‍ന്നാണ് കൃതിയുടെ കൈകള്‍ മുറിച്ചുമാറ്റേണ്ടി വന്നത്.