പന്തളം: മരം തരുന്ന തണലാണ് മനുവിന് വരം. മരങ്ങളോടുള്ള മനുവിന്റെ സ്‌നേഹം നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കുംകൂടി അനുഗ്രഹമായത് ഇത്തവണത്തെ കടുത്ത വേനലിലാണ്. റോഡില്‍ ടാറുരുകുന്ന ചൂട് താങ്ങാനാകാതെ അവര്‍ മനു നട്ട മരങ്ങളുടെ തണലില്‍ വിശ്രമിച്ചു. വഴിയോരത്തെ ചുട്ടുപൊള്ളുന്ന വെയിലില്‍ കച്ചവടം നടത്തിയിരുന്നവരും മരത്തണലില്‍ അഭയംതേടി.

To advertise here,

15 വര്‍ഷം മുമ്പാണ്, തുമ്പമണ്‍ മുട്ടം വഴങ്ങനാമുട്ടം വീട്ടില്‍ മനു ജോണ്‍ മരങ്ങള്‍ നട്ടുതുടങ്ങിയത്. പന്തളം-പത്തനംതിട്ട റോഡില്‍ തുമ്പമണ്‍ കവലയ്ക്കുസമീപമായിരുന്നു ഇത്. ഇവിടെ നട്ട ഞാവലും ബദാമുമെല്ലാം വളര്‍ന്നു. കിളികള്‍ക്ക് ഞാവല്‍പഴം തീറ്റയായി. മരങ്ങള്‍ നട്ടപ്പോള്‍ത്തന്നെ അടിസ്ഥാനവളവും ഇട്ടുകൊടുത്തിരുന്നു.

ആരും നശിപ്പിക്കാതിരിക്കാനായി വേലികെട്ടി. വലുതായപ്പോള്‍ കരിങ്കല്ല് അടുക്കി തറയുണ്ടാക്കിയും സംരക്ഷിച്ചു. വിദ്യാര്‍ഥിയായ മകന്‍ സ്റ്റാലിന്‍ മനുവും സഹായത്തിനുണ്ടായിരുന്നു. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങി ജനങ്ങള്‍ സേവനം തേടിയെത്തുന്ന പൊതുസ്ഥലങ്ങളിലെല്ലാം മനു തണലൊരുക്കിക്കൊണ്ടിരിക്കുന്നു.

പലയിടത്തും സാമൂഹികവിരുദ്ധശല്യവും പരിപാലിക്കാന്‍ ആളുകള്‍ മുന്നോട്ടുവരാത്തതുമെല്ലാം പ്രശ്‌നമാണെന്ന് മനു പറയുന്നു. മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനനുസരിച്ച് പുതിയത് നട്ടുപിടിപ്പിക്കണം. പ്ലംബിങ്ങും വയറിങ്ങും നടത്തുന്ന മനുവിന് പ്രകൃതിയോടിണങ്ങി ജീവിക്കാനാണ് ഇഷ്ടം. ആരുടെയെങ്കിലും സഹായമുണ്ടായാല്‍ ദൂരസ്ഥലങ്ങളിലും മരങ്ങള്‍ നട്ടുവളര്‍ത്താന്‍ മനു ഒരുക്കമാണ്.