ഏറെ ആഗ്രഹിച്ചുകിട്ടിയ സൈക്കിള്‍ മൂന്നാംദിവസം കള്ളന്‍ കൊണ്ടുപോയപ്പോള്‍ ഇരട്ട സഹോദരിമാരായ വൈഗയും വൈഷ്ണയും പൊട്ടിക്കരഞ്ഞുപോയി. കൂട്ടുകാര്‍ക്കൊപ്പം സൈക്കിളില്‍ പള്ളിക്കൂടത്തിലെത്താനാഗ്രഹിച്ചപ്പോള്‍ കിട്ടിയതാണത്. കുട്ടികളുടെ സങ്കടം നാടിന്റെയും വേദനയായതോടെ നാട്ടാരൊന്നിച്ചു. കൂട്ടായ്മയുടെ കരുത്തില്‍ അവര്‍ പുതിയൊരു സൈക്കിള്‍ വാങ്ങി നല്‍കി.

To advertise here,

ചേര്‍ത്തല നഗരസഭയിലെ കരുവയില്‍ രണ്ടാഴ്ചയായി നടക്കുന്ന സൈക്കിള്‍ മോഷണത്തിലെ 'ഇര'യായിരുന്നു ഇവരുടെ സൈക്കിളും. ബസ് റൂട്ടില്ലാത്ത സ്ഥലമായ ഇവിടെനിന്ന് നഗരത്തിലെ സെയ്ന്റ് മേരീസ് സ്‌കൂളിലെത്താന്‍ എട്ടാംക്‌ളാസ് വിദ്യാര്‍ഥിനികളായ കെ.എസ്. വൈഗയും കെ.എസ്. വൈഷ്ണയും ഏറെ കഷ്ടപ്പെട്ടിരുന്നു. കൂട്ടുകാരില്‍ പലരും സൈക്കിളില്‍ പോകുന്നത് കൊതിയോടെ കണ്ടു.

പക്ഷേ, അവരത് ആഗ്രഹിക്കുന്നതെങ്ങനെ. അപകടത്തില്‍ പരിക്കേറ്റ് തളര്‍ന്നു കിടപ്പാണ് അച്ഛന്‍ സജിമോന്‍ (43). പ്രതിസന്ധികളില്‍ പതറാതെ ജീവിതത്തോട് ഒറ്റയ്ക്കു പൊരുതുന്ന അമ്മ പുഷ്പലത. സൈക്കിള്‍ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍പോലും അമ്മയ്ക്കു കഴിയുമായിരുന്നില്ല. ഇതറിഞ്ഞ് പുഷ്പലതയുടെ വീട്ടുകാരാണ് കടംവാങ്ങിയും മറ്റും കഴിഞ്ഞ ദിവസം ഇരുവര്‍ക്കുമായി ഒരു സൈക്കിള്‍ വാങ്ങിക്കൊടുത്തത്. രണ്ടുദിവസം അതില്‍ സ്‌കൂളില്‍പ്പോയി. മൂന്നാംനാള്‍ രാവിലെ നോക്കുമ്പോള്‍ മുറ്റത്തു സൈക്കിളില്ല.

മക്കളുടെ കണ്ണീരിനു മുന്നില്‍ നിസ്സഹായനായിരിക്കാനേ സജിമോനായുള്ളൂ. പക്ഷേ, നാട് അവരെ ചേര്‍ത്തുപിടിച്ചു. കനിവില്ലാതെ കള്ളന്‍ കവര്‍ന്ന 'സൈക്കിള്‍ സ്വപ്നം' അവര്‍ യാഥാര്‍ഥ്യമാക്കി. തിങ്കളാഴ്ച വൈകീട്ടോടെ പകരം സൈക്കിള്‍ വാങ്ങിനല്‍കി. കരുവ ആറാശ്ശേരി കണ്ടനാട്ടു(മഹിമ) വീട്ടിലാണ് കുടുംബം താമസിക്കുന്നത്.

നാട്ടുകാരായ ഷിനോദ്, കെ.പി. മധു, സുഭാഷ്, എം.എസ്. ജിജി, എം.എല്‍. ഉണ്ണി, എം.എസ്.സിബി, ജിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സൈക്കിള്‍ കൈമാറിയത്.

സ്‌കൂള്‍ തുറന്നശേഷം കരുവ ആറാശ്ശേരി പ്രദേശത്തുനിന്ന് ഏഴു സൈക്കിളാണ് മോഷണം പോയത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയായിട്ടില്ല. നാടറിയുന്ന കള്ളനാണ് പിന്നിലെന്നാണ് നാട്ടുകാരുടെ നിഗമനം.