നെയ്യാറ്റിൻകര: ബസ് യാത്രയ്ക്കിടെ മാലയുടെ സ്വർണ ലോക്കറ്റ് നഷ്ടപ്പെട്ടു. ലോക്കറ്റ് കണ്ടെത്തിയ വനിതാ കണ്ടക്ടർ അത് ഉടമയ്ക്ക് തിരികെ നൽകി. മാതൃകാപ്രവർത്തനത്തിനു വനിതാ കണ്ടക്ടർക്ക് കെ.എസ്.ആർ.ടി.സി. ആദരവ് നൽകി. പഴയകട കുളത്തൂർ സ്വദേശിനി ആർ.എൽ. ആതിരയ്ക്കാണ് മഞ്ചവിളാകംവഴി കാരക്കോണത്തേക്കുള്ള ബസ് യാത്രയ്ക്കിടെ മാലയുടെ സ്വർണ ലോക്കറ്റ് നഷ്ടമായത്. ടിക്കറ്റ് നൽകിയശേഷം സീറ്റിലിരിക്കുമ്പോഴാണ് കണ്ടക്ടർ ബി.എസ്.സുമ എതിർവശത്തെ സീറ്റിനടിയിൽ സ്വർണ ലോക്കറ്റ് കണ്ടെത്തിയത്.

To advertise here,

തുടർന്ന് ബസിലുള്ളവർക്ക് ലോക്കറ്റ് നഷ്ടമായോടെന്ന് അന്വേഷിച്ചു. എന്നാൽ ആർക്കും ലോക്കറ്റ് നഷ്ടമായില്ലെന്നറിഞ്ഞതോടെ സുമ ഇക്കാര്യം നെയ്യാറ്റിൻകര സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു.

ട്രിപ്പ് പൂർത്തിയാക്കി ഡിപ്പോയിൽ മടങ്ങിയെത്തുമ്പോഴേക്കും ലോക്കറ്റ് നഷ്ടമായ ആതിരയും ഭർത്താവും ഡിപ്പോയിൽ എത്തിയിരുന്നു. ആതിരയുടെ വിവാഹമാലയിലെ അരപ്പവന്റെ ലോക്കറ്റാണ് നഷ്ടപ്പെട്ടിരുന്നത്. ലോക്കറ്റ് ആതിരയുടേതാണ് എന്ന് ഉറപ്പുവരുത്തിയശേഷം എ.ടി.ഒ.യുടെ നിർദേശപ്രകാരം ഇത് ഉടമയ്ക്കു നൽകുകയായിരുന്നു.

എ.ടി.ഒ. കെ.ജി. സൈജു, കണ്ടക്ടർ ബി.എസ്. സുമ, ഡ്രൈവർ പ്രദീപ്കുമാർ, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ പി. വിനോദ്കുമാർ, സ്റ്റേഷൻ മാസ്റ്റർ ബൈജു, ബാരിഷ ബീവി എന്നിവർ ചേർന്ന് ആതിരയ്ക്ക് ലോക്കറ്റ് കൈമാറി. അഭിനന്ദനാർഹമായ പ്രവൃത്തി കാഴ്ചവെച്ച കണ്ടക്ടർ സുമയെയും ഡ്രൈവർ പ്രദീപ്കുമാറിനെയും കെ.എസ്.ആർ.ടി.സി. ആദരിച്ചു.