ശ്രീകണ്ഠപുരം: വാഹനാപകടങ്ങൾ കഴിഞ്ഞാൽ ജില്ലയിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെടുന്നത് ജലാശയങ്ങളിലാണ്. നീന്തൽ അറിയാത്തതിനാൽ ഒട്ടേറെ പേരുടെ ജീവനാണ്‌ പുഴയിലും കുളത്തിലും നഷ്ടമാകുന്നത്. കുട്ടികളാണ്‌ മരിക്കുന്നവരിൽ ഭൂരിഭാഗവും. ഈ ദുരന്തം ഒഴിവാക്കാൻ നീന്താൻ പഠിപ്പിക്കുക മാത്രമാണ് ഏക പ്രതിവിധിയെന്ന ബോധ്യത്തിൽ ഒരു നാടിനെയാകെ നീന്തൽ പഠിപ്പിക്കുകയാണ് മലപ്പട്ടം കൊവുന്തലയിലെ അഴീക്കോടൻ സ്മാരക വായനശാല. അഞ്ചുവയസ്സുമുതൽ 50 വയസ്സുവരെയുള്ള നൂറിലധികം നാട്ടുകാരാണ്‌ ഒരുമാസത്തിനിടെ കൊവുന്തലയിലെ കുളത്തിൽനിന്ന് നീന്തൽ പഠിച്ചത്.

To advertise here,

ജീവൻരക്ഷോപാധി, കുട്ടികൾക്ക് മികവു തെളിയിക്കാനാകുന്ന കായികയിനം എന്നിങ്ങനെ രണ്ട് തലങ്ങൾ കണക്കിലെടുത്താണ് നാട്ടിലുള്ളവർക്ക് സൗജന്യമായും ശാസ്ത്രീയമായും നീന്തൽ പരിശീലനം നൽകാൻ വായനശാല തീരുമാനിച്ചത്. ജൂൺ അവസാനവാരത്തിൽ തുടങ്ങിയ നീന്തൽ പരിശീലനത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. വർഷങ്ങളായി നീന്തൽ പഠിക്കാൻ അഗ്രഹമുണ്ടായിട്ടും പരിശീലനത്തിനായി മുന്നിട്ടിറങ്ങാത്തവരും പലതവണ ശ്രമിച്ചിട്ടും പഠിക്കാൻ കഴിയാത്തവരുമൊക്കെ തങ്ങളുടെ ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ്. കൊവുന്തലയിലെ മാത്രമല്ല പരിസര ഗ്രാമങ്ങളിലെയും ആളുകൾ നീന്തൽ പഠിക്കാൻ എത്തിയിരുന്നു. ഫയർ റസ്ക്യൂ ഓഫീസറും സ്കൂബാ ഡൈവറും വായനശാലയുടെ ജോ. സെക്രട്ടറിയുമായ കെ.കെ. വിജിലാണ് പരിശീലകൻ. രാവിലെയും വൈകീട്ടും അവധി ദിവസങ്ങളിലുമൊക്കെയായാണ് നീന്തൽ പരിശീപ്പിച്ചത്. ഭയം മാറ്റി മൂന്നുദിവസം കൊണ്ടുതന്നെ ആളുകൾക്ക് നീന്തൽ പഠിക്കാൻ സാധിക്കുമെന്ന് വിജിൽ പറഞ്ഞു. പ്രദേശവാസികളായ സന്ദീപ്, ആകർഷ് എന്നിവർ സഹപരിശീലകരാണ്. കൂടാതെ നീന്തൽ അറിയുന്ന നാട്ടുകാരും സഹായിക്കാനെത്താറുണ്ട്.

പാസിങ് ഔട്ട് ചടങ്ങ്

നീന്തൽ പരിശീലനം പൂർത്തിയാക്കിയവരുടെ പാസിങ് ഔട്ട് ചടങ്ങ് ഞായറാഴ്ച 2.30-ന് നടക്കും. ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. നീന്തൽ താരവും ടൂറിസം വകുപ്പ് ലൈഫ് ഗാർഡുവായ ചാൾസ് ഏഴിമല മുഖ്യാതിഥിയാകും. നീന്തൽ പരിശീലകൻ കെ.കെ. വിജിൽ, സഹപരിശീലകരായ സന്ദീപ്, ആകർഷ് എന്നിവരെ അനുമോദിക്കും. കെ.സി. അനിൽകുമാർ സെക്രട്ടറിയായും കെ.വി. സുരേന്ദ്രൻ പ്രസിഡൻറായും പ്രവർത്തിക്കുന്ന വായനശാല കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അടുത്ത ഘട്ടത്തിൽ സമ്പൂർണ നീന്തൽ ഗ്രാമമാക്കി കൊവുന്തലയെ മാറ്റുകയാണ് വായനശാലയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

നീന്തൽ നല്ലൊരു വ്യായാമം കൂടിയാണ്

ജീവിതശൈലീരോഗങ്ങൾ പിടിമുറുക്കുന്ന കാലത്ത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ഒരുമിച്ച്‌ പ്രവർത്തിപ്പിക്കുന്ന നല്ലൊരു വ്യായാമമാണ് നീന്തൽ. നീന്തൽപരിശീലനത്തിലൂടെ നമ്മൾ ഒരു ജീവിതനൈപുണി പഠിപ്പിക്കുക മാത്രമല്ല, നമ്മുടെ ഭാവി സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. അവശ്യഘട്ടങ്ങളിൽ സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ അപകടങ്ങളിൽനിന്ന്‌ രക്ഷിക്കാനുമുള്ള ആത്മവിശ്വാസവും കഴിവും നേടിയെടുക്കാനും കഴിയും. നീന്തൽ പരിശീലനവുമായി ബന്ധപ്പെട്ട വായനശാലയുടെ പ്രവർത്തനങ്ങൾ തുടരും. വായനശാല പ്രസിഡന്റ് കെ.വി. സുരേന്ദ്രൻ പറഞ്ഞു.