കൊടുങ്ങല്ലൂർ: വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു. ഉടമയുടെ മൊബൈലിൽ സന്ദേശമെത്തി, വൈകാതെ പോലീസെത്തി വളഞ്ഞിട്ട് പ്രതിയെ പിടികൂടി. കുപ്രസിദ്ധമോഷ്ടാവ് സ്‌പൈഡർ സാബു എന്നു വിളിക്കുന്ന സുൽത്താൻബത്തേരി വെങ്ങുരുക്കുന്നു പ്ലാമൂട്ടിൽ വീട്ടിൽ സാബു(55)വാണ് അറസ്റ്റിലായത്.

To advertise here,

ഞായറാഴ്ച രാത്രി 11-ന് കൊടുങ്ങല്ലൂർ തെക്കേനടയിലെ ചാണയിൽ രാജീവിന്റെ വീട്ടിൽ മോഷണം നടത്തുന്നതിനിടയിലാണ് പോലീസ് മോഷ്ടാവിനെ പിടികൂടിയത്. മസ്‌കറ്റിൽ എൻജിനീയറായ രാജീവ് സംഭവം നടക്കുമ്പോൾ തൃക്കാക്കരയിലുള്ള ഭാര്യവീട്ടിലായിരുന്നു. കൊടുങ്ങല്ലൂരിലെ വീടിനകത്ത് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം മൊബൈൽ ഫോണിൽ സന്ദേശമായി എത്തുകയായിരുന്നു.

ഉടനെ സുഹൃത്തും നഗരസഭാ കൗൺസിലറുമായ സി.പി. രമേശനെ വിളിച്ച് വിവരം പറഞ്ഞു. ഇദ്ദേഹം ഉടനെ കൊടുങ്ങല്ലൂർ പോലീസിൽ വിവരം അറിയിച്ചു. എസ്.ഐ. അതുൽമോഹന്റെ നേതൃത്വത്തിൽ പോലീസ്‌സംഘം വീട്ടിലേക്ക്‌ പാഞ്ഞെത്തി. ഗേറ്റ് പൂട്ടിയതിനാൽ മതിൽ ചാടിക്കടന്ന് വീട് വളഞ്ഞു. വീടിന്റെ മുകൾനിലയിൽ വെളിച്ചം കണ്ടതോടെ മോഷ്ടാവ് അകത്തുണ്ടെന്ന് ഉറപ്പായി. വൈകാതെ പണം കവർന്ന് ജനൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി.

കെട്ടിടനിർമാണം നടക്കുന്ന തൊട്ടടുത്ത പറമ്പിൽനിന്ന് കമ്പിപ്പാരയെടുത്ത് പിൻഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. ചോദ്യംചെയ്യലിലാണ് വിവിധ ജില്ലകളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ട സാബു ആണെന്ന് തിരിച്ചറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസിലും 12 മോഷണക്കേസുകളിലും 13 ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാൾ. ജി.എസ്.ഐ. സജീവ്, ഡി.വി.ആർ. സി.പി.ഒ. അമൽദേവ്, സി.പി.ഒ.മാരായ ജാബിർ, മുഹീബ് റഹ്‌മാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.