അഗളി: രണ്ടുമണിക്കൂര്‍ ആ കുഞ്ഞിന്റെ അമ്മ മാത്രമല്ല, ആശുപത്രി അധികൃതരും പോലീസുമെല്ലാം മുള്‍മുനയിലായിരുന്നു. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വിവരം കിട്ടിയതോടെയാണ് കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എല്ലാവര്‍ക്കും ശ്വാസം നേരേ വീണത്. കൃത്യമായ ആസൂത്രണത്തോടെയാണ് നിമ്മി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് അഗളി പോലീസ് പറഞ്ഞു. 

To advertise here,

കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് യുവതി തട്ടിക്കൊണ്ടുപോയത്. രണ്ടു മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തിയ അഗളി പോലീസ് യുവതിയെ പിടികൂടി. മേലെ മുള്ളി ഉന്നതിയിലെ സംഗീതയുടേതാണ് കുഞ്ഞ്. ആനക്കല്ല് ഉന്നതിയിലെ നിമ്മിയാണ് (30) പിടിയിലായത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സംഗീത ഉച്ചഭക്ഷണം വാങ്ങാന്‍ പോയപ്പോഴാണ് യുവതി കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്. രണ്ട് മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ താവളം ആനക്കല്ലിലെ നിമ്മിയുടെ വീട്ടില്‍ നിമ്മിയെയും കുഞ്ഞിനെയും അഗളി പോലീസ് കണ്ടെത്തി. വൈകീട്ട് നാലോടെ കുഞ്ഞിനെ കോട്ടത്തറ ആശുപത്രിയിലെത്തിച്ച് സംഗീതയ്ക്ക് കൈമാറി.

വലിയമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ പരിചരിക്കാനാണ് നിമ്മി കോട്ടത്തറ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് 11 വയസ്സുകാരന്റെ കൂട്ടിരിപ്പുകാരിയാണെന്ന് പറഞ്ഞ് കുട്ടികളുടെ വാര്‍ഡിലെത്തുകയായിരുന്നു. കുഞ്ഞിന് തൂക്കക്കുറവും വയറിളക്കവുമായി 23 ദിവസം മുന്‍പാണ് സംഗീത ആശുപത്രിയിലെത്തിയത്. സംഗീതയുമായി നിമ്മി സൗഹൃദം സ്ഥാപിച്ചിരുന്നു.

സംഗീത എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുമ്പോള്‍ കുഞ്ഞിനെ നോക്കിയിരുന്നത് നിമ്മിയായിരുന്നു. ശനിയാഴ്ച പതിവുപോലെ സംഗീത ഭക്ഷണം വാങ്ങാനിറങ്ങിയപ്പോഴാണ് കുഞ്ഞിനെ നിമ്മി തട്ടിക്കൊണ്ടുപോയത്. ഫോണിന്റെ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിമ്മി പിടിയിലായത്. 

ഒന്‍പതുമാസം മുന്‍പ് വിവാഹം കഴിഞ്ഞ നിമ്മി ഭര്‍ത്താവിനൊപ്പം കോയമ്പത്തൂരിലായിരുന്നു. രണ്ട് മാസം മുന്‍പ് വീട്ടിലെത്തി. ഒരാഴ്ചയ്ക്കുശേഷം ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവിനോട് ഫോണില്‍ വിളിച്ചുപറഞ്ഞു. ജോലിത്തിരക്കിനിടയില്‍ ഭര്‍ത്താവിന് വീട്ടിലേക്കു വരാന്‍ കഴിഞ്ഞില്ല. സംഗീത കുഞ്ഞുമായി ചികിത്സയ്‌ക്കെത്തിയതോടെ, താന്‍ കുഞ്ഞിനെ പ്രസവിച്ചതായും കുഞ്ഞിന് തൂക്കക്കുറവുള്ളതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പറഞ്ഞു. 

ശനിയാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്ത് കോട്ടത്തറ ആശുപത്രിയിലെത്തിയെന്നും ഇവിടെനിന്നു കൊണ്ടുപോകാന്‍ വരണമെന്നും ഭര്‍ത്താവിനോട് പറഞ്ഞു. ഉച്ചയോടെ ഭര്‍ത്താവ് വാഹനവുമായി വന്നതോടെ കുഞ്ഞുമായി നിമ്മി കടന്നുകളയുകയായിരുന്നു. കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. പത്മനാഭന്‍ പോലീസില്‍ അറിയിച്ചയുടന്‍ അഗളി പോലീസ് അട്ടപ്പാടിയിലെ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. 

അഗളി ഡിവൈഎസ്പി ആര്‍. അശോകന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ രാജേഷ്, അബ്ദുല്‍ ഖയ്യും, ആനന്ദ്, എഎസ്‌ഐമാരായ റെജിമോന്‍, സലീന, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനോയ്, ധനേഷ്, ഹോം ഗാര്‍ഡ് ശോഭ എന്നിവരാണ് കുഞ്ഞിനെ കണ്ടെത്തിയതും നിമ്മിയെ പിടികൂടിയതും.

കണ്ണീര്‍ തോരാതെ സംഗീത കാത്തിരുന്നു

കുഞ്ഞിനെ നഷ്ടപ്പെട്ട് മറ്റുള്ളവരുടെ കുറ്റപ്പെടുത്തലില്‍ തോരാത്ത കണ്ണീരുമായി സംഗീത കുഞ്ഞിനായി കാത്തിരുന്നത് നാല് മണിക്കൂര്‍. മേലെ മുള്ളിയില്‍നിന്ന് 23 ദിവസം മുന്‍പാണ് നാലുമാസം പ്രായമുള്ള കുഞ്ഞുമായി സംഗീത കോട്ടത്തറ ആശുപത്രിയിലെത്തിയത്. ആറ് വയസ്സുള്ള മറ്റൊരു മകള്‍ വീട്ടിലാണ്.

ഭര്‍ത്താവ് മാധവന്‍ രാവിലെ പണിക്ക് പോകുന്നതിനാല്‍ വൈകുന്നേരമേ ആശുപത്രിയിലെത്തൂ. ഇതിനിടയിലാണ് നിമ്മി 11 വയസ്സുകാരന്റെ കൂട്ടിരിപ്പുകാരിയെന്ന നിലയില്‍ എത്തിയത്. പെട്ടെന്നുതന്നെ സംഗീതയുമായി നിമ്മി സൗഹൃദത്തിലായി. ശനിയാഴ്ചയും ഒരുമണിക്ക് പതിവുപോലെ സംഗീത ഭക്ഷണം വാങ്ങാനിറങ്ങിയപ്പോഴാണ് നിമ്മി കുഞ്ഞുമായി കടന്നത്. തിരികെയെത്തി നിമ്മിയുടെ ഫോണില്‍ സംഗീത വിളിച്ചിരുന്നു. 

ആശുപത്രിക്ക് മുന്‍പിലുണ്ടെന്ന് നിമ്മി പറഞ്ഞതോടെ അവിടെയെത്തി നിമ്മിയെ വിളിച്ചു. ഗൂളിക്കടവിലാണ്, ഇപ്പോള്‍ എത്താമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നെയും വിളിച്ചെങ്കിലും നിമ്മി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ സംഗീത ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.