ആലപ്പുഴ: തുറവൂർ താലൂക്കാശുപത്രിയിലെ പ്രസവമുറിക്കു മുകളിൽ തീപടരുമ്പോൾ എരമല്ലൂർ സ്വദേശിനി പ്രീതി പ്രസവവേദനയോടെ അവിടത്തെ ലേബർ റൂമിലായിരുന്നു. തീപ്പിടിത്തത്തിന്റെ അവശിഷ്ടങ്ങൾ മുകളിൽനിന്ന് ലേബർ റൂമിലും പരിസരത്തും വീണുകൊണ്ടിരുന്നു. പ്രീതിയെ എത്രയും പെട്ടെന്ന് അവിടെനിന്നു മാറ്റി പ്രസവം സുരക്ഷിതമാകണം.

To advertise here,

തുറവൂർ താലൂക്കാശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ നീനാ ചന്ദ്രനും നഴ്സുമാരും ആംബുലൻസ് ഡ്രൈവർ ലിജുവും ആ വെല്ലുവിളി ഏറ്റെടുത്തു. കിലോമീറ്ററുകൾക്കപ്പുറത്തുള്ള ചേർത്തല കിൻഡർ ആശുപത്രിയിലേക്ക് പ്രീതിയുമായി ആംബുലൻസ് ഉടൻ ശരവേഗത്തിൽ പാഞ്ഞു. അവിടെയെത്തി മിനിറ്റുകൾക്കകം പ്രീതിക്കൊരു പെൺകുഞ്ഞു പിറന്നു.

പ്രസവവേദനയെത്തുടർന്ന് എരമല്ലൂർ കരിയിൽ അശ്വിന്റെ ഭാര്യ കെ.പി. പ്രീതിയെ ചൊവ്വാഴ്ച രാവിലെയാണു തുറവൂർ ആശുപത്രിയിലെ ലേബർ റൂമിൽ പ്രവേശിപ്പിച്ചത്. മുകൾനിലയിൽ തീപടർന്ന വാർത്ത പരന്നതോടെ ഗർഭിണികളെയും കുട്ടികളെയും പ്രസവം കഴിഞ്ഞവരെയും ഉടൻ മാറ്റണമെന്ന നിർദേശം വന്നു.

കഴിഞ്ഞദിവസം പിറന്ന മൂന്നു കുഞ്ഞുങ്ങളും അവരുടെ അമ്മമാരും ഉണ്ടായിരുന്നു. കുഞ്ഞുങ്ങളെ എടുത്തുകൊണ്ടോടാൻ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളോട് അധികൃതർ ആവശ്യപ്പെട്ടു. അമ്മമാരെയും ഉടൻ മാറ്റി.

എന്നാൽ, പ്രസവത്തിനു കയറ്റിയ പ്രീതിയുടെ കാര്യമായിരുന്നു പ്രശ്‌നം. പ്രസവവേദനയാൽ പുളയുകയായിരുന്നു പ്രീതി. മിനിറ്റുകൾക്കകം പ്രസവം നടക്കുമെന്ന അവസ്ഥ. പക്ഷേ, കാത്തിരിക്കാൻ പറ്റില്ല. ഒടുവിൽ, പ്രീതിയെ അവിടെനിന്നു മാറ്റാൻ ഡോ. നീന തീരുമാനിച്ചു. സ്ട്രെച്ചറിൽ ജീവനക്കാർ ഉടൻ താഴെയിറക്കിയപ്പോൾ ആംബുലൻസ് സ്റ്റാർട്ടാക്കി ഡ്രൈവർ തയ്യാറായിരുന്നു.

ഡോക്ടറും നഴ്സിങ് സ്റ്റാഫുമാരായ ലിജി, ഫ്രീഡ, മരിയ മാർട്ടിൻ എന്നിവരും ഭർത്താവും പ്രീതിക്കൊപ്പം ആംബുലൻസിൽ കയറി. ദേശീയപാതയുടെ പണിയും വിഷുത്തിരക്കും മൂലമുള്ള വൻ ഗതാഗതക്കുരുക്കഴിച്ച് മിനിറ്റുകൾക്കകം 13 കിലോമീറ്റർ പിന്നിട്ട് ആംബുലൻസ് ചേർത്തലയിലെ ആശുപത്രിയിലെത്തി.

10.40 കഴിഞ്ഞപ്പോൾ പ്രീതിയെ അവിടത്തെ ലേബർ റൂമിൽ കയറ്റി. പത്തു മിനിറ്റിനുള്ളിൽ പെൺകുഞ്ഞിനു ജന്മം നൽകി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കിൻഡർ ആശുപത്രി അധികൃതർ സൗജന്യമായാണ് സേവനം നൽകിയത്.