
പാലക്കാട്: കൊച്ചി വിമാനത്താവളത്തിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിമുതൽ സർവേഷും സൗമ്യയും കാത്തിരിപ്പിലായിരുന്നു, തങ്ങളുടെ പ്രിയപ്പെട്ട ചിട്ടുവിനായി. രാവിലെ 7.40-ന് വിമാനമെത്തി. മൻസൂർ അബ്ബാസിന്റെ കൈകളിൽ സുരക്ഷിതയായി ചിട്ടുവും. കൂടുതുറന്ന് കൈയിലെടുത്തപ്പോൾ സന്തോഷംകൊണ്ട് ചിട്ടു തുള്ളിച്ചാടി. ആഴ്ചകൾ നീണ്ട പരിശ്രമം വിജയിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു സർവേഷും സൗമ്യയും.
പാലക്കാട് എൽ.എൻ. പുരം സ്വദേശികളായ സർവേഷും സൗമ്യയും സൗദിയിൽ ഓമനിച്ചുവളർത്തിയ നായയാണ് മാൾട്ടിപൂ ഇനത്തിൽപ്പെട്ട നാലുവയസ്സുള്ള ചിട്ടു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ സാഹചര്യം മോശമായപ്പോൾ ആദ്യം സൗമ്യയാണ് നാട്ടിലേക്ക് പോന്നത്. സർവേഷും പ്രത്യേക ഫ്ലൈറ്റിൽ നാലാഴ്ചമുൻപ് ഒമാൻവഴി നാട്ടിലെത്തി. ഏറെ ശ്രമിച്ചിട്ടും ചിട്ടുവിനെ ഒപ്പം കൊണ്ടുവരാൻ അനുമതി കിട്ടിയില്ല. മംഗളൂരു സ്വദേശിയായ സുഹൃത്ത് മൻസൂർ അബ്ബാസ് അവളുടെ സംരക്ഷണമേറ്റെടുത്തത് ആശ്വാസമായി. പക്ഷേ, അവളെ കാണാത്ത സങ്കടത്തിലായിരുന്നു ഇരുവരും.
നാട്ടിലെത്തിയപ്പോൾമുതൽ സർവേഷ് ചിട്ടുവിനെയും ഇവിടേക്കെത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങി. ഇതിനായി രേഖകൾ മൻസൂർ അബ്ബാസിന്റെ പേരിലാക്കി. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ സൗദി ഭരണകൂടത്തിന്റെ അനുമതി നേടി. ഒമാനിലെയും കൊച്ചിയിലെയും വിമാനത്താവളങ്ങളിൽനിന്നും അനുമതി വാങ്ങി. കൊച്ചിയിലെ വോൻ ആഞ്ച പെറ്റ് റീലൊക്കേഷൻ സംഘടനവഴിയാണ് ചെന്നൈയിലെ അനിമൽ ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസ് (എ.ക്യു.സി.എസ്.) അനുമതി വാങ്ങിയതെന്നും സർവേഷ് പറയുന്നു. ബുധനാഴ്ച മൻസൂർ അബ്ബാസിനൊപ്പം സൗദിയിൽനിന്ന് പുറപ്പെട്ട് ഒമാൻവഴി വ്യാഴാഴ്ച രാവിലെയാണ് ചിട്ടു കൊച്ചിയിലെത്തിയത്.
Content Highlights: Successful international relocation of a Maltipoo dog from Saudi Arabia to Kochi., Overcame complex administrative hurdles and airport documentation requirements., Collaborative effort involving family, friends, and professional pet relocation services., Highlights the importance of Animal Quarantine and Certification Services (AQCS) procedures.
Published: 24 Apr 2026, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented