പത്തനംതിട്ട: ഒരു പൊതിച്ചോറിനുമുന്നിൽ മുന്നണികൾ മറന്ന് അവർ ഒന്നിച്ചു. ഒരുമാസത്തോളം പരസ്പരം പോർവിളിച്ച വനിതാ സ്ഥാനാർഥികളുടെ പങ്കിട്ടൂണ് വിധിയെഴുത്ത് ദിനത്തിലെ വേറിട്ട കാഴ്ചയായി. ‌പത്തനംതിട്ട നഗരസഭയിലെ 33-ാം വാർഡായ ശാരദാമഠത്തിൽ, രജനി മത്തായി (എൽഡിഎഫ്), ജോയമ്മ സൈമൺ (യുഡിഎഫ്), കെ. സ്വപ്ന (എൻഡിഎ), ഡോ. ഫൗസീന തക്ബീർ (സ്വതന്ത്ര) എന്നിവരായിരുന്നു സ്ഥാനാർഥികൾ.

To advertise here,

വാർഡ് പിടിക്കാൻ വനിതാസംഘം പൊരിഞ്ഞ പ്രചാരണമാണ് നടത്തിയത്. വോട്ടെടുപ്പുകേന്ദ്രമായ മുണ്ടുകോട്ടയ്ക്കൽ എസ്‌എൻവിഎസ്‌വിഎം യുപി സ്കൂളിൽ തിങ്കളാഴ്ച രാവിലെ നാലുപേരുമെത്തി. റോഡിൽനിന്ന് 68 പടി കയറിവേണം സ്കൂളിലെത്താൻ. വോട്ടർമാരെ കാണാനും കുശലം പറയാനും രാവിലെ പടിക്കെട്ടിൽ ഇവരും ഇടംപിടിച്ചു.

കുറെക്കഴിഞ്ഞപ്പോൾ ഇരിപ്പ് ഒന്നിച്ചായി. വിശേഷം പങ്കിട്ടു. പഴവും തിന്ന് വെള്ളവും കുടിച്ച് സമയം തള്ളിനീക്കി.‌ ഉച്ചയായപ്പോൾ പ്രവർത്തകർ രണ്ടുപൊതിച്ചോറ് കൊണ്ടുവന്നു. ഇത് പങ്കിട്ടുകഴിച്ചാലോയെന്ന് ജോയമ്മ സൈമൺ ചോദിച്ചു. ചോറുകിട്ടാത്ത മറ്റുള്ളവരും അതിന് കൈകൊടുത്തു. വോട്ടർമാരുടെ തിരക്ക് അല്പം കുറഞ്ഞപ്പോൾ അവർ പടിക്കെട്ടിൽ കൂടിയിരുന്ന് പൊതിച്ചോറ് പങ്കിട്ടു.