
കോഴിക്കോട്: കാഴ്ചയുടെ വഴിയിൽ ഇരുളടഞ്ഞവരും അവർക്കുമുന്നിൽ ശബ്ദത്തിലൂടെ വായനയുടെ വെളിച്ചം പകർന്നവരും സംഗമിച്ചപ്പോൾ കാഴ്ചയ്ക്കപ്പുറം ശബ്ദംകൊണ്ട് അവർ പരസ്പരം തിരിച്ചറിഞ്ഞു. ‘‘കാഴ്ചയില്ലാത്ത ഞങ്ങളുടെ മമ്മൂട്ടിയും മോഹൻലാലുമെല്ലാം നിങ്ങളാണ്’’ കേരള സർവകലാശാലയിലെ ഗവേഷകയായ അക്ഷര പറഞ്ഞപ്പോൾ എല്ലാവരും സമാന അനുഭവങ്ങൾ ഏറ്റുപറഞ്ഞു. കാഴ്ചപരിമിതരെ വായിച്ചുകേൾപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പായ ‘ഹൃദ്യം’ കൂട്ടായ്മയുടെ വാർഷികാഘോഷം അപൂർവകൂടിച്ചേരലുകൾകൊണ്ട് ഹൃദ്യമായി.
അഞ്ചുവർഷം മുൻപ് തുടങ്ങിയ കൂട്ടായ്മയിലെ അംഗങ്ങളുടെ ആദ്യസംഗമമായിരുന്നു ഇത്. വായനക്കാരും കേൾവിക്കാരുമായി വിവിധ ജില്ലകളിൽനിന്ന് 150-ഓളം പേർ സംഗമത്തിനെത്തി. സ്ഥിരമായി കേൾക്കുന്ന ശബ്ദങ്ങളെ പലരും പേരുചൊല്ലിവിളിച്ച് പരിചയപ്പെടുത്തി. പരിമിതികളെ അതിജീവിച്ച് അധ്യാപകരായും ഗവേഷകരായും ഉദ്യോഗസ്ഥരായും ജീവിതത്തിന്റെ വിവിധ മേഖലകളിലെത്തിയവരായിരുന്നു അവർ.
2019-ലെ വായനദിനത്തിലാണ് കാഴ്ചപരിമിതനായ കെ. സഫർ അലി ഗ്രൂപ്പിന് തുടക്കംകുറിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയായ സഫർ അലി ബെംഗളൂരുവിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ഉദ്യോഗസ്ഥനാണ്. അഞ്ച് വായനക്കാരും 10 കേൾവിക്കാരുമായാണ് ഗ്രൂപ്പ് തുടങ്ങിയത്. ഇന്ന് അഞ്ച് ഗ്രൂപ്പുകളിലായി 100 വായനക്കാരും 400 കേൾവിക്കാരുമുണ്ട്. പ്രധാന ഗ്രൂപ്പിന് പുറമേ ബിസിനസ്, കലാലയം, വിദ്യാലയം, കിഡ്‌സ് എന്നീ ഗ്രൂപ്പുകളാണുള്ളത്. ചരിത്രപുസ്തകങ്ങളും സാഹിത്യരചനകളുമാണ് പ്രധാന ഗ്രൂപ്പിൽ കേൾപ്പിക്കുന്നത്. പത്രങ്ങൾക്കും ആനുകാലികങ്ങൾക്കുമായി ‘ബിസിനസ്’, കോളേജ് വിദ്യാർഥികൾക്കായി ‘കലാലയം’, സ്കൂൾ വിദ്യാർഥികൾക്കായി ‘വിദ്യാലയം’, ചെറിയകുട്ടികൾക്കായി ‘കിഡ്‌സ്’ എന്നീ ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു.
ഗ്രൂപ്പിലൂടെ പി.എസ്.സി. പരിശീലനക്ലാസുകളുംമറ്റും നൽകുന്നത് ഒട്ടേറെപ്പേർക്ക് വഴിത്തിരിവായി. മെഡിക്കൽ കോളേജിൽ ക്ലാർക്കായി നിയമനം ലഭിച്ച മാഹീനും വില്ലേജ് ഫീൽഡ് അസിസ്റ്റന്റായി ജോലികിട്ടിയ അക്ഷയും ചില ഉദാഹരണങ്ങൾമാത്രം.
കൂട്ടായ്മയിലെ അംഗവും സോഷ്യൽമീഡിയ ഇൻഫ്ലുവെൻസറുമായ ആശാ ലത സംഗമം ഉദ്ഘാടനംചെയ്തു. നൗഷാദ് വി. മൂസ, വി. അഞ്ജലി, കെ. മുനീറ ചാലിയം, ജി.ആർ. ശ്രീകല, ഷബീറ, ആർ.ജെ. ജോഷിനി, അക്ഷരാ ഉല്ലാസ്, എ. മാളവിക എന്നിവർ നേതൃത്വംനൽകി. കാഴ്ചപരിമിതിയുള്ള ഒരുപാടുപേരിലേക്ക് കൂട്ടായ്മ എത്തണമെന്നാണ് ആഗ്രഹമെന്ന് കെ. സഫർ അലി പറഞ്ഞു. ഫോൺ: 8073394407.
Content Highlights: blind people get together once again hrudayam group meet
Published: 01 Jul 2024, 06:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented