
പാലക്കാട്: ''ഓര്‍ക്കാനിഷ്ടമല്ലാത്ത പഠനകാലം എനിക്കുണ്ട്. കാഴ്ച മുരടിച്ചുപോകുന്നത് തിരിച്ചറിഞ്ഞ നിമിഷം, അന്ന് എട്ടാം ക്ലാസിലാണ്. പാതി മങ്ങിയ കാഴ്ചയുടെ ബലത്തില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി. പതിനെട്ടാം വയസ്സില്‍ ശസ്ത്രക്രിയ ചെയ്തപ്പോള്‍ കാഴ്ച തിരിച്ചുകിട്ടിയെന്ന് കരുതിയതാണ്, അതിന് അല്പായുസ്സായിരുന്നു. മോള്‍ക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടത്. കണ്ണു കാണില്ലെങ്കിലെന്താ, എന്റെ മകളാണ് എന്റെ വഴികാട്ടി.'' കൃഷ്ണമൂര്‍ത്തിക്ക് വാക്കുകളിലുണ്ട് മകള്‍ സവിത്രയോടുള്ള സ്‌നേഹവും ബഹുമാനവും. വീട്ടിലെ മുറിക്കുള്ളില്‍മാത്രം ഒതുങ്ങുമായിരുന്ന കൃഷ്ണമൂര്‍ത്തിയെ അക്ഷരമുറ്റത്തേക്ക് കൈപിടിച്ചു നടത്തുന്നത് ഏഴാം ക്ലാസുകാരി സവിത്രയാണ്.
സാക്ഷരതാ മിഷന്‍ കാഴ്ചയില്ലാത്തവര്‍ക്കായി നടത്തിവരുന്ന ബ്രെയില്‍ ലിപി പഠനക്ലാസില്‍ കൃഷ്ണമൂര്‍ത്തി എത്തിത്തുടങ്ങിയിട്ട് അഞ്ചു മാസമായി. സവിത്രയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു പഠനത്തിന് തുടക്കമിട്ടത്. വീട്ടില്‍നിന്ന് ഇരുവരും ഒരുമിച്ചാണ് അച്ഛന്റെ പഠനത്തിനായി പാലക്കാട്ടേക്കെത്തുന്നത്. സവിത്രയ്ക്ക് സ്‌കൂളുള്ള ദിവസം ഒറ്റയ്ക്ക് എത്താനും കൃഷ്ണമൂര്‍ത്തി പഠിച്ചു. അച്ഛനെ വടിയെടുത്ത് പഠിപ്പിക്കാനുള്ള ആവേശമാണ് ഇവള്‍ക്കെന്ന് കൃഷ്ണമൂര്‍ത്തി പറയുമ്പോള്‍, സവിത്ര നാണത്തോടെ അച്ഛന്റെ തോളില്‍ ചാഞ്ഞിരിക്കും. വലിയ സംസാരമൊന്നുമില്ലെങ്കിലും അച്ഛനെ പഠിപ്പിക്കുന്ന കാര്യത്തില്‍ സവിത്ര ശ്രദ്ധ ചെലുത്തും. പത്രം വായിച്ചു നല്‍കിയും മകള്‍ സമകാലിക സംഭവങ്ങളൊക്കെ കൃഷ്ണമൂര്‍ത്തിയെ അറിയിക്കുന്നുണ്ട്. അച്ഛനോടൊപ്പമിരുന്ന് ബ്രെയില്‍ ലിപിയും പഠിച്ചെടുക്കുന്നുണ്ട്. എലപ്പുള്ളി പാറയില്‍ പട്ടത്തലച്ചിയിലാണ് വീട്. 29-ാം വയസ്സിലായിരുന്നു വിവാഹം. ഭാര്യ മലര്‍വിഴി തമിഴ്‌നാട് സ്വദേശിയാണ്. മലര്‍വിഴി തൊഴിലുറപ്പ് ജോലികള്‍ക്ക് പോയാണ് കുടുംബം കഴിയുന്നത്. വീടെന്ന സ്വപ്നത്തിനായി കാത്തിരിപ്പിലാണിപ്പോള്‍ കൃഷ്ണമൂര്‍ത്തി.
ആലത്തൂര്‍, കടമ്പഴിപ്പുറം, പട്ടാമ്പി, പാലക്കാട്, മലമ്പുഴ എന്നീ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലാ സാക്ഷരതാമിഷന്‍ ബ്രെയില്‍ ലിപി പഠനം നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ജില്ലാ പഞ്ചായത്തുമായും കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡുമായി സഹകരിച്ച് പാലക്കാട് ഗവ. മോയന്‍ എല്‍പി സ്‌കൂളില്‍ ബ്രെയിലി പഠിതാക്കളുടെ സംഗമം നടത്തിയത്. പ്രായമായവരുമുള്‍പ്പെടെ അറുപതോളം പേരാണ് സംഗമത്തിനെത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സംഗമം ഉദ്ഘാടനംചെയ്തു. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എ.ജി. സലീന മുഖ്യാതിഥിയായി. ജില്ലാ സാക്ഷരതാ സമിതിയംഗങ്ങളായ ഒ. വിജയന്‍, പി.സി. ഏലിയാമ്മ, കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് പ്രസിഡന്റ് വി.എ. ചന്ദ്രമോഹന്‍, സെക്രട്ടറി എം.കെ. ഷെറീഫ്, പാലക്കാട് നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ സൈദു മീരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: A heartwarming story of a blind father learning Braille with his daughter`s support in Palakkad
Published: 30 Jun 2025, 07:25 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented