ചന്ദനപ്പള്ളി: ഹിൽഡയിലൂടെ പുസ്തകങ്ങളെ ‘കേൾക്കുന്നത്’ ആയിരങ്ങളാണ്. ഹിൽഡയുടെ ശബ്ദത്തിലൂടെയാണ് കഥാപാത്രങ്ങൾ അവരോട് സംസാരിക്കുന്നത്, അവർക്ക് കാണാകാഴ്ചയുടെ വെളിച്ചം പകരുന്നതും ഇതേ ശബ്ദമാണ്. കാഴ്ചശക്തിയില്ലാത്തവരിൽ വായനശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിവിധ സംഘടനകളിൽ അംഗമായി പുസ്തകങ്ങളും ദിനപത്രങ്ങളും വായിച്ചുകൊടുത്തു ശ്രദ്ധ നേടുകയാണ് ചന്ദനപ്പള്ളി പുത്തൻകാവിൽ ഹിൽഡാ ജോൺ. 2019 മുതലാണ് ഇത്തരത്തിലുള്ള സംഘടനകളിൽ ഹിൽഡ അംഗമാകുന്നത്. അന്നുമുതൽ ഇന്നുവരെ വായന മുടക്കിയിട്ടില്ല.

To advertise here,

ടെലിഗ്രാം ആപ്ലിക്കേഷനിലൂടെയാണ് പുസ്തകവും പത്രവും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിച്ച് അയക്കുന്നത്. ദിവസവും രാവിലെ ഏഴിന് മുൻപ് പത്രവായന പൂർത്തിയാക്കും. വിവിധ പത്രങ്ങളിലെ എഡിറ്റോറിയൽ ഉൾപ്പെടെയുള്ളത് വായിച്ചു നൽകുമ്പോൾ തനിക്കും അറിവ് ലഭിക്കുന്നുണ്ടെന്ന് ഹിൽഡ പറയുന്നു. ഇതിനോടകം ഏഴ് പുസ്തകങ്ങൾ വായിച്ച് റെക്കോഡ് ചെയ്ത് അയച്ചുകൊടുത്തു. വൈകുന്നേരങ്ങളിലാണ് പുസ്തകങ്ങൾ വായിക്കുന്നത്. ദിവസം ഒരധ്യായം വായിച്ചുതീർക്കും. ഫിക്ഷൻ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ് അധികവും. എന്നാൽ, ആവശ്യക്കാർ പുസ്തകത്തിന്റെ പേര് പറഞ്ഞാൽ അത് വായിക്കാനും ഹിൽഡ തയ്യാറാണ്.

സുഹൃത്ത്‌ റെജി ശ്രീയുമായുള്ള സംഭാഷണത്തിനിടെയാണ് ഇത്തരത്തിലുള്ള സംഘടന ഉണ്ടെന്നറിയുന്നതും ഇതിലേക്ക് എത്തുന്നതും. ഡസ്മണ്ട് മോറിസ് എഴുതിയ ‘നഗ്നനാരി’യാണ് ആദ്യം വായിച്ച പുസ്തകം. ഏത് പുസ്തകമായാലും വായിക്കുന്നതിന് മുൻപ് പുറംചട്ടയും മറ്റും വിശദീകരിച്ചു നൽകും. കാഴ്ചയില്ലാത്തവർക്ക് പുറംചട്ടയെപ്പറ്റി മനസ്സിലാക്കാനാണിതെന്ന് ഹിൽഡ പറയുന്നു. ആദ്യ വായനയിലെ തെറ്റുകൾ മറ്റുള്ളവർ പരിഹരിച്ചുതന്നത് പിന്നീടുള്ള വായനയ്ക്ക് ഗുണകരമായി. സ്ഥിരമായി ഹിൽഡയുടെ വായന ശ്രദ്ധിച്ച കാഴ്ചപരിമിതിയുള്ള പാലക്കാട്‌ സ്വദേശി കാണാൻ എത്തിയത് വേറിട്ട അനുഭവമായിരുന്നു. ഷാനവാസ് പോങ്ങനാട് എഴുതിയ ‘ഉച്ചമരപച്ച’യാണ് വായിച്ചു നൽകിയതിൽ പ്രിയപ്പെട്ട പുസ്തകം. കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് എത്തണമെന്ന് ഹിൽഡ പറയുന്നു. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥനായിരുന്ന കെ.കെ.ജോണിയാണ് ഭർത്താവ്. മക്കൾ: ലെസ്‍ലി കെ.ജോൺ, നോയൽ കെ.ജോൺ.