
തിരുവനന്തപുരം: ആ കൊച്ചുപെൺകുട്ടിയെയുംകൊണ്ട് മെഡിക്കൽ കോളേജിലേക്കു പായുമ്പോൾ ജോസഫച്ചൻ സമയത്തിനിട്ട വില ഇങ്ങനെയായിരുന്നു- ‘ഗോൾഡൻ മണിക്കൂർ... പ്ലാറ്റിനം മിനിറ്റ്...ഡയമണ്ട് സെക്കൻഡ്... പക്ഷേ, ആതുരാലയത്തിലെ രോഗികൾക്കിടയിലൂടെ, ഓരോരുത്തരെയും കേട്ട് ആവശ്യങ്ങൾ നിറവേറ്റുമ്പോഴാകട്ടെ അദ്ദേഹത്തിന്റെ വാച്ചിലെ സൂചികൾ ക്ഷമയോടെ മന്ദമായി നീങ്ങും. ഫാ. ജോസഫ് ചക്കാലക്കുടിയിൽ എന്ന പുരോഹിതനായ ആംബുലൻസ് ഡ്രൈവറാണിത്.
നിഷ്പാദുക കാർമലീത്താ സഭ മലബാർ പ്രൊവിൻസിനു കീഴിലുള്ള തിരുവനന്തപുരം ‘ബെൻസിഗർ ഹോം’ ഡയറക്ടറാണ് ഫാ. ജോസഫ് ചക്കാലക്കുടിയിൽ. ആർ.സി.സി.യിൽ ചികിത്സയ്ക്കെത്തുന്നവർക്ക് സൗജന്യമായി അഭയംനൽകുന്ന ഇവിടെ രോഗികൾക്കായി വാങ്ങിയതാണ് ആംബുലൻസ്. ഒരു ഡ്രൈവറെ വെച്ചാൽ അതിനു പണം കണ്ടെത്തണമെന്നതിനാൽ ജോസഫച്ചൻതന്നെ ആ സീറ്റ് ഏറ്റെടുത്തു.
പതിയെ സമീപവാസികളിൽനിന്നും നഗരത്തിലെ ആശുപത്രികളിൽനിന്നുമൊക്കെ അത്യാഹിതവിളികൾ എത്തിത്തുടങ്ങി. ഏതു പാതിരാത്രിയിലും ഈ പുരോഹിതൻ ജീവനുകൾ നെഞ്ചോടുചേർത്ത് ഓടിത്തുടങ്ങി. ഓരോ ഓട്ടവും പ്രാർത്ഥനയാണിദ്ദേഹത്തിന്. അൾത്താരയിലെ ആരാധനപോലെ ജീവരക്ഷയുടെ വിശുദ്ധമായ ഇടമായി അച്ചന്, പ്രകാശിക്കുന്ന ഇൗ ആംബുലൻസ്.
‘തങ്ങൾക്കായി പ്രാർത്ഥിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ, ഇപ്പോൾ സമയമില്ലെന്ന് ഒരു പുരോഹിതനു പറയാനാകില്ലല്ലോ. അതുപോലെയാണ് ഇതും’- അച്ചൻ പറയുന്നു. പാതിരാത്രിയിൽ മസ്തിഷ്കരോഗം മൂർച്ഛിച്ച ഒരു അഞ്ചുവയസ്സുകാരിയുമായി അച്ചൻ വഴുതക്കാട്ടുനിന്ന് മെഡിക്കൽകോളേജിലെത്തിയത് മൂന്നര മിനിറ്റുകൊണ്ടായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടന്നതിനാൽ ആ കുട്ടി ഇന്നും ജീവിച്ചിരിക്കുന്നു.
ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റിൽ ളോഹയിട്ടയാളെക്കണ്ട് പലപ്പോഴും നാട്ടുകാർ അമ്പരക്കാറുണ്ടെന്നും ജോസഫച്ചൻ പറയുന്നു.വഴുതക്കാട് ഇടപ്പഴഞ്ഞി സി.എസ്.എം. നഗറിലുള്ള ബെൻസിഗർ ഹോം ജാതിമതഭേദമില്ലാതെ തീർത്തും സൗജന്യമായാണ് കാൻസർ രോഗികൾക്ക് ആശ്രയകേന്ദ്രമാകുന്നത്. ആർ.സി.സി.യിൽ ചികിത്സയിലുള്ള വിവിധ ജില്ലകളിൽനിന്നുള്ളവർക്കും ആശ്രിതർക്കും ആധുനിക സജ്ജീകരണങ്ങളോടെയാണ് ഇവിടെ താമസവും ഭക്ഷണവും. ആശുപത്രിയിലെത്തിക്കാൻ സൗജന്യ ആംബുലൻസ് സേവനവും.
കോവിഡ് സമയത്താണ് ബെൻസിഗർ ഹോം ഈ ആംബുലൻസ് വാങ്ങിയത്. കോവിഡ് കാലത്ത് മൃതദേഹങ്ങളുമായി കേരളത്തിന്റെ പല ഭാഗത്തേക്കും ഇദ്ദേഹം പാഞ്ഞു. മൃതദേഹവുമായി കണ്ണൂർ വരെ ഒറ്റയ്ക്ക് ഓടിച്ചു. മറ്റു വണ്ടിക്കാർ മടിച്ചുനിന്നപ്പോൾ ശ്മശാനങ്ങളിലേക്ക് മൃതദേഹങ്ങളുമായി നിരന്തരം ഇദ്ദേഹം വണ്ടിയോടിച്ചു. ശ്മശാനങ്ങളിലെത്തിച്ചത് അൻപതിലേറെ മൃതദേഹങ്ങളാണ്. പലരുടെയും സംസ്കാരം സ്വയം നടത്തേണ്ടിവന്നു. ഒരിക്കൽ തൈക്കാട് ശാന്തികവാടത്തിൽവെച്ച് ഹൈന്ദവകുടുംബത്തിലെ മരിച്ചയാളുടെ ബന്ധുക്കൾ അന്ത്യകർമങ്ങൾ ചെയ്യാമോയെന്ന് അച്ചനോടു കണ്ണീരോടെ ചോദിച്ചു. പുരോഹിതന്റെ ളോഹയണിഞ്ഞ അച്ചൻ അവിടെ കാർമികനായി. ‘രോഗത്തിനും മരണത്തിനും ജാതിയോ മതമോ ഇല്ല’ -അദ്ദേഹം പറയുന്നു.
ഇടുക്കി അണക്കര ചക്കാലക്കുടിയിൽ ജോണി-മേരി ദമ്പതിമാരുടെ മൂത്തമകനായ ഫാ. ജോസഫിന്, സോഷ്യോളജിയിൽ മുതൽ സംഗീതത്തിൽ വരെ അഞ്ച് ബിരുദാനന്തര ബിരുദങ്ങളുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റും. പള്ളിയിൽ മാത്രമല്ല, പുറത്തും ഹിന്ദുസ്ഥാനി കച്ചേരികൾ നടത്തിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ഒന്നിനും സമയം തികയാതെ, ഇൗ പുരോഹിതന് അപകടങ്ങളിലേക്ക് അലാറംമുഴക്കിയോടണം, അതും പ്രതിഫലമായി ചില്ലിക്കാശു കൈപ്പറ്റാതെ.
Content Highlights: Benziger Home Director FrJoseph Chakalakudiyil as ambulance driver
Published: 17 May 2024, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented