ആലപ്പുഴ: ഹൃദയം തൊടുന്ന കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച് ആലപ്പുഴ കളക്ടർ വി.ആർ. കൃഷ്ണ തേജ ഐ.എ.എസ്. സ്വന്തമായി അധ്വാനിച്ച പണം മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച ചിപ്പി എന്ന പത്ത് വയസുകാരി നർത്തകിയെയാണ് കളക്ടർ ഫേസ്ബുക്കിൽ പരിചയപ്പെടുത്തിയത്. കുട്ടികൾക്കിടയിൽ കളക്ടർ മാമൻ എന്നു വിളിപ്പേരുള്ള കൃഷ്ണ തേജ കുട്ടികൾക്കായി നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിൽ പങ്കുവെക്കുന്നുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റാണ് ഇതും. 

To advertise here,

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്വയം അധ്വാനിച്ച് നേടിയ മുഴുവൻ പണവും ജീവ കാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിച്ച ഒരു കൊച്ച് പ്രതിഭയെ എനിക്ക് പരിചയപ്പെടാനായി. ചിപ്പി എന്ന പത്ത് വയസുകാരിയായ നർത്തകിയാണ് ഈ അതുല്യ പ്രതിഭ. വിവിധ വേദികളിൽ നൃത്തം ചെയ്ത് ഈ കുഞ്ഞ് പ്രായത്തിനിടയിൽ ലഭിച്ച പണമെല്ലാം ജീവകാരുണ്യ പ്രവർത്തിനാണ് ഈ മോൾ വിനിയോഗിച്ചത്. 

നിർധന രോഗികൾ, പ്രളയ രക്ഷാപ്രവർത്തനത്തിനിടയിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി, ആരോരുമില്ലാത്തവർ തുടങ്ങി നമുക്കിടയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരെ തേടി ഈ കുഞ്ഞ് കരങ്ങൾ എത്തിയിട്ടുണ്ട്. ഇതുവരെ 200 ൽ അധികം വേദികളിൽ ഈ മോൾ നൃത്തം ചെയ്തിട്ടുണ്ട്. ലഭിക്കുന്ന പ്രതിഫലം എത്രയെന്ന് പോലും നോക്കാതെയാണ് ഈ മോൾ അത് അർഹിക്കുന്നവരുടെ കൈകളിൽ എത്തിക്കുന്നത്. 

തന്റെ കഴിവ് ഉപയോഗിച്ച് ഈ കുഞ്ഞ് പ്രായത്തിൽ തന്നെ ഇത്രയധികം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഈ മഹാപ്രതിഭയെ കാണാനും പരിചയപ്പെടാന്യം സാധിച്ചത് എന്റെ ഭാഗ്യമായാണ് ഞാൻ കാണുന്നത്. സ്വന്തം കഴിവുകൾ കൊണ്ട് മറ്റുള്ളവർക്ക് സാന്ത്വനമേകുന്ന ഈ മോൾ യുവ തലമുറയ്ക്ക് വലിയ സന്ദേശമാണ് നൽകുന്നത്. ഭാവിയിൽ നമ്മുടെ നാടിനും രാജ്യത്തിനും എന്നും അഭിമാനിക്കാവുന്ന പ്രതിഭയായി ഈ മോൾ വളരട്ടേയെന്ന് ആശംസിക്കുന്നു. ചെറുപ്രായത്തിൽ തന്നെ ഈ മോളുടെ മനസിൽ ഇത്രയധികം കരുണ നിറച്ച മാതാപിതാക്കൾക്കും ഗുരുക്കർക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ.