കുഞ്ഞുങ്ങളുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും വീട്ടില്‍ ഡയപ്പര്‍ കാണും. എന്നാല്‍ ഉപയോഗിച്ചശേഷം ഈ ഡയപ്പറുകള്‍ വലിച്ചെറിയുകയാണോ പതിവ്? ഡയപ്പറുകള്‍ നിർമാർജനം ചെയ്യേണ്ട കൃത്യമായ രീതി എന്താണ്?

To advertise here,

ക്ലോത്ത് ഡയപ്പറുകള്‍ ഈയടുത്തായി വിപണിയില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും കൂടുതല്‍പ്പേരും ഡിസ്‌പോസബിള്‍ ഡയപ്പറുകളാണ് ഉപയോഗിക്കുന്നത്. വളരെ എളുപ്പത്തില്‍ ഇടാനും സൗകര്യപ്രദമായി ഉപയോഗിക്കാനും കഴിയുമെന്നതാണ് ഇതിന്റെ മെച്ചം. എന്നാല്‍ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ഇത്തരം ഡയപ്പറുകള്‍ വേസ്റ്റ് നിറഞ്ഞ പരുവത്തില്‍ ഒരിക്കലും ഉപേക്ഷിക്കരുത്. ഡയപ്പറുകള്‍ ശരിയായ രീതിയില്‍ നിർമാർജനം ചെയ്തില്ലെങ്കില്‍ അത് പൊതുജനാരോഗ്യത്തെ തന്നെ ബാധിക്കാനിടയുണ്ട്. അതിനാല്‍ അവ നിർമാർജനം ചെയ്യുന്നതിനുമുമ്പ് മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കണം:

  • ഡയപ്പറിലെ വേസ്റ്റ് ആദ്യം ടോയ്‌ലെറ്റില്‍ കളഞ്ഞ്  ഫ്‌ളഷ് ചെയ്യണം. ശേഷം ഡയപ്പര്‍ നന്നായി കഴുകുക.
  • അതിനുശേഷം ഡയപ്പര്‍ നല്ലതുപോലെ ചുരുട്ടി ഡയപ്പര്‍ പെയില്‍ പോലെയുള്ള എന്തെങ്കിലും കണ്ടെയ്‌നറിലാക്കുക. ഇത് ഡയപ്പറില്‍നിന്നുണ്ടാകുന്ന രൂക്ഷമായ ഗന്ധം തടയും.
  • ഇതിനുശേഷം ഡയപ്പര്‍ ഗാര്‍ബേജ് ബിന്നില്‍ നിക്ഷേപിക്കുക. ഇനി നിങ്ങള്‍ വീട്ടിലല്ല, മറ്റു സ്ഥലങ്ങളിലാണ് ഉള്ളതെങ്കില്‍ ഇത്തരത്തില്‍ ചുരുട്ടി കണ്ടെയ്‌നറുകളിലാക്കിയ ഡയപ്പര്‍ വഴിയിലുപേക്ഷിക്കാതിരിക്കാന്‍ ശ്രമിക്കുക. മലമൂത്രവിസര്‍ജ്യങ്ങളില്‍ നിന്നുള്ള വൈറസുകള്‍ മാരക രോഗങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇത് സാനിറ്റേഷന്‍ തൊഴിലാളികളിലും സമ്പര്‍ക്കമുണ്ടാകുന്ന മറ്റ് ആളുകളിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍, വീട്ടിലെത്തിയ ശേഷം മാത്രം ഇവ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കണം. 
  • ഇവയെല്ലാം ചെയ്തതിനുശേഷം കൈകള്‍ നന്നായി സോപ്പിട്ടുകഴുകണം.

ഡയപ്പര്‍ കത്തിച്ചുകളയാമോ?

ഡിസേപോസബിള്‍ ഡയപ്പറുകളില്‍ ധാരാളം കെമിക്കലും പ്ലാസ്റ്റിക് ലൈനിങുമുണ്ട്. കത്തുമ്പോള്‍ ഇവ ഡയോക്‌സിനുകള്‍ പുറന്തള്ളുന്നുണ്ട്. അതിനാല്‍ ഡയപ്പറുകള്‍ കത്തിക്കുന്നത് മികച്ച ആശയമല്ല. എന്നാല്‍ മറ്റുമാര്‍ഗങ്ങളില്ലാത്ത അവസരത്തില്‍ കത്തിക്കുമ്പോള്‍ ചില സംഗതികള്‍ ശ്രദ്ധിക്കണം. എത്ര കത്തിക്കാന്‍ ശ്രമിച്ചാലും പൂര്‍ണമായും ഇവ കത്തുകയില്ല. ഡയപ്പറിനുള്ളിലെ ജെല്ലാണ് ഇതിനു കാരണം. അതിനാല്‍, കത്തിച്ചുകളയാന്‍ ഉദ്ദേശിക്കുന്നവര്‍ ഡയപ്പറിനുള്ളിലെ വേസ്റ്റ് കളഞ്ഞ് കഴുകിയെടുക്കുന്ന സമയത്ത് പുറത്തെ പാളി കീറി അതിനുള്ളിലെ ജെല്ല് എടുത്ത് മാറ്റേണ്ടതാണ്. തുടര്‍ന്ന് നനഞ്ഞുകുതിര്‍ന്ന ഈ ജെല്ല് ഒരു പാത്രത്തിലേക്ക് മാറ്റുക. അല്പം ഉപ്പുകൂടി ഇട്ടാല്‍ ജെല്ല് പൂര്‍ണമായും വെള്ളമായി മാറിക്കോളും. ഇത് എവിടെയെങ്കിലും ഒഴുക്കിക്കളയാവുന്നതാണ്. ഇതിനുശേഷം ഡയപ്പര്‍ കത്തിക്കുമ്പോള്‍ പൂര്‍ണമായും കത്തിക്കോളും.