കടിക്കുകയോ കുത്തിനോവിക്കുകയോ ഒന്നും ചെയ്യാറില്ലെങ്കിലും മനുഷ്യരില്‍ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ജീവിയാണ് ഈച്ച. മാലിന്യവസ്തുക്കളിലുള്ള ബാക്ടീരിയയും മറ്റ് അണുക്കളും നമ്മിലേക്ക് എത്തുന്നത് ഈച്ചകളിലൂടെയാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ഭക്ഷണത്തിലൂടെ ഈ അണുക്കള്‍ നമ്മുടെ ഉള്ളിലെത്തുകയും അതുവഴി മാരകമായ അസുഖങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം കുറഞ്ഞത് 65 രോഗങ്ങളെങ്കിലും ഈച്ചകള്‍ മനുഷ്യരിലേക്ക് പകരുന്നുണ്ട്. ടൈഫോയിഡ്, കോളറ, ഡിസന്‍ട്രി, ടിബി തുടങ്ങിയവയാണ് അവയില്‍ ചിലത്.
എത്തരം സ്ഥലങ്ങളിലാണ് ഈച്ചകള്‍ കാണപ്പെടുന്നത്?
ചൂടുള്ളതും പെറ്റുപെരുകാന്‍ സാധ്യത കൂടുതലുമായ സ്ഥലങ്ങളിലാണ് ഈച്ചകള്‍ കൂടുതലായി കാണപ്പെടുക. ചെളിയിലാണ് ഇവ പെറ്റുപെരുകുന്നത്. അതിനാല്‍ കേടായ ഭക്ഷണം, മാലിന്യം, അഴുകുന്ന വസ്തുക്കള്‍ എന്നിവയുള്ളിടത്താണ് ഈച്ചകള്‍ കൂടുതലായും കാണപ്പെടുക. ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ ഇവ പെറ്റുപെരുകുകയും ചെയ്യും.
വൃത്തി കുറവുള്ള വീടുകളിലും പരിസരങ്ങളിലുമാണ് ഈച്ചകള്‍ കൂടുതലായി കാണപ്പെടാറുള്ളത്. സാധാരണയായി തുറന്നിട്ട വാതിലുകളിലൂടെയോ ജനലുകളിലെ വിള്ളലുകള്‍ക്കിടയിലൂടെയോ ആണ് ഈച്ചകള്‍ വീടിനുള്ളില്‍ പ്രവേശിക്കുന്നത്. വീട്ടില്‍ ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലമോ വേസ്റ്റ് ബിന്‍ സ്ഥാപിച്ചിരിക്കുന്ന മുറിയോ ഒക്കെയാണ് ഈച്ചകള്‍ താവളമാക്കാറുള്ളത്. ചെറിയ ഇരുണ്ട സ്‌പോട്ടുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവിടെ ഈച്ചകളുടെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിയാം.
നെറ്റ് അടിക്കാത്ത ജനലുകള്‍ ഈച്ചകള്‍ക്ക് വീടിനുള്ളില്‍ കയറാന്‍ സൗകര്യമൊരുക്കും. മണമാണ് ഇവയെ ആകര്‍ഷിക്കുന്ന മറ്റൊന്ന്. അതിനാല്‍ ഭക്ഷണസാധനങ്ങള്‍ തുറന്നുവെയ്ക്കുന്നതും ഗാര്‍ബേജ് ബിന്നുകളില്‍ നിന്നുവരുന്ന മണവുമെല്ലാം പ്രശ്‌നമാണ്. ചൂടാണ് മറ്റൊരു ഘടകം. 28 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള സ്ഥലങ്ങളില്‍ ഈച്ചകള്‍ക്ക് വസിക്കാനും പെറ്റുപെരുകാനും കഴിയും.
ഈച്ചകളെ എന്നെന്നേയ്ക്കുമായി തുരത്താന്‍ നമുക്ക് വീട്ടില്‍ തന്നെ പ്രയോഗിക്കാന്‍ കഴിയുന്ന ഏതാനും വിദ്യകളുണ്ട്:
- പുതിന, തുളസി, വാടാമല്ലി, ജമന്തി മുതലായ ചെടികളില്‍നിന്നുള്ള രൂക്ഷമായ ഗന്ധം ഈച്ചകളെ അകറ്റിനിര്‍ത്തും. അതിനാല്‍, ഇവ വെച്ചുപിടിപ്പിക്കുന്നത് ഈച്ചകളുടെ പ്രജനനം തടയും.
- വിനാഗിരിയുടെ മണം ഈച്ചകളെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതാണ്. അതിനാല്‍, ഒരു പാത്രത്തില്‍ കുറച്ച് ആപ്പിള്‍ സൈഡര്‍ വിനാഗിരി ഒഴിച്ചശേഷം പാത്രം ഒരു പ്ലാസ്റ്റിക് റാപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞെടുക്കുക. ഇതില്‍ വളരെ ചെറിയ ദ്വാരങ്ങളും ഇടണം. ഇത് ഈച്ചകളെ കുടുക്കാനുള്ള മികച്ച ഒരു ട്രാപ്പാണ്. പാത്രത്തിന് ഉള്ളില്‍ കയറുന്നതോടെ ഈച്ചകളുടെ കഥ കഴിയും.
- പാലില്‍ പഞ്ചസാരയും കുരുമുളകും ചേര്‍ത്ത മിശ്രിതമാണ് അടുത്തത്. വീട്ടില്‍ എളുപ്പത്തില്‍ കണ്ടെത്താവുന്ന ചേരുവകളാണ് ഇവ മൂന്നും. ഒരു ഗ്ലാസ് പാലില്‍ മൂന്ന് സ്പൂണ്‍ പഞ്ചസാരയും ഒരു സ്പൂണ്‍ കുരുമുളകും ചേര്‍ത്ത് തിളപ്പിച്ചശേഷം തണുപ്പിക്കുക. തുടര്‍ന്ന് ഈച്ചശല്യമുള്ള സ്ഥലത്ത് ഇത് സ്ഥാപിക്കണം. ഇതിലൂടെ ഈച്ചകളെ ദൂരത്തുനിന്നുപോലും ആകര്‍ഷിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യാം.
- നാരങ്ങയും ഗ്രാമ്പുവുമാണ് മറ്റൊന്ന്. രണ്ട് നാരങ്ങ പകുതിയായി മുറിച്ചശേഷം ഓരോ നാരങ്ങയുടേയും ഉള്ളിലായി 4-5 ഗ്രാമ്പൂ തിരുകിവെയ്ക്കണം. ഇത് ഈച്ചശല്യം കൂടുതലുള്ള ഭാഗങ്ങളില്‍ കൊണ്ടുപോയി വെച്ചാല്‍ ഇതിന്റെ രൂക്ഷഗന്ധം മൂലം ഈച്ചകള്‍ അകന്നുനില്‍ക്കും. ഈ വിദ്യ സ്ഥിരമായി പ്രയോഗിച്ചാല്‍ ഈച്ചകളെ സ്ഥിരമായി വീട്ടില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സാധിക്കും.
- ഓറഞ്ച് തൊലികളാണ് മറ്റൊന്ന്. ഇനി മുതല്‍ ഓറഞ്ച് തൊലികള്‍ പാഴാക്കിക്കളയാതെ അവ ചെറുതാക്കി അല്പം വെള്ളം തളിച്ചശേഷം ഒരു തുണിയില്‍ പൊതിഞ്ഞ് ഈച്ചശല്യമുള്ള സ്ഥലങ്ങളില്‍ തൂക്കിയിടുക.
- ഒരു കപ്പ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ഇഞ്ചി ചതച്ചുചേര്‍ത്ത് അതു നന്നായി ഇളക്കി സ്‌പ്രേ ബോട്ടിലിലാക്കി തളിക്കണം. അടുക്കളയിലും ഈച്ചശല്യമുള്ള വീട്ടിലെ മറ്റു ഭാഗങ്ങളിലും ഇത് തളിക്കാം.
- കുറച്ച് വെള്ളത്തില്‍ അല്പം ഉപ്പും മഞ്ഞളും കൂട്ടിക്കലര്‍ത്തി വീടിനുള്ളില്‍ തളിയ്ക്കുന്നതാണ് ഈച്ചകളെ അകറ്റാനുള്ള ഏറ്റവും സാധാരണമായ പോംവഴി. ഈച്ചശല്യം കുറയ്ക്കാനുള്ള ഏറ്റവും ലളിതമായ വീട്ടുവൈദ്യമാണിത്.
ഈച്ചകളെ അകറ്റാന്‍ പ്രകൃതിദത്തമായ ഈ പൊടിക്കൈകള്‍ പരീക്ഷിക്കുക എന്നതിനൊപ്പം ഈച്ച വരാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പരമപ്രധാനം.
Content Highlights: tips to get rid off houseflies from home
Published: 04 Jan 2024, 08:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented