ഒരു വീട്ടിലെ ഏറ്റവും പ്രധാന്യമേറിയ ഭാഗങ്ങളിലൊന്നാണ് അടുക്കള.പാചകം ചെയ്യുന്ന ഇടം മാത്രമല്ല. കുടുംബാംഗങ്ങളെ ഒന്നിച്ചുചേര്‍ക്കുന്ന ഇടം കൂടിയാണ് അത്. പണ്ടുകാലങ്ങളില്‍ വീട് പണിയുമ്പോള്‍ അടുക്കളയ്ക്ക് അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാല്‍, കാലം മാറിയതോടെ അടുക്കളയ്ക്ക് നല്‍കി വരുന്ന പ്രധാന്യം കൂടി വന്നു. ഇന്ന് വീട് വയ്ക്കുന്നവര്‍ ആധുനികമായ സജ്ജീകരണങ്ങള്‍ ഒരുക്കി, മോഡുലാര്‍ അടുക്കളയാണ് ഡിസൈന്‍ ചെയ്യുന്നത്. വൃത്തിയുള്ള അടുക്കള വീട്ടിലുള്ളവരുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നു. വൃത്തിയുള്ള അടുക്കളയ്ക്ക് വൃത്തിയുള്ള ഫ്‌ളോറിങ്ങും അത്യാവശ്യമാണ്. അടുക്കളയുടെ ഫ്‌ളോറിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിചയപ്പെടാം.

To advertise here,

ഫ്‌ളോറിങ് മെറ്റീരിയല്‍

കടുപ്പമേറിയ, വേഗത്തില്‍ നശിച്ചുപോകാത്ത മെറ്റീരിയല്‍ കൊണ്ടുള്ള ഫ്‌ളോറിങ് ആണ് അടുക്കളയ്ക്കായി തിരഞ്ഞെടുക്കേണ്ടത്. പോര്‍സെലെന്‍ ടൈലുകള്‍ ഇതില്‍ മുന്നില്‍ നില്‍ക്കുന്നു. ഇവ ബലമേറിയതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. അതേസമയം, മാറ്റ് ഫിനിഷ് ടൈലുകള്‍ ഉപയോഗിക്കുമ്പോള്‍ തെന്നി വീഴാനുള്ള സാധ്യത കുറയുന്നു. 

സെറാമിക് ടൈലുകള്‍. മണ്ണ് ഉപയോഗിച്ച്, ഉയര്‍ന്ന ചൂടില്‍ നിര്‍മിച്ചെടുക്കുന്നതാണ് സെറാമിക് ടൈലുകള്‍. വുഡ്, നാച്ചുറല്‍ സ്റ്റോണ്‍ തുടങ്ങിയ തീമുകളിലുള്ള സെറാമിക് ടൈലുകള്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്. അടുക്കളയില്‍ ടെറാക്കോട്ട ടൈലുകള്‍ ഉപയോഗിക്കുന്നത് എര്‍ത്തി ലുക്ക് നല്‍കും. 

ഫ്‌ളോറിങ് പാറ്റേണ്‍

അടുക്കളയില്‍ ഫ്‌ളോറിങ് പാറ്റേണ്‍ ഏറെ പ്രധാനപ്പെട്ട ഘടകമാണ്. അടുക്കളയുടെ മുഴുവന്‍ ഡിസൈനിനും ഇണങ്ങുന്നതായിരിക്കും ഫ്‌ളോറിങ് പാറ്റേണും. പ്ലെയ്ന്‍ പാറ്റേണില്‍ തുടങ്ങി, ഫ്‌ളോറല്‍, ജിയോമെട്രിക് പാറ്റേണുകളിലുള്ള ടൈലുകളും ഫ്‌ളോറിങ് മെറ്റീരിയലുകളും ഇന്ന് ലഭ്യമാണ്.

നിറം

ഇടുങ്ങിയ അടുക്കളയാണെങ്കില്‍ ഇളംനിറങ്ങളിലുള്ള ഫ്‌ളോറിങ് ആണ് നല്ലത്. അത് അടുക്കളയ്ക്ക് വലുപ്പം കൂടുതല്‍ തോന്നിക്കും. അതേസമയം, വിശാലമായ അടുക്കളയാണെങ്കില്‍ ഇരുണ്ടതും നിറങ്ങളിലുള്ള ഫ്‌ളോറിങ് മെറ്റീരിയല്‍ തിരഞ്ഞെടുക്കാം. 

വൃത്തിയാക്കല്‍ എളുപ്പമാകണം

വൃത്തിയാക്കാന്‍ എളുപ്പമുള്ളതും കറപിടിക്കാത്തതുമായ മെറ്റീരിയല്‍ വേണം അടുക്കളയില്‍ ഫ്‌ളോറിങ്ങിനായി തെരഞ്ഞെടുക്കാന്‍. വിട്രിഫൈയ്ഡ്, സെറാമിക്, പോര്‍സെലെന്‍ ടൈലുകള്‍ വൃത്തിയാക്കാന്‍ എളുപ്പമുള്ളതാണ്. അതേസമയം, വുഡ്, സിമന്റ് ടൈലുകള്‍, ടെറാകോട്ട എന്നിവ വൃത്തിയാക്കാന്‍ ബുദ്ധിമുട്ടേറിയവയാണ്.