തുണി അലക്കുമ്പോള്‍ അല്പം വിനാഗിരി കൂടി ചേര്‍ക്കുന്നത് അഴുക്കും ദുര്‍ഗന്ധവുമകറ്റാനും തുണികളെ മൃദുവാക്കാനും സഹായിക്കും. തികച്ചും വിലക്കുറവില്‍ ലഭിക്കുന്ന വിനാഗിരി, ഏതുതരം വാഷിങ് മെഷീനുകളിലും ഉപയോഗിക്കാവുന്നതാണ്. സാധാരണ നമ്മളുപയോഗിക്കുന്ന ഡിസ്റ്റില്‍ഡ് വൈറ്റ് വിനാഗിരിയാണ് തുണി കഴുകാനും ഉപയോഗിക്കുക. ഇത് തുണിയില്‍ കറയുണ്ടാക്കില്ല. 

To advertise here,

തുണിയലക്കുമ്പോള്‍ എന്തുകൊണ്ട് വിനാഗിരി ചേര്‍ക്കണം?

  • തുണികളിലെ പൂപ്പല്‍മണവും ചെറിയ തോതിലുള്ള ദുര്‍ഗന്ധവും അകറ്റാന്‍ വിനാഗിരിക്ക് കഴിയും. അലക്കുന്നതിനുമുമ്പ് ചൂടുവെള്ളത്തിലേക്ക് രണ്ട് കപ്പ് ഡിസ്റ്റില്‍ഡ് വൈറ്റ് വിനാഗിരിയുമൊഴിക്കണം. പിന്നീട് ഡിറ്റര്‍ജന്റ് ഉപയോഗിച്ച് രണ്ടാമതൊന്നുകൂടി കഴുകിയെടുക്കണം. ഇരുണ്ട നിറത്തിലുള്ള തുണികള്‍ കഴുകുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ചാല്‍ മതിയാകും. ചെറിയ തോതിലുള്ള എന്ത് ദുര്‍ഗന്ധവും ഇതിലൂടെ അകറ്റാന്‍ സാധിക്കും. എന്നാല്‍ തുണികളിലെ ദുര്‍ഗന്ധം കൂടുതലാകുമ്പോള്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരികയും ചെയ്യും. 
  • വിനാഗിരിയിലടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡിന് സോപ്പിന്റെയും ഡിറ്റര്‍ജിന്റെയും അവശിഷ്ടങ്ങളെ അലിയിച്ചുകളയാനുള്ള കഴിവുണ്ട്. ഒരു വലിയ പാത്രം വെള്ളത്തില്‍ ഒരു കപ്പ് ഡിസ്റ്റില്‍ഡ് വൈറ്റ് വിനാഗിരിയും ചേര്‍ത്തശേഷം ചൂടാക്കുക. ഈ ലായനി തിളച്ചതിനുശേഷം തീ ഓഫാക്കി വെള്ളനിറത്തിലുള്ള സോക്‌സുകളും അടിവസ്ത്രങ്ങളുമെല്ലാം മുക്കിവെയ്ക്കണം. രാത്രി മുഴുവന്‍ ഈ തുണികള്‍ ലായനിയില്‍ കുതിര്‍ത്തുവെച്ചശേഷം പിറ്റേദിവസം സാധാരണരീതിയില്‍ കഴുകിയെടുക്കണം. മുഷിഞ്ഞതും നിറം മങ്ങിയതുമായ തുണികളെ വെളുപ്പിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി.
  • അഴുക്ക് നീക്കുന്നതിനൊപ്പം ഒരു നാച്ചുറല്‍ ഫാബ്രിക് സോഫ്റ്റ്‌നറായും വിനാഗിരി പ്രവര്‍ത്തിക്കുന്നുണ്ട്. തുണികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഡിറ്റര്‍ജന്റുകളുടെ അവശിഷ്ടം നീക്കം ചെയ്യുന്നതുവഴി അലക്കിയതിനുശേഷം അനുഭവപ്പെടുന്ന പോറലും  ചൊറിച്ചിലും ഇല്ലാതാക്കുന്നു. ചുരുക്കത്തില്‍, തുണി അലക്കിയശേഷം ഒരു കൊമേഴ്ഷ്യല്‍ ഫാബ്രിക് സോഫ്റ്റ്‌നറിനു പകരമായി അരക്കപ്പ് വിനാഗിരി ചേര്‍ക്കുന്നത് നല്ലതാണ്.
  • നമ്മുടെ തുണികളില്‍ അഴുക്ക് മാത്രമല്ല വസ്ത്രങ്ങളിലെ ചെറുനാരുകളും വളര്‍ത്തുമൃഗങ്ങളുടെ രോമവുമെല്ലാം പറ്റിപ്പിടിച്ചിരിപ്പുണ്ടാവും. ഇതിനെ നീക്കം ചെയ്യാന്‍ സാധാരണ ഡിറ്റര്‍ജന്റുകള്‍ക്കാവില്ല. അതിനാല്‍ അലക്കാന്‍ തുടങ്ങുന്നതിന് മുമ്പ് അരക്കപ്പ് ഡിസ്റ്റില്‍ഡ് വൈറ്റ് വിനാഗിരി കൂടി ചേര്‍ക്കുക. കൊമേഴ്ഷ്യല്‍ ഫാബ്രിക് സോഫ്റ്റ്‌നറിനൊപ്പം ഇത് മിക്‌സ് ചെയ്യരുത്.
  • വിയര്‍പ്പുമൂലം തുണികളിലെ കക്ഷത്തിന്റെ ഭാഗത്തുണ്ടാകുന്ന കറയും ദുര്‍ഗന്ധവും നീക്കം ചെയ്യാനും വിനാഗിരി ഉപയോഗിക്കാം. ഒരു സ്‌പ്രേ ബോട്ടില്‍ നിറയെ ഡൈല്യൂട്ട് ചെയ്യാത്ത ഡിസ്റ്റില്‍ഡ് വൈറ്റ് വിനാഗിരി നിറച്ചശേഷം അലക്കുന്നതിന് പത്ത് മിനിട്ടുമുമ്പ് ഇത് കറയുള്ള ഭാഗത്ത് തളിച്ചുകൊടുക്കണം. 10 മിനിട്ടിനുശേഷം സാധാരണപോലെ അലക്കാവുന്നതാണ്. ഡിയോഡ്രന്റുകള്‍ മൂലമുണ്ടാകുന്ന മഞ്ഞ കറ നീക്കം ചെയ്യാനും ഇതിലൂടെ കഴിയും.
  • ഇളം നിറമുള്ള വസ്ത്രങ്ങളുടെ മാത്രമല്ല, ഇരുണ്ട നിറമുള്ള വസ്ത്രങ്ങളുടെ ഫ്രഷ്‌നസ് നഷ്ടപ്പെടാതിരിക്കാനും വിനാഗിരി ഉപയോഗിക്കാം. ഈ തുണികളിലെ സോപ്പും ഡിറ്റര്‍ജന്റിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്തുകൊണ്ട് അവയുടെ നിറം മങ്ങാതെ കാക്കുന്നു.
  • തുണി മാത്രമല്ല വാഷിങ് മെഷീന്‍ വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാവുന്നതാണ്. തുടര്‍ച്ചയായ കഴുകല്‍ മൂലം നമ്മുടെ വാഷിങ് മെഷീന്റെ ഹോസുകളിലെല്ലാം സോപ്പിന്റെ അവശിഷ്ടങ്ങളും മിനറല്‍ ഡിപ്പോസിറ്റുകളും കെട്ടിക്കിടക്കുന്നുണ്ടാവും. ഇവ നീക്കം ചെയ്യാനായി മെഷീനുള്ളില്‍ തുണികളൊന്നുമിടാതെ ചൂടുവെള്ളത്തില്‍ രണ്ട് കപ്പ് ഡിസ്റ്റില്‍ഡ് വൈറ്റ് വിനാഗിരിയൊഴിച്ച് ഒരു വാഷ് സൈക്കിള്‍ ചെയ്യണം. വര്‍ഷത്തില്‍ നാല് തവണയെങ്കിലും വാഷിങ് മെഷീന്റെ ഹോസുകള്‍ ഇത്തരത്തില്‍ വൃത്തിയാക്കണം. നിങ്ങളുടെ വാഷിങ് മെഷീനില്‍ ഫാബ്രിക് സോഫ്റ്റ്‌നര്‍ ഡിസ്‌പെന്‍സറുകളുണ്ടെങ്കില്‍ വിനാഗിരി ഇതിലേക്ക് ഒഴിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി അത് സോപ്പിന്റെ അവശിഷ്ടങ്ങളെ അലിയിച്ചുകളയും.

തുണി അലക്കുമ്പോള്‍ വിനാഗിരി ഉപയോഗിക്കാന്‍ പാടില്ലാത്തത് എപ്പോഴൊക്കെ?

  1. ക്ലോറിന്‍ ബ്ലീച്ചിനൊപ്പം വിനാഗിരി ഉപയോഗിക്കുന്നത് വിഷാംശമുള്ള ക്ലോറിന്‍ ഗ്യാസിന്റെ ഉത്പാദനത്തിന് കാരണമാകും. അതുകൊണ്ട് വസ്ത്രങ്ങള്‍ ക്ലോറിന്‍ ബ്ലീച്ച് ചെയ്യുമ്പോള്‍ അതിനൊപ്പം വിനാഗിരി ചേര്‍ക്കരുത്.
  2. തുണിയിലെ കറ കളയാനായി പൊതുവേ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കാറുണ്ട്. എന്നാലിതിനൊപ്പം വിനാഗിരി കൂടി ചേര്‍ക്കുമ്പോള്‍ വസ്ത്രങ്ങളെ ദ്രവിപ്പിക്കുന്ന പെറാസെറ്റിക് ആസിഡ് രൂപപ്പെടുകയും അത് നമ്മുടെ വസ്ത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്യും. അതിനാല്‍ ഇവ രണ്ടും ഒരിക്കലും ഒന്നിച്ചുപയോഗിക്കരുത്.
  3. ടൈലുകളും മറ്റും വൃത്തിയാക്കാനുപയോഗിക്കുന്ന ക്ലീനിങ് വിനാഗിരിയില്‍ ആസിഡിന്റെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ ഇത് ഒരിക്കലും വൈറ്റ് വിനാഗിരിയ്ക്ക് പകരമായി ഉപയോഗിക്കരുത്. ഇരുണ്ട നിറമുള്ള വസ്ത്രങ്ങളില്‍ ബ്ലീച്ചിങ്ങുണ്ടാകാന്‍ ഇത് കാരണമാകും
  4. സ്‌പോര്‍ട്‌സ് വസ്ത്രങ്ങളില്‍ വിയര്‍പ്പ് മൂലമുണ്ടാകുന്ന ദുര്‍ഗന്ധമാകറ്റാന്‍ വിനാഗിരിക്ക് കഴിയുമെങ്കിലും തുടര്‍ച്ചയായി വിനാഗിരി ഉപയോഗിക്കുന്നത് അത്‌ലറ്റിക് വസ്ത്രങ്ങളിലെ ഇലാസ്റ്റിക് ഫൈബറുകളെ നശിപ്പിച്ചുകളയും. 
  5. വെള്ളത്തില്‍ ലയിപ്പിക്കാതെ യാതൊരു കാരണവശാലും വിനാഗിരി നേരിട്ട് വസ്ത്രങ്ങളിലേക്ക് ഒഴിക്കരുത്. ഇരുണ്ട വസ്ത്രങ്ങള്‍ അബദ്ധവശാല്‍ ബ്ലീച്ച് ചെയ്യപ്പെടുന്നതിനാലാണിത്.