യൂറോപ്പ്യന്‍ യൂണിയനിലെ സമ്പന്നരാജ്യമാണ് ലക്‌സംബര്‍ഗ്. എന്നാല്‍ അത്ര ശുഭകരമല്ലാത്ത വാര്‍ത്തയാണ് അവിടെ നിന്നെത്തുന്നത്. രാജ്യത്ത് വീട് സ്വന്തമായി വാങ്ങാനും വാടകയ്‌ക്കെടുക്കാനുമൊക്കെ വന്‍തുകയാണ് പലരും ഈടാക്കുന്നത്. വില താങ്ങാന്‍ കഴിയാത്തതുമൂലം പലരും വീട് വാങ്ങണമെന്ന ആഗ്രഹം ഉപേക്ഷിച്ചുതുടങ്ങി കഴിഞ്ഞു. ഒരൊറ്റ വരുമാന മാര്‍ഗം ഉപയോഗിച്ച് വാടകയ്ക്ക് പോലും വീട് കിട്ടാത്ത കഥയാണ് പലർക്കും പറയാനുള്ളത്.

To advertise here,

ചുരുക്കം ചിലര്‍ വീട് വാങ്ങണമെന്ന ആഗ്രഹം പൂര്‍ണമായും ഉപേക്ഷിച്ചപ്പോള്‍ മറ്റുചിലരാകട്ടെ വീട് വാങ്ങുന്നതിനും മറ്റുമായി അതിര്‍ത്തി കടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി പോലുള്ള ഇടങ്ങള്‍ക്കാണ് ആളുകള്‍ കൂടുതലായും പ്രാധാന്യം നല്‍കുന്നത്. 

ലക്‌സംബര്‍ഗിന്റെ തലസ്ഥാന നഗരത്തില്‍ പുതിയ ഫ്‌ളാറ്റുകള്‍ക്ക് സ്‌ക്വയര്‍ മീറ്ററിന് 13,000 യൂറോ (11 ലക്ഷം) രൂപയാണ് ഈടാക്കുന്നത്. പഴയ ഫ്‌ളാറ്റുകളുടെ വില നിലവാരം സ്‌ക്വയര്‍ മീറ്ററിന് 10,700 യൂറോയാണ് (എട്ടുലക്ഷത്തിനും മുകളില്‍) ഈടാക്കുന്നത്. ഒരു വീടിന്റെ മാത്രം ശരാശരി വില്‍പ്പന തുക 1.5 മില്ല്യണ്‍ യൂറോ (13.17 കോടി) ആണ്. ജൂണ്‍ 2022-നും ജൂണ്‍ 2023-നുമിടയില്‍ വാടക തുകയില്‍ മാത്രം 6.7 % വര്‍ധനവ് രേഖപ്പെടുത്തി. 

2021-ലെ കണക്കുകള്‍ പ്രകാരം ലക്‌സംബര്‍ഗിലെ ജനസംഖ്യ 6.4 ലക്ഷമാണ്. രാജ്യത്ത് താമസിക്കുന്നവരില്‍ പകുതിയോളം പേര്‍ രാജ്യത്തെ പൗരന്മാരല്ല. ലക്‌സംബര്‍ഗ് സ്വദേശികളായവര്‍ വാങ്ങുന്ന വീടുകളുടെ തോത് 80 ശതമാനമാണെങ്കില്‍ വിദേശികളുടേത് ഇത് 50 ശതമാനത്തോളമാണ്. വളരെ പ്രകടമായ വ്യത്യാസം ഈ നിരക്കുകളില്‍ കാണാന്‍ കഴിയും. 

മിനിമം വേതനം ഉറപ്പാക്കിയിട്ടുള്ള രാജ്യം കൂടിയാണ് ലക്‌സംബര്‍ഗ്. മാസം 2,571 യൂറോ (2.25 ലക്ഷം) ആണ് മിനിമം വേതനം.