ഒരു നിമിഷം കണ്ണുകളടക്കൂ… നിങ്ങൾ ജനിച്ചുവളർന്ന വീട് ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കൂ.

To advertise here,

ആ വീടിന്റെ പ്ലാൻ ഓർമ്മയിലുണ്ടോ...? ബെഡ്റൂമിന്റെ അളവോ, ഹാളിന്റെ വിസ്തീർണമോ, ജനാലകളുടെ എണ്ണമോ, എത്ര ലൈറ്റുകളും ഫാനുകളും ഉണ്ടായിരുന്നുവെന്നതോ നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നുണ്ടോ...? സാധ്യത കുറവാണ്.

പക്ഷേ...

ആദ്യമായി സൈക്കിൾ ഓടിച്ച മുറ്റം... മഴ നോക്കിയിരുന്ന ജനൽപ്പടി... വൈകുന്നേരങ്ങളിൽ എല്ലാവരും കൂടിയിരുന്നു സൊറ പറഞ്ഞിരുന്ന ഡൈനിങ്... മുത്തശ്ശൻ പതിവായി ഇരുന്നിരുന്ന വരാന്ത... ഇതൊക്കെ ഇന്നും തെളിമയോടെ ഓർമ്മയിലേക്ക് വരുന്നുണ്ടാകാം.

എനിക്ക് ഓർമ്മ വരുന്നത് ഞങ്ങളുടെ പഴയ വീട്ടിലെ സിറ്റൗട്ടാണ്. മഴ പെയ്യുമ്പോൾ കയ്യിലൊരു കപ്പ് കോഫിയുമായി അവിടെയിരുന്നു മഴ കാണുന്നത് ഒരു ചെറിയ ആഘോഷം പോലെയായിരുന്നു. നനഞ്ഞ മണ്ണിന്റെ മണവും, ചൂട് കോഫിയും... ഇന്ന് ആ സിറ്റൗട്ട് ഇല്ല. പക്ഷേ, വീട് എന്നോർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് അതാണ്.

എന്തുകൊണ്ടാണ് അങ്ങനെ?

ഈ ചോദ്യം പലപ്പോഴും ഒരു ആർക്കിടെക്റ്റ് എന്ന നിലയിൽ എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ചെയ്ത വീടുകൾ ഹാൻഡ് ഓവർ ചെയ്തു കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുശേഷം ഞാൻ വീണ്ടും ആ വീട്ടുകാരെ കാണാറുണ്ട്.

'വീടെങ്ങനെയുണ്ട്?' എന്ന എന്റെ ചോദ്യത്തിന് 'ലിവിങ് റൂം നന്നായിട്ടുണ്ട്' അല്ലെങ്കിൽ 'ടൈൽസ് ഭംഗിയുണ്ട്' എന്നുള്ള ഉത്തരം അപൂർവമായേ ലഭിക്കാറുള്ളു.
'ആ ജനലിലൂടെ നല്ല കാറ്റാണ്...'

'നടുമുറ്റത്ത് ഇരുന്നു മഴ കാണാൻ നല്ല രസമാണ്...'

'എനിക്ക് കസേരയിലിരിക്കുന്നതിനേക്കാൾ അവിടെ നിലത്തിരിക്കുന്നതാണ് ഇഷ്ടം...'

'ആ ചുമരിൽ വൈകുന്നേരം വെളിച്ചം മാറിക്കൊണ്ടേയിരിക്കും...'

അവർ പറയുന്നത് വീടിനെക്കുറിച്ചല്ല. ആ വീട്ടിൽ ജീവിക്കുന്ന അനുഭവത്തെക്കുറിച്ചാണ്.

കുറച്ചു ദിവസം മുമ്പ് പുതുതായി നിർമിച്ച ഒരു വീട്ടിൽ പോകാൻ ഇടയായി. വീട് മനോഹരമായിരുന്നു. വിശാലമായ ലിവിങ്, ഭംഗിയുള്ള ബെഡ്റൂമുകൾ, എല്ലാ സൗകര്യങ്ങളും ഉണ്ട്.. എന്നാൽ അവിടെ ചിലവഴിച്ച സമയത്ത് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. ആ വീട്ടിലുള്ള എല്ലാവരും വീണ്ടും വീണ്ടും ഒരു ചെറിയ കോണിലേക്കാണ് എത്തുന്നത്. 'ഇതാണ് ഞങ്ങളുടെ ഫാമിലി കോർണർ,' അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവിടെ നിന്നിറങ്ങിയപ്പോൾ ഒരു കാര്യം മനസ്സിലേക്ക് വന്നു. ഒരുപക്ഷേ വീടുകൾ ഓർമ്മയുടെ ഭാഗമാകുന്നത് അവയിൽ ആളുകൾ ജീവിക്കുന്നതുകൊണ്ടല്ല.. ആ ജീവിതത്തിലെ കൂടുതൽ സമയം ഒരേ ഇടത്ത് ചെലവഴിക്കുന്നതുകൊണ്ടാണ്.

അത് ചെന്നെത്തിച്ചത് മറ്റൊരു ചോദ്യത്തിലാണ്. ഈ വീട്ടിൽ ആ ഇടം ഏതായിരിക്കും. വീട്ടുകാർ ജീവിതത്തിലെ ഭൂരിഭാഗവും ചിലവഴിക്കാൻ പോകുന്ന ആ ഇടം. പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം അവരുടെ പ്രിയപ്പെട്ട ഓർമ്മകളുടെ ഭാഗമാകാൻ പോകുന്ന ആ ഇടം...?

ഒരു വീട് ഡിസൈൻ ചെയ്യുമ്പോൾ നമ്മൾ മണിക്കൂറുകളോളം പ്ലാനിനെക്കുറിച്ച് സംസാരിക്കും. എത്ര ബെഡ്റൂം വേണം...

അടുക്കള എവിടെ വേണം... ബജറ്റ് എത്ര… എന്നാൽ ഓരോ പുതിയ വീടിന്റെയും തുടക്കം പ്ലാനിലല്ല. അതിന് പുറത്തുള്ള സംഭാഷണത്തിലാണ്. ''മഴപെയ്യാൻ തുടങ്ങുമ്പോൾ ആദ്യം ഞാൻ ജനലിന് അടുത്തേക്ക് ഓടിപ്പോകും''.. കുട്ടിക്കാലത്ത് കിച്ചണിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്.

സംഭാഷണത്തിനിടയിൽ എത്തിച്ചേരുന്ന ഇത്തരം മറുപടികളിൽ നിന്നാണ് ഒരു വീടിന്റെ പ്ലാൻ രൂപം കൊള്ളുന്നത്.

കാരണം ഒരു വീടിന്റെ ഹൃദയമായി മാറുന്ന ഇടങ്ങൾ വരകളിൽ തീരുമാനിക്കപ്പെടുന്നവയല്ല. ജീവിതം അവിടേക്ക് വീണ്ടും വീണ്ടും മടങ്ങിയെത്തുമ്പോഴാണ് അവ ഓർമ്മകളുടെ ഭാഗമാകുന്നത്. ഒരു വീടിന്റെ പ്ലാൻ ഡിസൈൻ ചെയ്യാം. പക്ഷേ, ഒരു വീടിന്റെ ഓർമ്മ ഡിസൈൻ ചെയ്യാൻ കഴിയില്ല.

അതിന് കഴിയുന്നത് ആ വീട്ടിൽ ജീവിക്കുന്ന മനുഷ്യർക്കാണ്.

ഒരു ആർക്കിടെക്ടിന് കഴിയുന്നത്... ആ ഓർമ്മകൾക്ക് ഇടമൊരുക്കുക മാത്രമാണ്. ഒരു വീട് പണിയാൻ തുടങ്ങുമ്പോൾ നമ്മൾ സാധാരണ ചോദിക്കുന്നത്, 'എത്ര ബെഡ്റൂം വേണം?' എന്നാണ്. ഒരിക്കലെങ്കിലും മറ്റൊരു ചോദ്യം ചോദിച്ചു നോക്കുക,

'ഈ വീട്ടിൽ നിന്ന് വർഷങ്ങൾക്കിപ്പുറം നമ്മൾ എന്താണ് ഓർക്കാൻ ആഗ്രഹിക്കുന്നത്?'

കാരണം... വർഷങ്ങൾക്കിപ്പുറം ഒരുദിവസം വീണ്ടും കണ്ണുകളടയ്ക്കുമ്പോൾ... ഒരുപക്ഷേ നമ്മൾ ഓർക്കുക ആ വീടിന്റെ പ്ലാനായിരിക്കില്ല.

മഴ നോക്കിയിരുന്ന ആ ജനലായിരിക്കാം. ചൂട് കോഫിയുടെ മണമായിരിക്കാം. മുത്തശ്ശൻ പതിവായി ഇരുന്നിരുന്ന ആ വരാന്തയായിരിക്കാം. അല്ലെങ്കിൽ... ആ വീട്ടിൽ നമ്മൾ ജീവിച്ച ജീവിതമായിരിക്കാം.