മുംബൈ നഗരത്തിന്റെ തന്നെ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ് കിംഗ് ഖാന്റെ ബാന്ദ്രയിലെ വീട്. ബാന്ദ്ര വെസ്റ്റിലെ ബാന്‍ഡ്സ്റ്റാന്‍ഡിലാണ് ഷാരൂഖ് ഖാന്റെ 'മന്നത്ത്'വീട് സ്ഥിതി ചെയ്യുന്നത്. ലോകമെങ്ങുമുള്ള ബോളിവുഡ് ആരാധകര്‍ ദിവസവും ഷാരൂഖിനെ കാണാനും അദ്ദേഹത്തിന്റെ വീടിന്റെ പുറത്തുനിന്ന് ഒരു ചിത്രമെടുക്കാനുമൊക്കെയായി ഇവിടെ എത്താറുണ്ട്.

To advertise here,

6000 കോടിക്ക് അടുത്ത് ആസ്തിയുള്ള നടനാണ് ഷാരൂഖ് ഖാന്‍. 2011-ലാണ് വില്ല വിയന്ന എന്നറിയപ്പെട്ടിരുന്ന ആറുനിലവീട് ഷാരൂഖ് സ്വന്തമാക്കുന്നത്. 26,328 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന് 13 കോടിയാണ് അന്ന് ഷാരൂഖ് നല്‍കിയത്. 'മന്നത്ത്' എന്ന് വീടിന് പുനര്‍നാമകരണം ചെയ്തതും അദ്ദേഹം തന്നെയാണ്. ഇന്ന് ഈ വീടിന് 200 കോടിയാണ് ഏകദേശ വില!

പ്രമുഖ നിര്‍മാതാവും ഇന്റീരിയര്‍ ഡിസൈനറും  ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാനാണ് മന്നത്തിന്റെ അകത്തളങ്ങള്‍ മനോഹരമായി ഡിസൈന്‍ ചെയ്തത്. ഇന്റീരിയര്‍ ഡിസൈനര്‍ എന്ന നിലയിലെ ഗൗരിയുടെ യാത്ര ആരംഭിച്ചത് മന്നത്തില്‍ നിന്നാണെന്ന് ഷാരൂഖ് പറഞ്ഞിട്ടുണ്ട്. വീടിന്റെ നെയിംപ്ലേറ്റ് തന്നെ പ്രധാന ആകര്‍ഷണകേന്ദ്രമാണ്. നെയിംപ്ലേറ്റിന്റെ അരികില്‍ നില്‍ക്കുന്ന ഫോട്ടോ ഗൗരി ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. വീടിന്റെ പ്രധാന വാതിലാണ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുള്ള പ്രവേശന പോയിന്റ്. അതിനാല്‍ പോസിറ്റീവ് എനര്‍ജി പകരുന്നതായിരിക്കണം നെയിം പ്ലേറ്റുകള്‍. ഇത്തരത്തില്‍ പോസിറ്റീവും ശാന്തവുമായ വൈബ് പ്രദാനം ചെയ്യുന്ന ഗ്ലാസ് ക്രിസ്റ്റലുകള്‍ കൊണ്ടുള്ള മെറ്റീരിയലാണ് തങ്ങള്‍ നെയിം പ്ലേറ്റിനായി തിരഞ്ഞെടുത്തത് എന്നാണ് ഗൗരി ഖാന്‍ പറഞ്ഞത്. എന്നാല്‍ താരങ്ങളുടെ ആരാധകര്‍ ഇതിനെ ഡയമണ്ട് നെയിം പ്ലേറ്റ് എന്നാണ് വിളിക്കുന്നത്. 

നിയോക്ലാസിക്കല്‍ ടച്ചുള്ള ബംഗ്ലാവിന്റെ ഇന്റീരിയര്‍ തികച്ചും ആധുനികവും സ്‌റ്റൈലിഷുമായാണ് ചെയ്തിരിക്കുന്നത്. ലോകത്താകമാനമുള്ള കൗതുകവസ്തുക്കളും കലാവസ്തുക്കളും കൊണ്ട് വീടിനകം അലങ്കരിച്ചിരിക്കുകയാണ്. വലിയ വൈറ്റ് പില്ലറുകളും, ഫ്രഞ്ച് ടൈപ്പ് ജനാലകളും, മികച്ച ഡിസൈനിങ് ലൈറ്റുകളും മന്നത്ത് വീടിന്റെ സവിശേഷതയാണ്. ബെയ്ജ്, ക്രീം, വെള്ള, തവിട്ട് മുതലായ ഇളംനിറങ്ങളാണ് ഉള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്.  ബംഗ്ലാവിന്റെ പുറംവശത്ത് വെള്ള പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത്. തടികൊണ്ടുള്ള ഫ്‌ളോറിങും ബെയ്ജ് ചുവരുകളും ലെതര്‍ ഫര്‍ണിച്ചറുകളുമെല്ലാം ഉപയോഗിച്ച് വീട് വിപുലമായി അലങ്കരിച്ചിട്ടുണ്ട്. 

ആറുനിലകളുള്ള ഈ വീടിനെ ബന്ധിച്ചിരിക്കുന്നത് എലിവേറ്ററുകളാലാണ്. എംഎഫ് ഹുസൈന്റെ പെയിന്റിങുകളും പുരാതനവസ്തുക്കളും മറ്റുകലാസൃഷ്ടികളും കൊണ്ട് അലങ്കരിച്ച രണ്ട് സ്വീകരണമുറികളാണ് ഈ വീടിനുള്ളിലുള്ളത്. കുട്ടികള്‍ക്കായുള്ള പ്ലേ റൂം, ലൈബ്രറി, സ്വകാര്യ ബാര്‍, സ്വകാര്യ തിയേറ്റര്‍ എന്നിവയും ഇതിനുള്ളിലുണ്ട്. ഷോലെ, രാം ഔര്‍ ശ്യാം തുടങ്ങിയ പഴയകാലസിനിമകളുടെ പോസ്റ്ററുകള്‍ പതിപ്പിച്ച മഹാഗണിയുടെ വെല്‍വെറ്റ് റെഡ് നിറത്തിലെ ഭിത്തിയാണ് തിയേറ്ററിനുള്ളത്. മാത്രമല്ല, മറ്റ് തീയേറ്ററുകള്‍ പോലെ ബര്‍ഗണ്ടി നിറത്തിലെ ലെതര്‍ റീക്ലൈനറുകളും ഇതിനുള്ളിലുണ്ട്.

മഴക്കാലത്ത് പ്ലാസ്റ്റിക് ഷീറ്റില്‍ വീടിന്റെ പുറംഭാഗങ്ങള്‍ പൊതിഞ്ഞുവെച്ചിരിക്കുന്നത് വൈറലായിരുന്നു. ഇത് എല്ലാ വര്‍ഷവും ചെയ്യുന്നതാണ്. മന്നത്ത് വീട്ടില്‍ ഒന്നിലധികം സിറ്റിങ് ഏരിയയുണ്ട്. ഫാമിലി റൂമിലെ മേശയ്ക്കു ചുറ്റുമാണ് ഷൂട്ടിങ്ങില്ലാത്തപ്പോള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത്. ഹാര്‍ഡ്‌വുഡിന്റെ കസേര നിരത്തിയ 12 സീറ്റുകളുള്ള മേശ, ഡൈനിങ് റൂമിന് ചാരുത നല്‍കുന്നുണ്ട്. ഒന്നിലധികം അടുക്കളകളും എസ്ആര്‍കെ വീടിനുണ്ട്. തനിക്ക് ലഭിച്ച എല്ലാ അവാര്‍ഡുകളും സൂക്ഷിച്ചുവെച്ചിരിക്കുന്നത് ഷാരൂഖിന്റെ പഠനമുറിയിലാണ്. 

മന്നത്തിന്റെ മട്ടുപ്പാവില്‍ വെളുത്ത ബൊഗെയ്ന്‍വില്ല പൂക്കളും അതിശയകരമായ ഫര്‍ണിച്ചറും കൊണ്ട് അലങ്കരിച്ചിരിച്ചിട്ടുണ്ട്. തിളക്കമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് മാര്‍ബിള്‍ ഫ്‌ളോറിങ് ചെയ്തിട്ടുള്ളതാണ് വീട്ടിലെ ബാത്ത്‌റൂമുകള്‍. തടികൊണ്ടുള്ള് സ്‌റ്റെയര്‍കേസാണ് നല്‍കിയിരിക്കുന്നത്. 2023 നവംബര്‍ 2 ന് ഷാരൂഖ് തന്റെ 58-ാമത് ജന്മദിനം ആഘോഷിച്ചിരുന്നു. അദ്ദേഹത്തിന് ആരാധകരെ കാണാനും ആഘോഷവേളകളില്‍ അവര്‍ക്ക് ആശംസകള്‍ നേരാനുമായി വീടിന്റെ ടെറസില്‍ ഒരു ചെറിയ എന്‍ക്ലോഷ്വറും നല്‍കിയിട്ടുണ്ട്.