ചുരുങ്ങിയ ചിത്രങ്ങളിലൂടെതന്നെ പ്രേക്ഷകപ്രീതി നേടിയിട്ടുള്ള ബോളിവുഡ് താരമാണ് അനന്യ പാണ്ഡെ. ഇപ്പോഴിതാ മുംബൈയിലെ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അനന്യ. ബിടൗൺ താരങ്ങളിൽ പലരുടേയും വീടിന് ഇന്റീരിയറൊരുക്കിയ ​ഗൗരി ഖാൻ തന്നെയാണ് അനന്യയുടെ വീടും ഇന്റീരിയർ ഡിസൈൻ ചെയ്തത്. 

To advertise here,

കഴിഞ്ഞവർഷം നവംബറിലാണ് അനന്യ മുംബൈയിൽ വീട് സ്വന്തമാക്കിയത് നേരത്തേ മാതാപിതാക്കളായ ചങ്കി പാണ്ഡേക്കും ഭാവനാ പാണ്ഡേക്കും സഹോദരി റൈസാ പാണ്ഡേക്കുമൊപ്പമായിരുന്നു അനന്യ താമസിച്ചിരുന്നത്. മാതാപിതാക്കൾക്കൊപ്പം നിൽക്കുന്ന സമയത്തുതന്നെ പുതിയൊരു വീട് സ്വന്തമാക്കിയാൽ അതൊരുക്കേണ്ടത് എപ്രകാരമാണെന്ന് ചിന്തിച്ചിരുന്നുവെന്ന് അനന്യ പറയുന്നു. ഒറ്റയ്ക്ക് കഴിയുമ്പോൾ ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യണം എന്നൊക്കെ ചിന്തിച്ചിരുന്നു. അതു വളരെ നിസ്സാരമായി തോന്നിയാലും പാത്രങ്ങൾ പോലും വാങ്ങുന്നതിലും ആളുകളെ സ്വീകരിക്കുന്നതിലുമൊക്കെ തന്റേതായ രീതിവേണമെന്നുണ്ടായിരുന്നു. 

ആർക്കിടെക്ചറൽ ഡൈജസറ്റിനു നൽകിയ അഭിമുഖത്തിലാണ് അനന്യ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവെച്ചത്. വിശാലമായ ലിവിങ് റൂമാണ് വീട്ടിലെ പ്രധാന ആകർഷണം. ഊൺമേശ, കോഫീ ടേബിൾ തുടങ്ങിയവ ലിവിങ് റൂമിലാണ് ഒരുക്കിയിരിക്കുന്നത്. ടി.വി. കാണുന്നതിനായി പ്രത്യേകം മറ്റൊരിടവും ഇവിടെയുണ്ട്. ഒരുവശത്ത് വലിയ ​ഗ്ലാസ് വിൻഡോയാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് വീടിനകത്തേക്ക് പരമാവധി വെളിച്ചം നൽകുന്നു. ബാൽക്കണിയിലേക്കുള്ള വഴിയും ഇവിടെയാണുള്ളത്. 

ലിവിങ് റൂം, ഡൈനിങ് റൂം, ടി.വി. റൂം എന്നിവ ഓപ്പൺശൈലിയിൽ ഒരുമിച്ചാണ് ഇവിടെ നൽകിയിരിക്കുന്നത്. ഓഫ് വൈറ്റ്, ബീജ് നിറങ്ങളിലാണ് വീടൊരുക്കിയിരിക്കുന്നത്. ലിവിങ് റൂമിൽ നീളത്തിലുള്ള കൗച്ച് ഇട്ടിരിക്കുന്നയിടമാണ് വീട്ടിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഭാ​ഗമെന്നും അനന്യ പറയുന്നു. വേണമെങ്കിൽ 12 മണിക്കൂർ വരെ തനിക്ക് സമയംപോകുന്നതറിയാതെ കൗച്ചിലിരിക്കാൻ കഴിയുമെന്നും അനന്യ പറയുന്നു. ലിവിങ് റൂമിൽ  എഴുത്തോടുകൂടിയ വാൾപേപ്പറും പ്രധാനആകർഷണമാണ്.

ടി.വി.യൂണിറ്റിനു കീഴെയാണ് പുസ്തകങ്ങൾക്കുള്ള ഷെൽഫ് നൽകിയിരിക്കുന്നത്. വായന ഇഷ്ടമുള്ള തനിക്ക് പുസ്തകശേഖരണവും ഏറെ പ്രിയമാണെന്ന് അനന്യ പറയുന്നു. വസ്ത്രങ്ങളും ബാ​ഗുകളും ചെരിപ്പുകളുമൊക്കെ സൂക്ഷിക്കാൻ വിശാലമായ മറ്റൊരു മുറിയും വീട്ടിലുണ്ട്.  

വീടിനെ മനോഹരമാക്കിയതിൽ വലിയൊരു പങ്ക് ​ഗൗരി ഖാനുണ്ടെന്നും അനന്യ പറയുന്നു. ​ഗൗരി ഖാൻ തനിക്ക് കുടുംബാംഗത്തെപ്പോലെയാണ്. തന്റെ ആദ്യത്തെ വീടുതന്നെ ​ഗൗരി ഖാൻ ഡിസൈൻ ചെയ്യുന്നു എന്നത് ഏറ്റവും സ്പെഷലായ കാര്യമാണ്.  മറ്റാരേക്കാളും ഭംഗിയായി ഗൗരി തന്റെ ഇഷ്ടങ്ങളെ മനസ്സിലാക്കി. വളരെ സവിശേഷമായ രീതിയിലാണ് ഗൗരി ഖാൻ തനിക്കുവേണ്ടി ഈ വീട് ഡിസൈൻ ചെയ്തുതന്നതെന്നും അവരോട് തനിക്ക് അതിയായ സ്‌നേഹമുണ്ടെന്നും അനന്യ മുമ്പ് പറഞ്ഞിട്ടുണ്ട്. 

2019-ൽ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെയായിരുന്നു അനന്യയുടെ ബോളിവുഡ് അരങ്ങേറ്റം. മികച്ച പുതുമുഖ നായികയ്ക്കുള്ള ഫിലിംഫെയർ അവാർഡും താരം സ്വന്തമാക്കി. 2023-ൽ പുറത്തിറങ്ങിയ ഡ്രീം ഗേൾ 2 എന്ന ചിത്രം വൻ വിജയം നേടിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ 25 മില്ല്യൺ ഫോളോവേഴ്‌സാണ് അനന്യയ്ക്കുള്ളത്.