അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസില്‍ ഒരു ദിവസമെങ്കിലും താമസിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഈ ആഗ്രഹം ഒരിക്കലും നടക്കാത്ത കാര്യമാണ്. പക്ഷേ അതിനൊരു എളുപ്പവഴിയുണ്ട്. 'വൈറ്റ് ഹൗസി'നെ പോലൊരു ഹൗസ് സ്വന്തമായി അങ്ങ് വാങ്ങിയാല്‍മതി.

To advertise here,

കാലിഫോര്‍ണിയയിലെ ഹില്‍സ്ബറോയിലാണ് യഥാര്‍ഥ വൈറ്റ് ഹൗസിന്റെ അതേ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന ഡൂപ്ലിക്കേറ്റ് വൈറ്റ് ഹൗസുള്ളത്. 'വെസ്റ്റേണ്‍ വൈറ്റ് ഹൗസ്' എന്നറിയപ്പെടുന്ന ഈ വസതി ഇപ്പോള്‍ വിപണിയില്‍ വില്‍പനയ്ക്കായി തയ്യാറായി നില്‍ക്കുകയാണ്. നിലവില്‍ 38.9 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 321 കോടി രൂപ) ഇതിന്റെ വില.

24,350 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വെസ്റ്റേണ്‍ വൈറ്റ് ഹൗസ് ഒരുക്കിയിരിക്കുന്നത്. 11 കിടപ്പുമുറികളും 14 ബാത്‌റൂമുകളും ഈ വീട്ടിലുണ്ട്. മൂന്നേക്കര്‍ എസ്റ്റേറ്റിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. യഥാര്‍ഥ വൈറ്റ് ഹൗസുള്ളത് 18 ഏക്കറിലാണ്. 

വൈറ്റ് ഹൗസിലെ റിസപ്ഷന്‍ റൂമായ ഈസ്റ്റ് റൂമിന്റേും പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ ഭാഗമായ ഓവല്‍ ഓഫീസിന്റേയും മാതൃകയില്‍ രണ്ട് മുറികളും വെസ്റ്റേണ്‍ വൈറ്റ് ഹൗസിലുണ്ട്. ഒപ്പം എട്ട് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന ഗ്യാരേജ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, വൈന്‍ നിലവറ, തിയേറ്റര്‍ റൂം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. വിശാലമായ സണ്‍ ഡെക്കും റോസ് ഗാര്‍ഡനും പവലിയനും ഔട്ട്‌ഡോര്‍ സ്വിമ്മിങ് പൂളും ഈ വീടിന്റെ ഭംഗി കൂട്ടുന്നു. ഇതെല്ലാം കൂടിച്ചേരുമ്പോള്‍ ഒറ്റനോട്ടത്തില്‍ നമ്മള്‍ വൈറ്റ് ഹൗസാണെന്ന് തെറ്റിദ്ധരിച്ചുപോകും.

റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകരായ മെര്‍ഡാഡ് എലിയും ഭാര്യയുമാണ് നിലവില്‍ ഈ വീടിന്റെ ഉടമസ്ഥര്‍. 2022 ഒക്ടോബറില്‍ 15 മില്ല്യണ്‍ ഡോളറിനാണ് (ഏകദേശം 123 കോടി രൂപ) ഇവര്‍ ഇത് സ്വന്തമാക്കിയത്. ഇവര്‍ പല മാറ്റങ്ങളും വരുത്തിയാണ് ഇപ്പോള്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. വൈന്‍ നിലവറ, ക്വാര്‍ട്ടേഴ്‌സ് എന്നീ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത മെര്‍ഡാഡ് മേല്‍ക്കൂരയിലും ബാത്ത്‌റൂമിലും നിരവധി മാറ്റങ്ങളും വരുത്തി. 

കാലിഫോര്‍ണിയയിലെ ആദ്യത്തെ വനിതാ ആര്‍ക്കിടെക്ടായിരുന്ന ജൂലിയ മോര്‍ഗനാണ് ഈ വീട് രൂപകല്‍പന ചെയ്തത്. മാധ്യമ ഭീമനായിരുന്ന വില്യം റാന്‍ഡോള്‍ഫ് ഹേസ്റ്റിന്റെ മൂത്ത മകനായ ജോര്‍ജ്ജ് റാന്‍ഡോള്‍ഫ് ഹേസ്റ്റിനു വേണ്ടിയായിരുന്നു ഇത്. 1930-ല്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഒരിക്കല്‍ അമേരിക്കയുടെ പ്രസിഡന്റാകണമെന്ന ജോര്‍ജ്ജ് ഹേസ്റ്റിന്റെ ആഗ്രഹമാണ് ഈ വീടിന് വൈറ്റ് ഹൗസിന്റെ അതേ രൂപം നല്‍കാനുള്ള കാരണം.

നിരവധി തവണ കൈമാറ്റം ചെയ്യപ്പെട്ട ഈ വീടുമായി ബന്ധപ്പെട്ട് നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കൊളോണിയല്‍ വാസ്തുവിദ്യാശൈലിക്ക് കോട്ടം തട്ടാതെയാണ് ഉടമസ്ഥര്‍ മാറ്റങ്ങള്‍ വരുത്തിയത്.