
മുംബൈയിൽ കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ ശ്വാസം മുട്ടി ജീവിച്ച രണ്ടുപേർ, കൃഷ്ണകുമാറും രാധികയും കേരളത്തിൽ ഒരു വീട് സ്വപ്‌നം കാണുന്നു. അതും കായൽക്കരയിൽ ഒരു ചെങ്കൽവീട്. അങ്ങനെ അവർ കോട്ടയം ജില്ലയിലെ ചെമ്പിൽ വേമ്പനാട്ടുകായലിനോട് ചേർന്ന് സ്ഥലം വാങ്ങുന്നു. അങ്ങനെ അവിടെ കേസര എന്ന വീട് ജനിക്കുന്നു.
പ്രകൃതിയിൽ ലയിച്ചുചേർന്നൊരു വീട്
വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പ്രകൃതിയെ ഒട്ടും ബാധിക്കാതെ, അവിടെ സ്വഭാവികമായുള്ള മരങ്ങളെയും ചെടികളെയും നശിപ്പിക്കാതെ ഒരു വീട്. ഏത് ജനലും വാതിലും തുറന്നാലും പ്രകൃതിയെ കാണാൻ കഴിയുന്നൊരു വീട് അതായിരുന്നു കൃഷ്ണകുമാറിന്റെയും രാധികയുടെയും ആവശ്യം.
സിംപിൾ ഡിസൈനിൽ ട്രെഡീഷ്ണൽ ടച്ച്
പരമ്പരാഗത കേരളത്തിന്റെ നിർമ്മാണ ശൈലിയിൽ നിന്ന് നിരവധി കാര്യങ്ങൾ ഉൾക്കൊണ്ടാണ് കേസര നിർമ്മിച്ചത്. ആർക്കിടെക്ട് ജോസഫ് ചാണ്ടിയാണ് വീട് നിർമ്മിച്ചത്.
വളരെ ഉയരത്തിലുള്ള മേൽക്കൂര, മാംഗ്ലൂർ ടൈൽസ്, മരം ഉപയോഗിച്ചുള്ള ഇന്റീരിയർ, നടുമുറ്റം. വീട്ടിലേക്കുള്ള പ്രധാന ആകർഷണം പരമ്പരാഗത കേരള വീടുകളെ ഓർമ്മിപ്പിക്കുന്ന പഠിപ്പുര വാതിലാണ്. ഇത് പൊളിച്ച വീടിന്റെ പഠിപ്പുര അതേ പോലെ പുനരുപയോഗിച്ചതാണ്.
കണ്ണൂരിൽ നിന്നെത്തിയ ചെങ്കല്ല്
മുംബൈയിൽ നിന്ന് കണ്ണൂരിൽ നേരിട്ട് എത്തിയാണ് വീട് വയ്ക്കാനുള്ള ചെങ്കല്ല് കൃഷ്ണകുമാറും രാധികയും തിരഞ്ഞെടുത്തത്. കണ്ണൂരിൽ നിന്ന് ചെങ്കല്ലിൽ വൈദഗ്ദ്ധ്യമുള്ള പണിക്കാരെ ഉപയോഗിച്ചായിരുന്നു വീടിന്റെ നിർമ്മാണം. വീടിന്റെ പുറം ഭാഗത്തെവിടെയും ചെങ്കല്ല് അല്ലാതെ ഒരു തരി സിമന്റ് പോലും കാണില്ല. സിമന്റിന്റെ ഉപയോഗം പരമാവധി കുറച്ച് ചെങ്കല്ലിന് ശ്വസിക്കാൻ സൗകര്യം ഒരുക്കിയതിലൂടെ വീടിനകത്ത് എപ്പോഴും തണുപ്പാണ്.
ചെമ്പിലെ കക്കനീറ്റിയെടുത്ത ചുണ്ണാമ്പ് ചുവരുകൾ
വീടിന്റെ ഇന്റീരിയറിൽ ലൈം പ്ലാസ്റ്ററിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി ചെമ്പിലെ കക്കനീറ്റിയെടുത്ത ചുണ്ണാമ്പ് ആണ് ഉപയോഗിച്ചത്.
താഴിട്ട് പൂട്ടാനാകാത്ത വീട്
പരമ്പരാഗത ശൈലി പിന്തുടർന്നപ്പോഴും ഈ വീട്ടിൽ മണിച്ചിത്രത്താഴിട്ട് പൂട്ടാൻ പാകത്തിൽ ഒരു വാതിൽ ഇല്ല. മെയിൻ എൻട്രൻസ് എന്ന സങ്കൽപ്പവും ഈ വീടിന് ഇല്ല. വീടിന്റെ രണ്ടു വശങ്ങളിലും എൻട്രൻസ് കൊടുത്തിട്ടുണ്ട്. അതും സ്ലൈഡിങ് ഡോറുകൾ ആണ്.
കാറ്റ് വന്ന് കയറി ഇറങ്ങിപ്പോകുന്ന വീട്
വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തും അതുപോലെ തെക്ക് പടിഞ്ഞാറ് ഭാഗത്തുമായി രണ്ട് നീളൻ വരാന്തകൾ കൊടുത്തിട്ടുണ്ട്. ഈ വരാന്തകളിൽ നിന്ന് നേരിട്ട് പ്രവേശിക്കാവുന്ന തരത്തിലാണ് അടുക്കളയും ലിവിങ് ഡൈനിങ്ങ് ഏരിയയും നടുമുറ്റവും എല്ലാം. കാറ്റിന് വന്ന് കയറി ഇറങ്ങിപ്പോകാവുന്ന ഒരു വീട്. വീടിന്റെ ഒരു വശത്ത് ചെറിയൊരു തോടുണ്ട്. ഈ നീരൊഴുക്കിലേക്കുള്ള ദൃശ്യ ഭംഗി തടസപ്പെടുത്താതെയാണ് വീടിന്റെ നിർമ്മാണം.
കാരൈക്കുടിയിൽ നിന്നെത്തിയ തൂണുകൾ
നീളൻ വരാന്തകൾക്ക് മാറ്റുകൂട്ടുന്നത് കാരൈക്കുടിയിൽ നിന്നെത്തിയ നീളൻ തൂണുകൾ ആണ്. മേൽക്കൂരയ്‌ക്കൊപ്പം തൂണുകൾക്ക് പൊക്കം ഇല്ലാതെ വന്നപ്പോൾ ചെറിയൊരു ബേസ്‌മെന്റ് ചെയ്ത ശേഷമാണ് തൂണുകൾ ഫിക്‌സ് ചെയ്തത്. ടൈലുകളും കാരൈക്കുടി ടൈലുകളുടെ അതേ പാറ്റേണിലുള്ള ടൈലുകളാണ് കേസരയിൽ ഉപയോഗിച്ചിരിക്കുന്നത്
മെക്‌സിക്കൻ തീമിൽ ഫസ്റ്റ് ഫ്‌ളോർ
വീടിന്റെ ഫസ്റ്റ് ഫ്ളോർ മെക്‌സിക്കൻ തീമിലാണ് ഡിസൈൻ ചെയ്തത്. വിശാലമായ ഈ സ്‌പേസ് സുഹൃത്തുക്കളോടൊപ്പം ഒത്തുചേരുന്നതിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സ്വർണിമ ജയരാജ് എന്ന ഇന്റീരിയർ ഡിസൈനറാണ് മെക്‌സിക്കൻ തീമൊരുക്കിയത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ആർട്ട് വർക്കുകൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. ഇതിന് പുറമേ കലാകാരൻമാരെ പ്രത്യേകം വരുത്തി ചെയ്ത ചിത്രങ്ങളും ഇന്റീരിയറിനെ കളർ ഫുളാക്കുന്നു.
കിടപ്പുമുറിക്ക് മനോഹാരിത കൂട്ടി ബേ-വിൻഡോകൾ
രണ്ടു കിടപ്പുമുറികളാണ് വീടിന്റെ പ്രധാന ആകർഷണം. രണ്ടിലും മനോഹരമായ ബേ-വിൻഡോകൾ കൊടുത്തിട്ടുണ്ട്. അതും കാവിയിട്ട ബേ വിൻഡോകൾ. ചാരി ഇരുന്നു പുസ്തകം വായിക്കാനും പുറം കാഴ്ചകൾ ആസ്വദിക്കാനും ഈ ബേ വിൻഡോകൾ ബെസ്റ്റാണ്.
വേലിക്കാലും മുളയും ഉപയോഗിച്ച് ചുറ്റുമതിൽ
വീടിന്റെ ചുറ്റുമതിലിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത് വേലിക്കാലുകൾ ആണ്. ഒപ്പം മുളയും. മുൻപ് വെള്ളപ്പൊക്കം ഉണ്ടായ പ്രദേശം ആയതുകൊണ്ടുതന്നെ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഉറപ്പുവരുത്തിയാണ് തറയുടെ നിർമ്മാണം പോലും. വിദേശ ചെടികൾ ഈ വീട്ടിൽ കാണാനാകില്ല, നാട്ടിൻപുറത്തുള്ള ചെടികളാണ് ഈ വീടിന്റെ പൂന്തോട്ടം നിറയെ.
വേനലിലും മഴ പെയ്യുന്ന വീട്.
വേനക്കാലത്ത് എങ്ങനെ മഴ പെയ്യുമെന്നല്ലേ... പ്ലംബിങ്ങിൽ പ്രത്യേക ക്രമീകരണമൊരുക്കി നടുമുറ്റത്ത് മഴപെയ്യാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഈ വീട്ടിൽ വരുന്നവർക്ക് മടങ്ങിപ്പോകാൻ മടിയാണെന്നാണ് കൃഷ്ണകുമാറും രാധികയും പറയുന്നത്. എങ്ങനെ മടങ്ങിപ്പോകും...? വേമ്പനാട്ടുകായലിലെ കാറ്റും ചെങ്കൽ കുളിരും തരുന്ന വീട്ടിൽ ആരുമൊന്നു മയങ്ങിപ്പോകും
Content Highlights: Traditional Kerala architecture using red bricks and lime plastering., Sustainable design focused on natural ventilation and preserving local flora., Unique features include Karaikudi pillars, bay windows, and a central courtyard with artificial rain setup., Mexican-themed first floor designed for social gatherings., Eco-conscious construction avoiding cement on exterior walls to ensure thermal comfort.
Published: 01 Aug 2026, 03:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented